മക്ക - അൽഉതൈബിയ ഡിസ്ട്രിക്ടിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ നാലു മാസം മാത്രം പ്രായമായ പിഞ്ചുബാലനെ പോലീസ് രക്ഷപ്പെടുത്തി കുടുംബത്തിന് കൈമാറി.
തട്ടിക്കൊണ്ടുപോകലിന് പിന്നിൽ പ്രവർത്തിച്ച മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബർമക്കാരനായ ബാലനാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോകലിന് ഇരയായത്. മാതാവിന്റെ വീട്ടിൽനിന്ന് കുഞ്ഞിനെ കാണാതാവുകയായിരുന്നു. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ ഉടൻ തന്നെ അൽഖറാറ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ബംഗ്ലാദേശുകാരിയാണ് ഏറ്റവും അവസാനമായി വീട്ടിൽ സന്ദർശനം നടത്തിയതെന്ന് കുടുംബം അന്വേഷണോദ്യോഗസ്ഥരെ അറിയിച്ചു.
ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്നതിന് പാക്കിസ്ഥാനി യുവാവ് തന്റെ സഹായം തേടുകയായിരുന്നെന്ന് പറഞ്ഞു.
തനിക്ക് വിവാഹം കഴിക്കുന്നതിന് സാധിക്കുന്നതിനു വേണ്ടി, ഭർത്താവിൽനിന്ന് വിവാഹ മോചനം നേടുന്നതിന് ബർമക്കാരിയെ നിർബന്ധിക്കുന്നതിനാണ് പാക്കിസ്ഥാനി തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്നും വ്യക്തമായി.
തുടർന്ന് ബംഗ്ലാദേശുകാരിയെയും തട്ടിക്കൊണ്ടുപോകൽ പദ്ധതി നടപ്പാക്കുന്നതിന് കൂട്ടുനിന്ന പാക്കിസ്ഥാൻകാരിയെയും പദ്ധതി ആസൂത്രണം ചെയ്ത പാക്കിസ്ഥാനിയെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ പക്കൽനിന്ന് രക്ഷപ്പെടുത്തിയ കുഞ്ഞിനെ പോലീസ് പിന്നീട് മാതാവിന് കൈമാറി. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.