തിരുവനന്തപുരം- സ്ത്രീത്വത്തെ അപമാനിച്ച് വീഡിയോ പ്രചരിപ്പിച്ചുവെന്ന കേസിൽ കോൺഗ്രസ് നേതാവും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ സുധാകരനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി. ഓളെക്കൊണ്ട് ഒന്നിനും കൊള്ളൂല'. എന്ന പരസ്യ ചിത്രത്തിലെ പരാമർശമാണ് വിവാദമായത്.
'ഒരു തെറ്റ് ഏതു പൊലീസുകാരനും പറ്റുമെന്നും ഇനി ഓൻ പോകട്ടെ. ഓൻ ആൺകുട്ടിയാ. പോയാ കാര്യം സാധിച്ചിട്ടേ വരൂ' എന്നും പരസ്യ ചിത്രത്തിലുണ്ട്. തുടർന്ന് കൈപ്പത്തി ചിഹ്നത്തിൽ കെ സുധാകരന് വോട്ട് ചെയ്തു വിജയിപ്പിക്കാനുള്ള ആഹ്വാനത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി സുധാകരൻ പുറത്തിറക്കിയ പരസ്യ ചിത്രം സ്ത്രീ വിരുദ്ധമാണെന്ന വാദവുമായി സി.പി.എം രംഗത്തെത്തിയിരുന്നു. ഇടതു സ്ഥാനാർഥിയെ ഉദ്ദേശിച്ചാണ് ഈ പരാമർശമെന്ന ആരോപണമാണ് സി.പി.എം വാദം. '