ചീമേനി- യുവതിയെ നടുറോഡിൽ അപമാനിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതിയിൽ അന്വേഷണം നടത്താൻ എത്തിയ ചീമേനി എസ്.ഐയോടും സംഘത്തോടും തട്ടിക്കയറുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കയ്യൂർ ഐ.ടി.ഐക്ക് സമീപത്തെ കെ.വി സഹദേവൻ (40) നെയാണ് ചീമേനി പോലീസ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുർഗ് ഒന്നാം കഌസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കയ്യൂരിലെ ഒരു യുവതിയാണ് സഹദേവന്റെ പേരിൽ ചീമേനി പോലീസിൽ പരാതി നൽകിയത്. ഇതേ കുറിച്ച് അന്വേഷിക്കാൻ എത്തിയ ചീമേനി എസ്.ഐ യു.സനീഷിനോട് റോഡരികിൽ നിൽക്കുകയായിരുന്ന സഹദേവൻ തട്ടിക്കയറുകയായിരുന്നു. ബഹളത്തിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എസ്.ഐ കൈയോടെ പിടികൂടി. സ്‌റ്റേഷനിൽ എത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പറയുന്നു.