ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ വോട്ടു ചരിത്രം ഏറെ കൗതുകകരമാണ്. 1951 - 52 കാലയളവിലാണ് ഇന്ത്യയിൽ ആദ്യമായി പൊതു തെരഞ്ഞെടുപ്പ് നടന്നത്. 1951 ഒക്ടോബർ 25 നു തുടങ്ങിയ വോട്ടെടുപ്പ് അടുത്തവർഷം ഫെബ്രുവരി 21 വരെ നീണ്ടുനിന്നു. സ്വാതന്ത്ര്യാനന്തരം രാജ്യത്ത് നടന്ന ആദ്യത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്. തുടർന്ന്, 1952 ഏപ്രിൽ മാസത്തോടെ ആദ്യ ലോക്‌സഭ നിലവിൽ വന്നു.
ലോക രാജ്യങ്ങളെങ്ങും ഇപ്പോൾ തെരഞ്ഞെടുപ്പ് ചൂടിലാണ്.
ചെറുതും വലുതുമായ അൻപതോളം രാജ്യങ്ങളിലായി ഏതാണ്ട് രണ്ടു ബില്യണിലധികം ജനങ്ങൾ ഈ വർഷം വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ തങ്ങളുടെ പ്രതിനിധികളെ കണ്ടെത്തുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയും ഏറ്റവും വലിയ മുസ്‌ലിം രാജ്യമായ ഇന്തോനേഷ്യയും ഏറ്റവും ചെറിയ ജനാധിപത്യ രാജ്യമായ നൗറുവും ഏറ്റവും വലിയ ജൂതരാജ്യമായ ഇസ്രായിലും ഇതിൽപ്പെടുന്നു. ( ഇസ്രായിലിൽ തെരഞ്ഞെടുപ്പ് പൂർത്തിയാവുകയും ബെന്യാമിൻ നെതന്യാഹു വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു). ഈ വർഷം ഏപ്രിൽ രണ്ടാം വാരം മുതൽ മെയ് മൂന്നാം വാരം വരെ ഇന്ത്യയിൽ നടക്കുന്ന വിധിയെഴുത്താണ് ആഗോള തലത്തിൽ ഉറ്റുനോക്കപ്പെടുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പ്.
ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ഇന്ത്യൻ തെരഞ്ഞെടുപ്പിൽ ഏതാണ്ട് 900 ദശലക്ഷം വോട്ടർമാർ വിധിയെഴുതുമെന്നാണ് കണക്ക്.
മുസ്‌ലിം രാജ്യമായ ഇന്തോനേഷ്യയിൽ 190 ദശലക്ഷം പേർ ഏപ്രിൽ മൂന്നാം വാരത്തോടെ തങ്ങളുടെ പോളിംഗ് ബൂത്തുകളിലെത്തും.
ലോകത്തിലെ ഏറ്റവും ചെറിയ ജനാധിപത്യ രാജ്യമായ നൗറുവിലെ ജനങ്ങളാകട്ടെ, തങ്ങളുടെ നേതാക്കളെ തെരഞ്ഞെടുക്കുന്നത് ജൂലൈ മാസത്തിലാണ്.
കേവലം 12,000 ൽ താഴെ മാത്രം ജനസംഖ്യയുള്ള നൗറുവിലെയും വിധിയെഴുത്ത് ഏറെ കൗതുകം നൽകുന്ന ഒന്നായി ചരിത്രം രേഖപ്പെടുത്തും.
നിരവധി സവിശേഷതകളുള്ള ഈ രാജ്യം 187 - മത്തെ രാജ്യമായി 1999 ലാണ് ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടുന്നത്. 'തലസ്ഥാനമില്ലാത്ത രാജ്യം' എന്ന നിലയിലും നൗറു ഏറെ പ്രശസ്തമാണ്. നഗരങ്ങളില്ലാത്ത രാജ്യം എന്നും ഈ ദ്വീപിനു വിളിപ്പേരുണ്ട്. ദ്വീപിലെ കൂടുതൽ ജനങ്ങളും തിങ്ങിപ്പാർക്കുന്നത് 'യാരൻ' എന്ന പ്രദേശത്താണ്. അതുകൊണ്ടു തന്നെ ഈ മേഖലയാണ് തലസ്ഥാനമായി കണക്കാക്കിപ്പോരുന്നത്. ഒൻപത് ദശലക്ഷം ജനസംഖ്യയുള്ള ഇസ്രായിലിൽ വോട്ടർമാരുടെ എണ്ണം ഏതാണ്ട് ആറു ദശലക്ഷം അതായത് മൂന്നിൽ രണ്ടു ഭാഗമാണെന്നു കണക്കാക്കപ്പെടുന്നു. ഏപ്രിൽ ഒൻപതിനായിരുന്നു ഇസ്രായേലിലെ പൊതു തെരഞ്ഞെടുപ്പ്.
ജനാധിപത്യത്തിന് അത്രയ്‌ക്കൊന്നും പേരുകേട്ടിട്ടില്ലാത്ത സ്ലൊവാക്യ, കൊമോറോസ്, തായ്‌ലാൻഡ്, ഉക്രൈൻ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായി.
ഫിൻലൻഡ്, അൾജീരിയ, മാലി തുടങ്ങിയ ആറു രാജ്യങ്ങളിലാണ് മാർച്ച് മാസം തെരഞ്ഞെടുപ്പുകൾ നടന്നത്.
ഓസ്‌ട്രേലിയ, പനാമ, സൗത്ത് ആഫ്രിക്ക, ലിത്വാനിയ, ഫിലിപ്പൈൻസ്, നെതെർലാഡ്‌സ്, ബെൽജിയം തുടങ്ങിയ പത്ത് രാജ്യങ്ങളിൽ മെയ് മാസവും ലിബിയ, ഗ്വാട്ടിമാല, ഡെൻമാർക്ക്, ലാത്‌വിയ എന്നീ രാജ്യങ്ങൾ ജൂണിലും തെരഞ്ഞെടുപ്പിനെ നേരിടും.
ഗുയാന, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ജൂലായ് മാസം തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന മറ്റു രാജ്യങ്ങൾ.
ഒക്ടോബർ മാസം ഒൻപത് രാജ്യങ്ങൾ ജനവിധി തേടും. കാനഡ, പോർച്ചുഗൽ, അർജന്റീന, സ്വിട്‌സർലാൻഡ്,ഗ്രീസ് തുടങ്ങിയവയാണ് ഈ രാജ്യങ്ങൾ.
നമീബിയ, മാർഷൽ അയ്‌ലാൻഡ് എന്നീ രാജ്യങ്ങളിൽ നവംബറിലാണ് തെരഞ്ഞെടുപ്പുകൾ നടക്കുക.
ഡിസംബറിൽ, ക്രൊയേഷ്യ, ഡൊമിനിക്ക, റൊമേനിയ, തുനീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ ലോകത്തെ ഈ വർഷത്തെ നിർണായക വിധിയെഴുത്തുകൾ പൂർണമാകും.
ജപ്പാൻ, ഫിലിപ്പൈൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രാദേശിക ഭരണ സഭകളിലേക്കും മറ്റുമുള്ള ഇടക്കാല തെരഞ്ഞെടുപ്പുകൾ ഈ വർഷം ആദ്യ മാസങ്ങളിൽ തന്നെ പൂർത്തിയായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായുണ്ടായ ചില രാഷ്ട്രീയ സാമൂഹിക കാരണങ്ങളാൽ ചില രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകൾ കൃത്യസമയത്ത് നടക്കാതെപോയ സംഭവങ്ങളും വിസ്മരിക്കുന്നില്ല.
ഒട്ടുമിക്ക ജനാധിപത്യ രാജ്യങ്ങളിലും സാധാരണയായി ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് ശരാശരി നാലോ അഞ്ചോ വർഷക്കാലത്തേക്കാണ്. ഇതിനൊരപവാദമാണ് സാൻ മറീനോ. രാജ്യത്ത് ആകെ നിലവിലുള്ള രണ്ടേ രണ്ടു പാർട്ടികളിൽ നിന്നുള്ള പ്രതിനിധികളെ ആറുമാസത്തിലൊരിക്കൽ തെരഞ്ഞെടുക്കുന്നതാണ് ഈ രാജ്യത്തെ തെരഞ്ഞെടുപ്പ് രീതി. ജനാധിപത്യ സംവിധാനങ്ങൾ നിലവിലുള്ള ഏതാണ്ട് ഒട്ടുമിക്ക രാജ്യങ്ങളിലും ഒന്നിലധികം തവണ തെരഞ്ഞെടുക്കപ്പെടാൻ ജനപ്രതിനിധികൾക്ക് അവസരമുണ്ട്. എന്നാൽ, അഴിമതി ഉൾപ്പെടെയുള്ള അധികാര ദുർവിനിയോഗമോ മറ്റോ ആരോപിക്കപ്പെടുമ്പോൾ അവർക്കു ചിലപ്പോൾ ഉടൻ അധികാരം ഒഴിയേണ്ടിവരുന്നു. മറ്റുചിലർക്ക് അവർ ഇരിക്കുന്ന സഭകളിൽ ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്യുന്നു. അടുത്തിടെയായി ലോകത്തെ പല രാജ്യങ്ങളിൽ പലപ്പോഴായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. സ്ഥാനം ഒഴിഞ്ഞ ജനപ്രതിനിധികൾക്ക് പകരം പുതിയൊരാളെ തെരഞ്ഞെടുക്കുകയെന്നത് അനിവാര്യമാകുമ്പോൾ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താൻ സർക്കാരുകൾ നിർബന്ധിതരാകുന്നു. പൊതുഖജനാവിൽ നിന്നും കോടിക്കണക്കിനു രൂപയാണ് ഇതിനായി ചെലവഴിക്കേണ്ടി വരുന്നത്.
ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട, ലോകത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ ഇരുന്ന നേതാക്കൾ ആരൊക്കെയായിരിക്കും?
അധികാരത്തിൽ 44 സംവത്സരങ്ങൾ പൂർത്തിയാക്കിയ കാമറൂൺ പ്രസിഡണ്ട് പോൾ ബിയ ആണ് ഈയൊരു പദവി നേടിയിരിക്കുന്നത്. 40 വർഷം അധികാരത്തിലിരുന്ന ഇക്വറ്റോറിയൽ ഗ്വിനി നേതാവ് തിയോഡോറോ ഒബിയാങ് ഏംബസൊഗോ, 34 വർഷം പൂർത്തിയാക്കിയ കമ്പോഡിയൻ നേതാവ് ഹുൻസെൻ എന്നിവരാണ് ഈ പദവി നേടിയ മറ്റു പ്രമുഖർ.
ജനാധിപത്യ സംവിധാനത്തിൽ, വോട്ട് എന്നത് ഏതൊരു പൗരനും ഉയർത്തിപ്പിടിക്കാവുന്ന ഏറ്റവും മൂർച്ചയേറിയ ആയുധമാണ്. സ്വന്തം മനഃസാക്ഷിക്കും ഇഷ്ടങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസൃതമായി അത് ഉപയോഗപ്പെടുത്താം എന്നതുകൊണ്ട് തന്നെ താൻ ആരാൽ ഭരിക്കപ്പെടണം എന്ന് തീരുമാനിക്കാനും പൗരന് സാധിക്കുന്നു.
ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട, ലോകത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ ഇരുന്ന നേതാക്കൾ ആരൊക്കെയായിരിക്കും?
സമ്മതിദാനം രേഖപ്പെടുത്തുകയെന്നത്, പൗരന്റെ കേവലം അവകാശം മാത്രമല്ല, അത് രാജ്യത്തോടുള്ള അവന്റെ ഉത്തരവാദിത്തം കൂടിയാണെന്ന് ഓരോ തെരഞ്ഞെടുപ്പും നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. 'ജനാധിപത്യം' എന്നത്, പൗരന്മാർക്ക് സമൂഹത്തിൽ അന്തസ്സോടും തുല്യതയോടെയും ജീവിക്കാനുള്ള അവകാശം കൂടിയാണ് എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്.
'ജനങ്ങൾ ഭരണകൂടത്തെ ഭയപ്പെടേണ്ടതില്ല, മറിച്ച്, ഭരണകൂടം ജനങ്ങളെയാണ് ഭയപ്പെടേണ്ടത്.' പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ അലൻ മൂറിന്റെ നിരീക്ഷണവും ഈ ഘട്ടത്തിൽ ചിന്തനീയമാണ്.
'വോട്ട്' എന്ന മഹത്തായ പൗരാവകാശത്തിന്റെ വ്യാപ്തിയിലേക്കാണ് ഇത്തരം നിർവനങ്ങൾ വിരൽ ചൂണ്ടുന്നത്. വോട്ട് നൽകി ജയിപ്പിക്കുന്ന പൊതുജനങ്ങളുടെ സ്വത്തിനും ജീവനും അവകാശങ്ങൾക്കും സംരക്ഷണം നൽകാനുള്ള ബാധ്യത അതാതു പ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്കും അവർ ഉൾപ്പെടുന്ന ഭരണകൂടങ്ങൾക്കുമാണ്.
സാധാരണക്കാർക്ക് വേണ്ടി പൊതു സഭകളിൽ ഉറക്കെ സംസാരിക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ മുന്നിൽ നിൽക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ ജനപ്രതിനിധികൾ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
അഴിമതി ഒരർബുദമാണ്. ജനാധിപത്യ വ്യവസ്ഥിതിയുള്ള ഒരു രാജ്യത്തെ പൗരന്റെ വിശ്വാസത്തെയാണ് ഇത് കാർന്നു തിന്നുന്നത്.
പൗരന്മാരുടെ ക്രിയാത്മകതയും ചിന്താബോധവും കെടുത്തിക്കളയുന്ന ഈ ദുഷ്പ്രവണത ഇന്ന് ജനാധിപത്യ രാജ്യങ്ങൾ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്.
ഇത് ഒരു പരിധിവരെയെങ്കിലും തടയാൻ, തങ്ങളുടെ അധികാരം ബുദ്ധിപൂർവ്വം ഉപയോഗപ്പെടുത്തണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് സമ്മതിദാനം എന്ന പ്രക്രിയ വോട്ടർമാർക്ക് നൽകുന്നത്. തെരഞ്ഞെടുപ്പുകളുടെ ചരിത്രങ്ങൾക്ക് നൂറ്റാണ്ടുകളുടെ തന്നെ പഴക്കമുണ്ട്.
പൗരാണികതകളുടെ ഈറ്റില്ലങ്ങളായ ഏതൻസിലും റോമിലും വളരെ പണ്ടുതൊട്ടേ ഈ സംവിധാനം നിലവിലുണ്ടായിരുന്നു.
പ്രധാനമായും പോപ്പുമാരെയും ചക്രവർത്തിമാരെയും തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പ്രതീകാത്മകമായുള്ള തെരഞ്ഞെടുപ്പുകൾ. കുറേക്കൂടി വിശാല സ്വഭാവമുള്ള തെരഞ്ഞെടുപ്പുകൾ പതിനേഴാം നൂറ്റാണ്ടുകളുടെ ആരംഭത്തിൽ യൂറോപ്പിലും വടക്കൻ അമേരിക്കയിലുമാണ് നിലവിൽ വന്നത്.
ചരിത്രത്തിൽ ആദ്യമായി അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത് 1789 ൽ ആണ്. സ്വന്തം പേരിൽ സ്വത്തുവകകൾ കൈവശമുള്ളവർക്കും, വെള്ളക്കാർക്കും മാത്രമായിരുന്നു വോട്ടവകാശം. നേരത്തെ പ്രതീക്ഷിച്ചതുപോലെ തന്നെ, ജോർജ് വാഷിംഗ്ടൺ ആദ്യ പ്രസിഡന്റായി വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുകയും 1789 ഏപ്രിൽ 30 ന് അദ്ദേഹം ചുമതലയേൽക്കുകയും ചെയ്തു.
ഇന്ന് കാണുന്ന രീതിയിലുള്ള വോട്ടവകാശവും, പൂർണ തോതിലുള്ള പൗരാവകാശവും പൊതുജനങ്ങൾക്ക് ലഭിച്ചു തുടങ്ങിയത് പതിനെട്ടാം നൂറ്റാണ്ടോടു കൂടിയാണ്. ലോക ചരിത്രങ്ങൾ ആകെത്തന്നെ തിരുത്തിക്കുറിച്ച അമേരിക്കൻ ഫ്രഞ്ച് വിപ്ലവങ്ങളുടെ പശ്ചാത്തലത്തിലാണ് ജനാധിപത്യം എന്ന സങ്കൽപം പൂർണമായ വളർച്ച പ്രാപിച്ചതും പ്രായോഗികവൽക്കരിക്കപ്പെട്ടതും. ചിലരുടെ മാത്രം കുത്തകയായിരുന്ന വോട്ടവകാശം ഇതോടുകൂടി തികച്ചും ജനകീയവൽക്കരിക്കപ്പെട്ടു.
ഒരാൾക്ക് ഒരു വോട്ട് എന്ന രീതി പ്രയോഗികമല്ലാതെ വന്നപ്പോൾ, ഒരാൾക്ക് രണ്ടുവോട്ടു ചെയ്യാനുള്ള അവസരങ്ങളും ചില രാജ്യങ്ങളിലെ പൗരന്മാർക്ക് അക്കാലത്തു ലഭിക്കുകയുണ്ടായി.
ലോക ഭൂപടത്തിൽ ഇടം നേടിയിരിക്കുന്ന രാജ്യങ്ങളുടെ ഏകദേശ എണ്ണം 192 ആണ്. ഇതിൽ ജനാധിപത്യ രാജ്യങ്ങളുടെ എണ്ണമാകട്ടെ 123 ഉം.
അതേസമയം ജനാധിപത്യം നടപ്പിലാക്കിവരുന്ന രീതികൾക്കനുസൃതമായും രാജ്യങ്ങൾ തരംതിരിക്കപ്പെട്ടിട്ടുണ്ട്.
വോട്ടെടുപ്പ് എത്രത്തോളം സ്വതന്ത്രമായും നീതിയുക്തമായും നടക്കുന്നു എന്നത് മാനദണ്ഡമാക്കിയുള്ളതാണ് ഈ തരംതിരിവ്.
ഇങ്ങിനെ വരുമ്പോൾ, 2018 ലെ കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും നല്ല ജനാധിപത്യ രാജ്യമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് നോർവേ ആണ്.
ഇത്തരത്തിൽ, സിഇഒ വേൾഡ് മാഗസിൻ പുറത്തിറക്കിയ 20 രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാമത് നിൽക്കുന്നത് ഐസ്‌ലാൻഡും മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ നിൽക്കുന്നത് യഥാക്രമം സ്വീഡൻ, ന്യൂസിലാൻഡ്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളുമാണ്. നോർവേയിൽ ഏറ്റവും ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം 9 .87 ശതമാനമാണ്. ഐസ്‌ലൻഡിൽ 9 .58 ശതമാനവും, സ്വീഡനിൽ 9.39 ശതമാനം പേരും വോട്ടുകൾ രേഖപ്പെടുത്തി.
ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്കും, ഏറ്റവും പുരാതന ജനാധിപത്യ രാജ്യമായ അമേരിക്കക്കും ഈ പട്ടികയിൽ ഇടം നേടാൻ കഴിഞ്ഞില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
ഇതോടൊപ്പം തന്നെ, ഏറ്റവും മോശം ജനാധിപത്യ സംവിധാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയും മാഗസിൻ പുറത്തിറക്കിയിട്ടുണ്ട്.
സംശയത്തിനിടയില്ലാത്തവിധം, ഉത്തരകൊറിയ തന്നെയാണ് ഈ പട്ടികയിൽ പ്രഥമ സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് സിറിയയും, മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ ഛാഡ്, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, കോംഗോ എന്നീ രാജ്യങ്ങളും ഇടം പിടിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ വോട്ടു ചരിത്രം ഏറെ കൗതുകകരമാണ്.
1951 - 52 കാലയളവിലാണ് ഇന്ത്യയിൽ ആദ്യമായി പൊതു തെരഞ്ഞെടുപ്പ് നടന്നത്. 1951 ഒക്ടോബർ 25 നു തുടങ്ങിയ വോട്ടെടുപ്പ് അടുത്തവർഷം ഫെബ്രുവരി 21 വരെ നീണ്ടുനിന്നു.
സ്വാതന്ത്ര്യാനന്തരം രാജ്യത്ത് നടന്ന ആദ്യത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്. തുടർന്ന്, 1952 ഏപ്രിൽ മാസത്തോടെ ആദ്യ ലോക്‌സഭ നിലവിൽ വന്നു. ആകെ 245 സീറ്റുകൾ നേടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരുന്നു രാജ്യഭരണം ലഭിച്ചത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ഈ ലോക്‌സഭ 1957 ഏപ്രിൽ 4 നു കാലാവധി പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, കേവലം 44 .87 ശതമാനം മാത്രമായിരുന്നു വോട്ടിംഗ് നില. പി.ജി മാവ്‌ലങ്കർ ആയിരുന്നു ആദ്യ ലോക്‌സഭാ സ്പീക്കർ. 677 സിറ്റിങ്ങുകൾ നടന്ന ഈ സഭയ്ക്ക് തന്നെയായിരിക്കണം ഇക്കാര്യത്തിലുള്ള റെക്കോർഡും.
ആദ്യ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതുമുതൽ തന്നെ പലയിടങ്ങളിൽ നിന്നായി മുറുമുറുപ്പുകളും എതിർസ്വരങ്ങളും ഉയർന്നു തുടങ്ങിയിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കനത്ത വെല്ലുവിളികൾ ഉയർത്തിക്കൊണ്ടായിരുന്നു ഈ വിഘടന നീക്കങ്ങൾ.
അതുവരെ ജവഹർലാൽ നെഹ്രുവിനോടൊപ്പം നിന്നിരുന്ന ശ്യാമ പ്രസാദ് മുഖർജി ജനസംഘം എന്ന പുതിയ പാർട്ടി രൂപീകരിച്ചു കോൺഗ്രസിനെതിരെ പടക്കളത്തിലിറങ്ങി. തൊട്ടുപിന്നാലെ, ദളിത് നേതാവായിരുന്ന ബി.ആർ.അംബേദ്ക്കർ ഷെഡ്യൂൾഡ് കാസ്റ്റ്‌സ് ഫെഡറേഷൻ എന്ന പ്രസ്ഥാനവും തുടങ്ങി. ( പിൽക്കാലത്ത് ഈ പ്രസ്ഥാനം റിപ്പബ്ലിക്കൻ പാർട്ടി എന്നായിരുന്നു അറിയപ്പെട്ടത്).
ആചാര്യ കൃപലാനി (കിസാൻ മസ്ദൂർ പ്രജാ പരിഷത്), റാം മനോഹർ ലോഹ്യ ( സോഷ്യലിസ്റ്റ് പാർട്ടി ) എന്നിവരായിരുന്നു അക്കാലത്തു കോൺഗ്രസിനെതിരെ പട നയിച്ച മറ്റു ദേശീയ നേതാക്കൾ.
എന്നാൽ കോൺഗ്രസിന്റെ മുന്നേറ്റത്തിന് തടയിടാൻ തക്കവണ്ണം കെൽപ്പില്ലാതെവന്ന ഇത്തരം പ്രസ്ഥാനങ്ങൾ കുറേക്കാലത്തേക്കെങ്കിലും പേരിനുമാത്രമായി നില കൊണ്ടു.
26 സംസ്ഥാനങ്ങളിൽ നിന്നായി മൊത്തം 489 നിയോജക മണ്ഡലങ്ങളിലേക്കായിരുന്നു ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പ്.
രണ്ടും മൂന്നും സീറ്റുകളുള്ള ലോക്‌സഭാ മണ്ഡലങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, ഒരേ മണ്ഡലത്തിൽ കൂടുതൽ സീറ്റുകൾ അനുവദിച്ചിരുന്ന കീഴ്‌വഴക്കം 1960 ഓടെ നിർത്തലാക്കി. സ്വാതന്ത്ര്യത്തിന്റെ 72 വർഷം പിന്നിട്ട ഈ വർഷത്തെ ഇന്ത്യൻ തെരഞ്ഞെടുപ്പിന് ആഗോള സമൂഹം വൻ പ്രാധാന്യമാണ് നൽകുന്നത്.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ലോകമെമ്പാടു നിന്നുമുള്ള വൻ മാധ്യമപ്പട ഇതിനകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ചു കഴിഞ്ഞു.
ജനസംഖ്യയിൽ, ചൈനയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ആഗോള സാമൂഹ്യ സാമ്പത്തിക വ്യാവസായിക മേഖലകളെ സമൂലം സ്വാധീനിക്കുന്നു എന്നതാണിതിന് കാരണം. രാജ്യത്തെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ അടുത്തകാലങ്ങളിലായി രൂപീകൃതമായിട്ടുള്ള പുതിയ സമവാക്യങ്ങൾ ഏറ്റവും പുതിയ വിധിയെഴുത്തിനെ വളരെ വലുതായിത്തന്നെ സ്വാധീനിക്കുമെന്ന കാര്യവും നിസ്തർക്കമാണ്. പൊതുജനങ്ങളുടെ വിധിയെഴുത്ത് ഫലമറിയാൻ നമുക്ക് മെയ് 23 വരെ കാത്തിരിക്കാം.