Sorry, you need to enable JavaScript to visit this website.

പരസ്യ പിന്തുണയുമായി എന്‍.എസ്.എസ്: ശശി തരൂരിന് വലിയ ആശ്വാസം

തിരുവനന്തപുരം- ശക്തമായ ത്രികോണമത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാർത്ഥി ശശിതരൂരിന് എൻ.എസ്.എസ്. പിന്തുണ. തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളിൽ കോൺഗ്രസ് പ്രവർത്തകരിൽനിന്ന് വേണ്ടത്ര പിന്തുണകിട്ടുനില്ലെന്ന് ശശിതരൂർ പരാതിപെടുന്നതിനിടയിലാണ് എൻ.എസ്.എസ്. അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. മണ്ഡലത്തിലെ പ്രമുഖസമുദായത്തിന്റെ പരസ്യമായ പിന്തുണ ശശിതരൂർ ക്യാമ്പിനിത് ആവേശം പകർന്നിട്ടുണ്ട്.
ശബരിമല വിഷയത്തിൽ ഹിന്ദുവോട്ടുകൾ കുമ്മനം രാജശേഖരന് അനുകൂലമായി ഏകീകരിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ബി.ജെ.പിക്ക് എൻ.എസ്.എസ്. നിലപാട് ആശങ്കപ്പെടുത്തിയിരിക്കുകയാണ്. കോൺഗ്രസ് സ്ഥാനാർത്ഥി ശശിതരൂരും ബി.ജെ.പി.സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും നായർ സമുദായത്തിലുള്ളവരാണ്. സി.പി.ഐയുടെ സി.ദിവാകരൻ ഈഴവ സമുദായമാണ്. 2011ലെ സെൻസസ്പ്രകാരം തിരുവനന്തപുരം മണ്ഡലത്തിൽ 66.46 ശതമാനം ഹിന്ദുക്കളാണ്. ഇവരിൽ 26 ശതമാനം നായർ സമുദായമാണ്. ക്രിസ്ത്യാനികൾ19.1 ശതമാനവും മുസ്‌ലിങ്ങൾ 13.72 ശതമാനവും വരും.  എൻ.എസ്.എസ്.ജനറൽ സെക്രട്ടറി സുകുമാരൻനായരുമായി വ്യക്തിപരമായി ഏറെ അടുപ്പം സൂക്ഷിക്കുന്നയാളാണ് ശശിതരൂർ.ഈബന്ധമാണ് ഇപ്പോഴദ്ദേഹത്തിന് തുണയായെത്തിയത്.
മണ്ഡലത്തിലെ കരയോഗങ്ങളിലും വനിതാസമാജങ്ങലിലും ശശിതരൂരിന് പിന്തുണനൽകണമെന്ന അറിയിപ്പ് ഉടൻ നൽകും. സംസ്ഥാനത്ത് 5600 ഓളം കരയോഗങ്ങളാണുള്ളത്. തെരഞ്ഞെടുപ്പിൽ എൻ.എസ്.എസിന്റെയും എസ്.എൻ.ഡി.പിയുടെയും നിലപാടുകൾ നിർണ്ണായകമാകാറുണ്ട്. എസ്.എൻ.ഡി.പി. എൽ.ഡി.എഫ്.പക്ഷത്താണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അവരുടെ രാഷ്ട്രിയ പാർട്ടിയായ ബി.ഡി.ജെ.എസ്. ബി.ജെ.പിക്കൊപ്പമാണ്. അതുകൊണ്ട് എസ്.എൻ.ഡി.പി.പിന്തുണ ബി.ജെ.പിക്ക് പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 ഈ സാഹചര്യത്തിൽ ന്യൂനപക്ഷ വോട്ടുകൾകൂടി സമാഹരിക്കാനായാൽശശിതരൂരിന് വിജയം നേടാനാകുമെന്നാണ് പ്രതീക്ഷ. ശബരിമല വിഷയത്തിൽ ശശിതരൂരിനോട് എൻ.എസ്.എസിന് വിരോധമില്ലെന്നതാണ് പിന്തുണതെളിയിക്കുന്നത്. ശബരിമല വിഷയം പാർലമെന്റിൽ ആദ്യമായി ഉന്നയിച്ച എം.പിയാണ് ശശിതരൂർ. വിശ്വാസികൾക്കൊപ്പമെന്ന നിലപാടാണദ്ദേഹം സ്വീകരിച്ചത്.
ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും നിലപാടുകളെ പാർലമെന്റിൽ ശക്തമായ ഭാഷയിൽ അദ്ദേഹം വിമർശിച്ചിരുന്നു. എന്നിട്ടും അദ്ദേഹം ശബരിമല വിഷയത്തിൽ ഒന്നും ചെയ്തില്ലെന്ന് വാദിക്കുന്നവർക്കുള്ള മറുപടി പാർലമെന്റിലെ  അദ്ദേഹത്തിന്റെ പ്രസംഗം പരിശോധിച്ചാൽ ലഭിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം ചൂണ്ടികാണിക്കുന്നത്. 
ബി.ജെ.പി.തെരഞ്ഞെടുപ്പ് രംഗത്ത് സംസ്ഥാനത്ത് ഏറ്റവും കാര്യക്ഷമായി പ്രവർത്തിക്കുന്ന  മണ്ഡലം തിരുവനന്തപുരമാണ്. കോൺഗ്രസ് വോട്ടുകളും എൽ.ഡി.എഫ്.അനുഭാവികളുടെ വോട്ടും നേടിയെടുക്കാൻ എല്ലാവിധതന്ത്രങ്ങളും നടത്തിവരുകയാണ്. അതുകൊണ്ട് എൻ.എസ്.എസ്. ശശിതരൂരിന് പിന്തുണ നൽകിയാലും അത് തങ്ങളെ ബാധിക്കില്ലെന്നാണ് ബി.ജെ.പി.നേതൃത്വത്തിന്റെ നിലപാട്.ബി.ജെ.പി.സംസ്ഥാനത്ത് വിജയിക്കുന്ന ഏകസീറ്റ് തിരുവനന്തപുരമാണെന്ന് ചില സർവ്വെ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
 

Latest News