റിയാദ്- പാലക്കാട് മങ്കര മാങ്കുറുശ്ശി സ്വദേശി വിനീത് (31) വാഹനാപകടത്തില്‍ മരിച്ചു. തോണിപ്പറമ്പില്‍ രാമന്‍കുട്ടിയുടെ മകനാണ്. ആശുപത്രികള്‍ക്ക് സാങ്കേതിക വിദഗ്ധരെ നല്‍കുന്ന അല്‍ മജാല്‍ അല്‍അറബി ഗ്രൂപ്പ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
റിയാദ് പ്രവിശ്യയില്‍ ദവാദ്മിയില്‍നിന്ന് 160 കിലോ മീറ്റര്‍ അകലെ നെസി പട്ടണത്തിന് സമീപം അബൂറബില്‍ ബുധനാഴ്ച രാവിലെ തൊഴിലാളികളുമായി പോയ പിക്കപ്പ് വാന്‍ മറിഞ്ഞാണ് അപകടം. യു.പി സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഗുരതര നിലയിലുള്ള ഒരാളെ റിയാദ് ആശുപത്രിയിലേക്ക് മാറ്റി.
അടുത്തയാഴ്ച ഇഖാമ കാലാവധി അവസാനിക്കുമെന്നതിനാല്‍ ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു മരിച്ച വിനീത്. അവിവാഹിതനാണ്. അമ്മ: വിജയകുമാരി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കെ.എം.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.