Sorry, you need to enable JavaScript to visit this website.

ബാങ്കിംഗ് സേവനങ്ങൾ നൽകാൻ സൗദിയില്‍13 ഏജൻസികൾക്ക് ലൈസൻസ്‌

റിയാദ് - രാജ്യത്ത് ബാങ്കിംഗ് സേവനങ്ങൾ നൽകാൻ 13 ഏജൻസികൾക്ക് സെൻട്രൽ ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) ലൈസൻസ് അനുവദിച്ചതായി സാമ ഗവർണർ ഡോ. അഹ്മദ് അൽഖുലൈഫി വെളിപ്പെടുത്തി. ഈ ഏജൻസികൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിന് സമീപ കാലത്താണ് ഏജൻസികൾക്ക് ലൈസൻസ് അനുവദിക്കുന്നതിന് തുടങ്ങിയത്. ബാങ്കുകളുമായി സഹകരിച്ച് സേവനങ്ങൾ നൽകുന്ന ബാങ്കിംഗ് ഏജൻസികളുടെ പ്രവർത്തനത്തെ സാമ പ്രോത്സാഹിപ്പിക്കുന്നു. സൗദിയിൽ പുതിയ പ്രാദേശിക ബാങ്കുകൾ സ്ഥാപിക്കുന്നതിനും വിദേശ ബാങ്കുകളുടെ ശാഖകൾ തുറക്കുന്നതിനുമുള്ള ലൈസൻസുകൾക്ക് നാലു അപേക്ഷകൾ സാമക്ക് ലഭിച്ചിട്ടുണ്ട്. ഇവ സാമ പഠിച്ചുവരികയാണ്. 


സൗദിയിലും ആഗോള തലത്തിലും പുതിയ പ്രവർത്തന മേഖലയാണ് ഡിജിറ്റൽ ബാങ്കുകൾ. ഡിജിറ്റൽ ബാങ്കുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കൂടുതൽ പഠനം ആവശ്യമാണ്. സൗദിയിൽ ഡിജിറ്റൽ ബാങ്ക് സ്ഥാപിക്കുന്നതിനുള്ള ലൈസൻസിന് ഒരു അപേക്ഷ സാമക്ക് ലഭിച്ചിട്ടുണ്ട്. ഈ അപേക്ഷ സാമ പഠിച്ചുവരികയാണെന്നും ഡോ. അഹ്മദ് അൽഖുലൈഫി പറഞ്ഞു. 
സൗദിയിൽ ബാങ്കിംഗ് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും സാർവർത്രികമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ബാങ്കിംഗ് സർവീസ് ഏജൻസികൾക്ക് സാമ ലൈസൻസ് നൽകുന്നത്. നിയമാനുസൃതം പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന ഏജൻസികളായി പ്രവർത്തിക്കുന്നതിന് ലൈസൻസ് അനുവദിക്കുകയാണ് ചെയ്യുന്നത്. രാജ്യത്തെ ബാങ്കുകൾക്ക് കീഴിലെ ഏജൻസികളെന്നോണം പ്രവർത്തിക്കുന്ന ഏജൻസികൾ വഴി പണമയക്കൽ അടക്കം ഒട്ടുമിക്ക ബാങ്കിംഗ് സേവനങ്ങളും ലഭിക്കും. ഗ്രാമപ്രദേശങ്ങളിലും മറ്റും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഇതുവഴി സാധിക്കും. കെട്ടിടം സജ്ജീകരിക്കുന്നതിനും ജീവനക്കാരെ നിയമിക്കുന്നതിനും മറ്റും ഭീമമായ ചെലവ് വരുന്നതിനാൽ ജനവാസം കുറഞ്ഞ ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും മറ്റും ശാഖകൾ തുറക്കുന്നതിന് ബാങ്കുകൾ മടിക്കുകയാണ്. ഇത്തരം പ്രദേശങ്ങളിൽ ബാങ്കിംഗ് സേവനങ്ങൾ സാർവർത്രികമാക്കുന്നതിന് ലക്ഷ്യമിട്ടാണ് ബാങ്കിംഗ് ഏജൻസികൾക്ക് സാമ ലൈസൻസുകൾ നൽകുന്നത്.  

 

Latest News