കൊച്ചി- നടി ആക്രമിക്കപ്പെട്ട കേസിൽ സിനിമാ നടനെതിരെ ആരോപണങ്ങളുമായി നടി പാർവതി രംഗത്ത്. വിചാരണ വൈകിപ്പിക്കാനുള്ള ശ്രമങ്ങളിലൂടെ പ്രതികൾ സ്വയം തുറന്നു കാട്ടുകയാണെന്ന് നടി പാർവതി തിരുവോത്ത് പറഞ്ഞു. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമൺ ഇൻ സിനിമാ കലക്ടീവിന്റെ സജീവ പ്രവർത്തക കൂടിയായ പാർവതി ഇക്കാര്യം വ്യക്തമാക്കിയത്. സത്യം പുറത്തു വന്നു കൊണ്ടിരിക്കുന്നതാണ് അവരുടെ പ്രവൃത്തികളിലൂടെ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. നിയമപരമായി പുറത്തു വരുന്നതും നമ്മൾ കാണുന്നു. വിചാരണ വൈകിപ്പിക്കുന്നതിലൂടെ സാക്ഷികൾ കൂറുമാറാനുള്ള സാധ്യതകളുമുണ്ട്. ഇതൊക്കെ ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതുമൊക്കെ ഒരു ഷോ ആയി ആളുകൾ കാണുന്നുണ്ട്. അതും ഒരു വിചാരണയാണ്. സാമൂഹ്യ വിചാരണയാണ് നടക്കുന്നത്. ഇവിടെ ഉണ്ടായിരിക്കുന്ന സംഭവം ആർക്കും ഏത് സമയത്തും സംഭവിക്കാവുന്നതാണ്. ഡബ്ല്യു.സി.സി ആരെയും പിടിച്ചു താഴ്ത്താനുള്ള സംഘടനയല്ല. അതിനു സമയമില്ല. പ്രശ്‌നങ്ങൾ ചർച്ച ചെയ്തു പരിഹാരം കാണാനാണ് ശ്രമിക്കുന്നത്.
മലയാള സിനിമയിൽ അരക്ഷിതാവസ്ഥയില്ലെന്ന അഭിപ്രായം തനിക്കില്ല. താൻ അഭിനയിച്ച സിനിമകളിൽ പലരും അത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുള്ളതായി താൻ പിന്നീട് അറിഞ്ഞിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ തുറന്നു പറയാനുള്ള കരുത്ത് അന്യോന്യം പകർന്നു കൊടുക്കുകയെന്നതാണ് നമ്മൾ ആദ്യം ചെയ്യേണ്ട കാര്യം. സിനിമാ മേഖല ജോലി സ്ഥലമായി തന്നെ കാണണം. വിനോദം അതിന്റെ ഒരു ഭാഗം മാത്രമാണ്. സിനിമ ജോലിസ്ഥലമായി കണ്ട് ബഹുമാനിക്കാൻ എല്ലാവരും പഠിക്കണം. ഡബ്ല്യു.സി.സി ഉയർത്തിയ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി താര സംഘടനയായ അമ്മയുടെ ഭാഗത്ത് നിന്നും കാര്യക്ഷമമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. തങ്ങൾ നിരാശരാണ്. വുമൺ ഇൻ സിനിമാ കലക്ടീവ് എന്നും ചർച്ചക്ക് തയാറാണ്. അമ്മ സംഘടനാ നേതൃത്വം ബഹുമാനം നേടിയെടുത്താലേ അത് തിരിച്ച് കൊടുക്കാൻ പറ്റൂവെന്നും പാർവതി പറഞ്ഞു.