Sorry, you need to enable JavaScript to visit this website.

വിഷു ദിവസം കല്യാൺ സിൽക്‌സിൽ കവർച്ച;  60 ലക്ഷം കവർന്ന ജനറൽ മാനേജർ പിടിയിൽ

കണ്ണൂർ- കല്യാൺ സിൽക്‌സിന്റെ കണ്ണൂർ ശാഖയിൽ നിന്ന് 60 ലക്ഷം രൂപ കവർന്ന ജനറൽ മാനേജർ അറസ്റ്റിൽ. തൃശൂർ പേരാമംഗലം സ്വദേശി ടി.എസ്.മഹേഷാണ്(38) അറസ്റ്റിലായത്. ഇയാൾ സ്ഥാപന ഉടമയുടെ വീട്ടിലെത്തി കീഴടങ്ങുകയായിരുന്നു. 
20 വർഷമായി കല്യാൺ സിൽക്‌സിൽ ജോലി ചെയ്തു വരുന്ന മഹേഷ്, സാമ്പത്തിക പ്രതിസന്ധി മൂലമാണ് ആസൂത്രിത കവർച്ച നടത്തിയതെന്നാണ് വിവരം. സ്ഥാപന ഉടമയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു മഹേഷ്. കണ്ണൂർ ഷോറൂം ആരംഭിച്ചതു മുതൽ ഇയാളാണ് ഇവിടെ ജനറൽ മാനേജർ. വിഷു ദിവസം അടച്ചിട്ട ഷോറൂം തുറന്നാണ് കവർച്ച നടത്തിയത്. ഇന്നലെ രാവിലെ കാഷ്യർ എത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം അറിഞ്ഞത്. ഉടൻ അസി.മാനേജരെ വിവരം അറിയിച്ചു. ഹെഡ് ഓഫീസിൽ നിന്നുള്ള അടിയന്തര നിർദേശത്തെത്തുടർന്ന് ജനറൽ മാനേജർ പണമെടുത്തുവെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഇത്തരമൊരു നിർദേശം നൽകിയിരുന്നില്ലെന്നു വിവരം ലഭിക്കുകയും ജനറൽ മാനേജർ അപ്രത്യക്ഷനാവുകയും ചെയ്തതോടെ പണം കവരുകയായിരുന്നുവെന്ന് വ്യക്തമായി. വിഷു ദിവസത്തിനു രണ്ട് ദിവസം മുമ്പു വരെയുള്ള വിറ്റുവരവാണ് സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്നത്. ബാങ്ക് അവധിയായതിനാലാണ് പണം ഇവിടെ വെച്ചിരുന്നത്. 
ജനറൽ മാനജർ താമസിക്കുന്ന കണ്ണോത്തുംചാലിലെ വീട്ടിൽ മൂന്നു പേർ എത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇവരിൽ നിന്നും കടം വാങ്ങിയ പണം മഹേഷ് തിരികെ നൽകിയെന്നാണ് വിവരം. ഇവിടെയെത്തിയവരെ പോലീസ് വിളിപ്പിച്ചിട്ടുണ്ട്. വളരെ ആസൂത്രിതമായാണ് മഹേഷ് പണം കവർന്നത്. മൂന്നു ജീവനക്കാരെങ്കിലും എത്താതെ സ്ഥാപനം തുറക്കാൻ അനുവദിക്കരുതെന്നാണ് സെക്യൂരിറ്റിക്കു സ്ഥാപന ഉടമ നൽകിയ നിർദേശം. ഇതറിയാവുന്ന മഹേഷ്, സമീപത്തു തന്നെ താമസിക്കുന്ന മൂന്നു ജീവനക്കാരെ ഇവിടെ രാവിലെ തന്നെ വിളിച്ചു വരുത്തിയിരുന്നു. മട്ടന്നൂരിലെ ഒരു സ്ഥാപനത്തിലേക്കു ഗിഫ്റ്റ് സാധനങ്ങൾ നൽകാനുണ്ടെന്നാണ് ഇവരോട് പറഞ്ഞത്. ഇവരുടെ കൈയിൽ ഗ്ലാസുകൾ അടക്കം നൽകി പുറത്തേക്കു പറഞ്ഞയച്ച ശേഷം താക്കോലെടുത്ത് ലോക്കർ തുറന്ന് പണമെടുക്കുകയായിരുന്നു. പിന്നീട് താക്കോൽ അവിടെ തന്നെ വെച്ചു പുറത്തിറങ്ങി. പ്രതിയെ കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. 

Latest News