അബുദാബി-വാടക ഗര്‍ഭധാരണത്തിനും അണ്ഡ, ബീജ ദാനത്തിനും യു.എ.ഇ.യില്‍ വിലക്ക്. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലാണ് നിരോധനം ഏര്‍പ്പെടുത്തി കൊണ്ട് കരട് നിയമം പുറത്തിറക്കിയിരിക്കുന്നത്. അതേസമയം, ഭ്രൂണവും അണ്ഡവും ബീജവും ശീതീകരിച്ച് സൂക്ഷിക്കുന്നതിന് നിയമത്തില്‍ വിലക്കില്ല.
കുട്ടികളുണ്ടാവുന്നതിന് ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് ഗര്‍ഭധാരണത്തിനുള്ള സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇതിലൂടെ കഴിയും.
കഴിഞ്ഞ വര്‍ഷം ക്യാബിനറ്റ് അംഗീകാരം ലഭിച്ച കരട് നിയമം യു.എ.ഇ. പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അന്തിമ ഉത്തരവിനായി കാത്തിരിക്കുകയാണ്. ക്യാബിനറ്റ് തീരുമാനപ്രകാരമുള്ള വ്യവസ്ഥകളും ഇതില്‍ പ്രസിദ്ധീകരിക്കും. ബീജസംയോഗം ഭാര്യാഭര്‍തൃ ബന്ധം നിലനില്‍ക്കുന്ന പങ്കാളികള്‍ക്കൊഴികെ മറ്റാര്‍ക്കും നടപ്പാക്കാന്‍ യു.എ.ഇ. നിയമം അനുവദിക്കുന്നില്ല. ഭ്രൂണ, അണ്ഡ, ബീജ ബാങ്കുകള്‍ കൃത്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖകള്‍ സൂക്ഷിക്കണമെന്നും നിയമത്തില്‍ പറയുന്നു. ഈ നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും പത്തുലക്ഷം ദിര്‍ഹം വരെ പിഴയും ശിക്ഷ ലഭിക്കും.