മകൾക്ക് ഗുരുതരമായി പൊള്ളലേറ്റു
കൊച്ചി- വേനൽമഴക്കിടെ ഇടിമിന്നലേറ്റ് വീട്ടമ്മയുൾപ്പെടെ രണ്ടു മരണം. മകൾക്ക് ഗുരുതരമായി പൊള്ളലേറ്റു. കൊച്ചി മുളന്തുരുത്തിയിലാണ് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചത്. മുളന്തുരുത്തി വെട്ടിക്കൽ പാമ്പ്ര മണ്ടോത്തും കുഴിയിൽ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകൻ അനക്‌സ് (15) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ജോണിയുടെ മകൾ ആദിയ ജോൺ (ചിന്നു-13) വിനെ വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് 4.45 നാണ് നാടിനെ നടുക്കിയ സംഭവം. വെട്ടിക്കൽ കവലയിൽ ചെരുക്കുംകുഴിയിൽ സാജുവിന്റെ വീട്ടിലാണ് ഒരു വർഷമായി ഇവർ താമസിക്കുന്നത്. അടുക്കള ഭാഗത്തുള്ള തുറസ്സായ സ്ഥലത്ത് മൂവരും നിൽക്കുമ്പോഴാണ് ശക്തമായ മിന്നലും ഇടിയും ഉണ്ടായത്. ഇടിമിന്നലേറ്റ ഉടനെ ലിസിയും അനക്‌സും മുറ്റത്തേക്ക് തെറിച്ച് വീണു. മിന്നലിന്റെ ആഘാതത്തിൽ പൊള്ളലേറ്റ ആദിയ (ചിന്നു) നിലവിളിച്ചു കൊണ്ട് അയൽവാസിയായ പൊന്നമ്മയോട് വിവരം പറഞ്ഞു. ഇവർ ഓടി ചെല്ലുമ്പോൾ ലിസിയും അനക്‌സും അനക്കമറ്റ നിലയിൽ കിടക്കുകയായിരുന്നു. ഇവരുടെ കൂട്ട നിലവിളി കേട്ട് എത്തിയവർ വെട്ടിക്കൽ കവലയിലുള്ള വാഹനത്തിൽ
കയറ്റി മൂവരേയും ആരക്കുന്നം എ.പി വർക്കി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരണമടഞ്ഞു. മൃതദേഹം പിറവം ജെ.എം.പി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വടവുകോട് രാജർഷി മെമ്മോറിയൽ ഹൈസ്‌കൂളിൽ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയിരിക്കുകയാണ് അനക്‌സ്. പരിക്കേറ്റ ആദിയ വെട്ടിക്കൽ സെന്റ് എഫ്രേം സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.