പെരിന്തൽമണ്ണ- മാനവ സാഹോദര്യത്തിന്റെയും മത മൈത്രിയുടെയും നിലക്കാത്ത പ്രവാഹമാവുകയാണ് എൺപത്തിനാലുകാരനായ അപ്പു മാസ്റ്റർ. ആലിപറമ്പ് പഞ്ചായത്ത് 21 ാം വാർഡ് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നിർധനരായ 50 കുടുംബങ്ങൾക്കു അരി വിതരണം നടത്തിയപ്പോൾ അരി മുഴുവൻ സംഭാവന ചെയ്തത് അപ്പു മാസ്റ്ററാണ്. ആനമങ്ങാട് ചെത്തനാംകുർശി പാലംപള്ളിയാലിൽ ബാലകൃഷ്ണൻ നായർ എന്ന അപ്പുമാഷ് കഴിഞ്ഞ നബി ദിനത്തിനു ചെത്തനാംകുർശി ഹയാത്തുൽ ഇസ്ലാം സെക്കൻഡറി മദ്രസയിലെ 1400 വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നു.
എരവിമംഗലം യുപി സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്യുമ്പോൾ നാട്ടിൻ പുറത്തെ മുസ്‌ലിം വീടുകളുമായി വളരെ അടുപ്പം സ്ഥാപിച്ചിരുന്നു അപ്പുമാഷ്. പിന്നീട് ജോലി ചെയ്ത സെൻട്രൽ ഇംഗ്ലീഷ് സ്‌കൂളിൽ നിന്നു ബുദ്ധമതക്കാരുമായും കോഴിക്കോട് എംഇഎസ് രാജാസ് റസിഡൻഷ്യൽ സീനിയർ സെക്കൻഡറി സ്‌കൂൾ, പെരിന്തൽമണ്ണ ഐഎസ്എസ് സീനിയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് സഹോദര സമുദായക്കാരുമായി കൂടുതൽ അടുത്ത ബന്ധങ്ങൾ സ്ഥാപിക്കാൻ അപ്പു മാസ്റ്റർക്ക് സാധിച്ചു. കടുത്ത ദാരിദ്ര്യത്തിന്റെ നാളുകളിൽ 1962 ലാണ് ഭൂട്ടാനിലേക്ക് അധ്യാപകനായി ജോലിക്ക് പോയത്. ഇതിനാൽ ഭൂട്ടാൻ മാഷ് എന്ന പേരിലാണ് നാട്ടുകാർക്കിടയിൽ അപ്പു മാഷ് സുപരിചിതൻ.
അപ്പു മാസ്റ്ററുടെ അധ്യാപന ജീവിതത്തിനു അന്ത്യം കുറിച്ചത് സ്‌കൂൾ യാത്രക്കിടെയുണ്ടായ അപകടമായിരുന്നു. രണ്ടു കൈകാലുകളും ഒടിഞ്ഞു. നട്ടെല്ലിനു ക്ഷതം സംഭവിച്ചു കിടപ്പിലായി. പിന്നീട് ആയുർവേദത്തിലൂടെ ജീവിതത്തിലേക്കു തിരിച്ചു നടന്നു. എഴുത്തിന്റെ മാർഗം തെരഞ്ഞെടുത്ത അപ്പു മാഷ് ഒരു രാത്രി മഴക്കു മുമ്പേ എന്ന നോവലും രചിച്ചിട്ടുണ്ട്. റമദാൻ കിറ്റുകളുടെ വിതരണോദ്ഘാടനം ആലിപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി മോഹൻദാസ് എന്ന അപ്പു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് കെ.ആലി അക്ബർ, വാർഡ് മെംബർ കെ. ഷീജ, ആലിക്കൽ സൈതലവി, എൻ. അബൂബക്കർ, സി.കെ. കുഞ്ഞാൻ, കെ.പി. യൂസഫ്, സി. കുഞ്ഞാലൻ കുട്ടി ഹാജി, കെ.ഷൗക്കത്ത്, കെ.സിദ്ദീഖ് അക്ബർ എന്നിവർ പങ്കെടുത്തു.