ദുബായ്- ദുബായ് ഡ്യൂട്ടി ഫ്രീയുടെ മിലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഒമ്പതു വയസ്സുകാരിയായ ഇന്ത്യന്‍ ബാലികക്ക് 10 ലക്ഷം ഡോളര്‍ സമ്മാനം. ആറു വര്‍ഷം മുമ്പ് ഈ കുട്ടിക്ക് ഇതേ നറുക്കെടുപ്പില്‍ മാക് ലാറന്‍ കാര്‍ സമ്മാനമായി ലഭിച്ചിരുന്നു.
ദുബായി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ ത്രീയിലാണ് ചൊവ്വാഴ്ച നറുക്കെടുപ്പ നടന്നത്. എലീസ എം എന്ന ഒമ്പതു വയസ്സുകാരിയായ സ്കൂള്‍ കുട്ടിക്കാണ് 10 ലക്ഷം ഡോളര്‍ അടിച്ചത്. മുംബൈ സ്വദേശിനിയാണ് എലീസ.
19 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന കുടുംബമാണ് ഇവരുടേത്. ദുബായ് ഡ്യൂട്ടി ഫ്രീയില്‍ 2004 മുതല്‍ സ്ഥിരം പങ്കെടുക്കുന്നയാളാണ് പിതാവ്. മകളുടെ പേരിലാണ് ടിക്കറ്റ് എടുക്കാറ്. 0333 എന്ന കൂപ്പണാണ് സമ്മാനം ലഭിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ ലഭിക്കുന്ന നൂറ്റി നാല്‍പതാമത്തെ വ്യക്തിയാണ് എലീസ.