Sorry, you need to enable JavaScript to visit this website.

കൂട്ടിലടച്ച കിളികളല്ല; സൗദിയില്‍ അമ്പരപ്പിക്കുന്ന വനിതാ മുന്നേറ്റം

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ലെന്നും അവരെ കൂട്ടിലടച്ച കിളികളെപോലെയാണ് പരിഗണിക്കുന്നതെന്നുമുള്ള ആരോപണം എക്കാലവും സൗദിക്കെതിരായി ഉയര്‍ന്നിരുന്നു. ഇന്നും അത്തരം പ്രചാരണങ്ങളില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. പക്ഷേ, വസ്തുത മറിച്ചാണ്. സൗദിയില്‍ സ്ത്രീകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് നടക്കുന്നത്. മര്‍മപ്രധാന സ്ഥാനങ്ങളിലും തൊഴില്‍ രംഗത്തും സാമൂഹ്യ മേഖലയിലും എന്നുവേണ്ട ഒട്ടുമിക്ക രംഗത്തും അവഗണിക്കാനാവാത്ത സാന്നിധ്യമായി അവര്‍ മാറിക്കഴിഞ്ഞു. ഇത് സൗദി അറേബ്യയുടെ മുഖഛായ തന്നെ മാറ്റിയിരിക്കുകയാണ്.

http://malayalamnewsdaily.com/sites/default/files/2019/04/18/gulfpuls.jpg
2018 സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ വര്‍ഷമായിരുന്നു. സുരക്ഷിതത്വവും കരുതലും ഉറപ്പാക്കിക്കൊണ്ടുതന്നെ സ്ത്രീകള്‍ക്ക് സാമൂഹ്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ച വര്‍ഷമായിരുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ 2020 പരിവര്‍ത്തന പദ്ധതിയുടെയും വിഷന്‍ 2030ന്റെയും ഫലമായി എങ്ങും സ്ത്രീകളുടെ മുന്നേറ്റമായിരുന്നു. അതിപ്പോഴും തുടരുന്നുവെന്നതിനു തെളിവാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ സൗദി അംബാസഡറായുള്ള റീമാ ബിന്‍ത് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരിയുടെ നിയമനം. സൗദി അറേബ്യയുടെ ചരിത്രത്തില്‍  വിദേശ രാജ്യത്ത് ഒരു വനിതയെ അംബാസഡറായി നിയമിക്കുന്നത് ഇതാദ്യമാണ്. അതും ലോകത്തെ ഏറ്റവും പ്രബല ശക്തിയായ അമേരിക്കയില്‍.  സാമ്പത്തിക, രാഷ്ട്രീയ, സൈനിക രംഗത്ത് സൗദി അറേബ്യയും അമേരിക്കയും തമ്മില്‍ സുദൃഢമായ ബന്ധമാണ്. അതിന്് കരുത്ത് പകരാന്‍ രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധിയായി ഒരു സ്ത്രീയെ നിയമിക്കുക വഴി സ്ത്രീശാക്തീകരണ, സാമൂഹിക പരിവര്‍ത്തന ദിശയില്‍ സൗദി പിന്നോട്ടില്ലെന്ന സൂചന കൂടിയാണ് നല്‍കിയത്. ഇരുപത്തിരണ്ടു വര്‍ഷം അമേരിക്കയില്‍ സൗദി അംബാസഡറായിരുന്ന ബന്ദര്‍ രാജകുമാരന്റെ മകളാണ് റീമ. ഡ്രൈവിംഗ് ലൈസന്‍സ്, സ്‌റ്റേഡിയങ്ങളില്‍ പ്രവേശനം, സിനിമ, സംഗീതം, കലാ, സാംസ്‌കാരിക മേഖലകളിലേക്ക് പ്രവേശനം, ജോലിയിടങ്ങളിലെ മുന്‍ഗണന അങ്ങനെ എല്ലാ രംഗങ്ങളിലും കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്ക് വന്‍ പരിഗണനയാണ് ലഭിച്ചത്. രക്ഷിതാവിന്റെ അനുമതി കൂടാതെ സ്വന്തമായി വ്യാപാര, വാണിജ്യ ഇടപാടുകള്‍ നടത്തുന്നതിനും സഞ്ചരിക്കുന്നതിനുമുള്ള അനുമതിയും സ്ത്രീകള്‍ക്കു നല്‍കിയ പ്രോത്സാഹനം വളരെ വലുതാണ്. ശൂറാ കൗണ്‍സിലിലെ 150 അംഗങ്ങളില്‍ 30 സ്ത്രീകളെ അംഗങ്ങളാക്കിയതും സ്ത്രീ മുന്നേറ്റത്തിന് ശക്തി പകരുന്നതായിരുന്നു. മന്ത്രിസഭയില്‍ രണ്ട് വനിതകളെ മന്ത്രിമാരായി നിയമിച്ചും ചരിത്രം തിരുത്തി. തൊഴില്‍ ഉപമന്ത്രിയായി തമാദുര്‍ ബിന്ദ് യൂസഫുല്‍ റമായെ നിയമിച്ചുകൊണ്ടായിരുന്നു ഈ രംഗത്തെ മാറ്റത്തിനു തുടക്കമിട്ടത്. കിംഗ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ നാഷണല്‍ ഡയലോഗ് അംഗങ്ങളായി രണ്ടു സ്ത്രീകളെ നിയമിച്ചും, ജിദ്ദ മേയര്‍ കീ പോസ്റ്റുകളില്‍ നാലു സ്ത്രീകള്‍ക്ക് നിയമനം നല്‍കിയും സ്ത്രീ മുന്നേറ്റത്തിന് ശക്തിയേകി. അടുത്തിടെ അറബ് വുമണ്‍ ഫോറം സംഘടിപ്പിച്ച് സാമ്പത്തിക സാമൂഹ്യ  രംഗത്തെ സ്ത്രീകളുടെ കാഴ്ചപ്പാടും സംഭാവനകളും വിശകലനം ചെയ്യുന്നതിനും അവസരമൊരുക്കി.
സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കിയാല്‍ അതു ഗതാഗത തടസവും അപകടങ്ങളും വര്‍ധിക്കാന്‍ ഇടയാക്കുമെന്നായിരുന്നു ആശങ്കയും പ്രചാരണവും. എന്നാല്‍ അതെല്ലാം അസ്ഥാനത്താക്കി സ്ത്രീകള്‍ വളരെ സുരക്ഷിതമായി അപകടരഹിത ഡ്രൈവിംഗ് നടത്തി ആരോപണം ഉന്നയിച്ചവര്‍ക്ക് മറുപടി നല്‍കി. 2018 ജൂണ്‍ 24 മുതല്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാന്‍ തുടങ്ങിയപ്പോള്‍ ആദ്യം കടന്നുവന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമായിരുന്നുവെങ്കില്‍ ഇന്ന് ലൈസന്‍സിനായുള്ള അപേക്ഷകരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്.  ഏതാണ്ട് അര ലക്ഷത്തോളം പേര്‍ ഇതിനകം ലൈസന്‍സ് കരസ്ഥമാക്കി കഴിഞ്ഞു. 2030 ഓടെ 30 ലക്ഷം സ്ത്രീകള്‍ വാഹനം ഓടിക്കുന്നവരായി മാറുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഡ്രൈവിംഗ് രംഗത്തേക്കുള്ള സ്ത്രീകളുടെ കടന്നു വരവ് ആയിരക്കണക്കിനു ഹൗസ് ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കി. ദിനേന 354 ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ജോലിയില്ലാതാകുന്നുവെന്നാണ് കണക്ക്. 16.25 ലക്ഷം  ഹൗസ് ഡ്രൈവര്‍മാരാണ് സൗദിയില്‍  ഇപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ ഇവരുടെ എണ്ണം 16.59 ലക്ഷമായിരുന്നു. എണ്ണത്തിലുണ്ടായ ഈ കുറവ് മൂലം ഓരോ മാസവും രാജ്യം നേടിയത് നാലേമുക്കാല്‍ കോടിയിലേറെ റിയാലാണ്. വിദേശത്തേക്ക് ഒഴുകുന്ന പണത്തിന്റെ തോത് കുറക്കാന്‍ കഴിഞ്ഞുവെന്നു മാത്രമല്ല, തൊഴിലിടങ്ങളില്‍ വനിതകള്‍ക്ക് എളുപ്പത്തില്‍ എത്തുന്നതിനും വനിതകള്‍ക്ക് പുതിയ നിക്ഷേപാവസരങ്ങള്‍ തുറന്നു കിട്ടുന്നതിനും ആഭ്യന്തരോ ല്‍പാദനത്തില്‍ വനിതകളുടെ സംഭാവന ഉയര്‍ത്തുന്നതിനും ലൈസന്‍സ് അനുവദിച്ചതിലൂടെ സാധിച്ചു.
തൊഴില്‍ രംഗത്ത് സ്ത്രീ പ്രാതിനിധ്യം അനുദിനം വര്‍ധിക്കുകയാണ്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം 1,66,000 ല്‍പരം സ്ത്രീകള്‍ സ്വകാര്യ മേഖലയില്‍ മാത്രം പണിയെടുക്കുന്നുണ്ടെന്നാണ്. 2030 ഓടു കൂടി സ്ത്രീകളുടെ തൊഴില്‍ രംഗത്തെ പ്രാതിനിധ്യം 22 ശതമാനത്തില്‍ നിന്ന് 30 ശതമാനം ആക്കി  ഉയര്‍ത്തുകയാണ് ലക്ഷ്യം.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പതിനാറു ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷം മാത്രം പത്തു ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായി. സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കിയ പദ്ധതികളിലൂടെ തൊഴിലിടങ്ങളിളെ വനിതാ പങ്കാളിത്തം വര്‍ധിക്കുന്നതിന്റെ  പ്രതിഫലനം കൂടിയാണിത്. ഇത് സ്ത്രീകളില്‍ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്.

 

 

Latest News