കൊച്ചി- സംശയാസ്പദമായ സാഹചര്യത്തില്‍ ഗുരുതര പരിക്കുകളുമായി മൂന്നുവയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്ത് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെയാണ് തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും നിലവില്‍ വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കെട്ടിടത്തില്‍ നിന്ന് വീണെന്ന് പറഞ്ഞാണ് മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. മുറിവേറ്റ പാടുകള്‍ക്ക് പുറമേ കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെയും ചൈല്‍ഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ നില അതീവ ഗുരുതരമായിട്ടും വേറെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചു. മാതാപിതാക്കള്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്.