പെരിയ- കണ്ണീരോർമ്മകൾ പെയ്തിറങ്ങിയ ആൾക്കൂട്ടത്തിനിടയിലൂടെ പുതിയ വീട്ടിലേക്ക് കൃപേഷിന്റെ കുടുംബം നടന്നുനീങ്ങി. കൈ പിടിക്കാൻ എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡനും ഭാര്യയും. കാസർക്കോട് പെരിയയിൽ സി.പി.എം അക്രമണത്തിൽ കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബം ഇന്ന് രാവിലെയാണ് പുതിയ വീട്ടിൽ താമസം തുടങ്ങിയത്. കിച്ചൂസ് എന്നാണ് കൃപേഷിന്റെ കൂട്ടുകാർ പുതിയ വീടിന് പേര് നൽകിയിരിക്കുന്നത്. അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബം കിച്ചൂസിലേക്ക് വലതുകാൽവച്ചു കയറി.
കാസർക്കോട് ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്്‌മോഹൻ ഉണ്ണിത്താനുൾപ്പെടെ നിരവധി പേർ ചടങ്ങിനെത്തിയിരുന്നു.
വീടിന്റെ സ്വീകരണമുറിയിൽ കൃപേഷിന്റെയും കൂടെ കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും വലിയ ചിത്രങ്ങളും പൂമുഖത്ത് ഇരുവരുടെയും കട്ടൗട്ടുകളും സുഹൃത്തുക്കൾ സ്ഥാപിച്ചിരുന്നു.
മൂന്നു കിടപ്പുമുറികളും അടുക്കളയുമുൾപ്പെടെയുള്ള വീടിന്റെ നിർമ്മാണം 44 ദിവസം കൊണ്ടാണ് പൂർത്തിയായത്.