റിയാദ്- സൗദി അറേബ്യയിലെ ആദ്യത്തെ ഇറാഖ് ബാങ്ക് ശാഖ റിയാദിൽ ഉദ്ഘാടനം ചെയ്തു. ഇറാഖ് ഗവൺമെന്റ് ഉടമസ്ഥതയിലുള്ള ട്രേഡ് ബാങ്ക് ഓഫ് ഇറാഖ് ആണ് റിയാദ് അൽഉലയ്യ ഡിസ്ട്രിക്ടിൽ ശാഖ തുറന്നിരിക്കുന്നത്. ട്രേഡ് ബാങ്ക് ഓഫ് ഇറാഖിന്റെ വിദേശത്തെ ആദ്യത്തെ ശാഖ കൂടിയാണിത്.
സൗദി കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) ഗവർണർ അഹ്മദ് അൽ ഖുലൈഫി, സാമ അണ്ടർ സെക്രട്ടറി തുർക്കി അൽമുതൈരി, ഇറാഖ് ധനമന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ.മാഹിർ ജൗഹാൻ, ട്രേഡ് ബാങ്ക് ഓഫ് ഇറാഖ് ചെയർമാൻ ഫൈസൽ അൽ ഹൈമസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ബാങ്ക് ശാഖ ഉദ്ഘാടനം ചെയ്തത്. സൗദി അറേബ്യയിലെയും ഉറാഖിലെയും മുതിർന്ന ഉദ്യോഗസ്ഥരും നിക്ഷേപകരും മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ബാങ്കുകളുടെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
ഇറാഖ് ധനമേഖലയിലെ ചരിത്ര സംഭവമാണ് റിയാദിലെ ട്രേഡ് ബാങ്ക് ഓഫ് ഇറാഖ് ശാഖാ ഉദ്ഘാടനമെന്ന് ഇറാഖ് ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഡോ.ഫുവാദ് ഹുസൈൻ പറഞ്ഞു. സൗദി അറേബ്യയും ഇറാഖും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന് സഹായകമാകുന്ന വലിയ ചുവടുവെപ്പാണ് ബാങ്ക് ശാഖാ ഉദ്ഘാടനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനാണ് ഇറാഖ് ആഗ്രഹിക്കുന്നതെന്നും ഡോ.ഫുവാദ് ഹുസൈൻ പറഞ്ഞു.