തലശേരി-മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പിന് ശേഷം ബ്രിട്ടനുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തും. നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ 10 ദിവസത്തെ സന്ദര്‍ശനത്തിനാണ് പിണറായി തയ്യാറെടുക്കുന്നത്. ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് ഒപ്പം യാത്ര ചെയ്യുന്നുണ്ട്.
പ്രളയാനന്ത പുനനിര്‍മ്മാണവുമായി ബന്ധപ്പെട്ട മാതൃകകള്‍ പരിചയപ്പെടുകയാണ് ലക്ഷ്യം. യുഎന്‍ഇപിയുടെ റൂം ഫോര്‍ റിവര്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് നെതര്‍ലന്‍ഡ്‌സിലെ നൂര്‍വുഡ് മേഖലയും സന്ദര്‍ശിക്കും. നവീകരണം, ആധുനിക കൃഷി രീതികള്‍ തുടങ്ങിയ മേഖലകളിലെ വിദഗ്ധരുമായുള്ള കൂടിക്കാഴ്ചകളും നിശ്ചയിച്ചിട്ടുണ്ട്. ജനീവയില്‍ യു.എന്‍.വേള്‍ഡ് റീകണ്‍സ്ട്രക്ഷന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. വിവിധ ഇക്കോ ടൂറിസം പദ്ധതികള്‍ സന്ദര്‍ശിക്കും. റവന്യൂ സെക്രട്ടറി ഡോ. വി. വേണു, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ് എന്നിവരും ജനീവയില്‍ സംഘത്തിനൊപ്പം ചേരും. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പാരിസിലെത്തി വിവിധ മലയാളി സംഘടനകളുമായി ആശയവിനിമയം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലണ്ടനില്‍ കിഫ്ബി മസാല ലിസ്റ്റിങ് നടത്തും. മെയ് 18ന് മുഖ്യമന്ത്രിയും സംഘവും കേരളത്തിലേക്ക് തിരിക്കും