കണ്ണൂര്‍- ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സാമ്പത്തിക തകര്‍ച്ച, അഴിമതി, കാര്‍ഷിക വിളകളുടെ വിലയിടിവ് എന്നിവയാകും സ്വാധീനിക്കുകയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം മൂന്ന് പ്രശ്‌നങ്ങളെയാണ് നേരിടുന്നത്. ഒന്ന് സാമ്പത്തിക വ്യവസ്ഥിതിയുടെ തകര്‍ച്ച. നരേന്ദ്ര മോഡിയുടെ നയങ്ങള്‍ മൂലമുണ്ടായ തൊഴിലില്ലായ്മ, നോട്ട് അസാധുവാക്കല്‍, ഗബ്ബര്‍സിങ് ടാക്‌സ് തുടങ്ങിയവ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനത്തെ ബാധിച്ചു. രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു.
രണ്ടാമത്തെ പ്രശ്‌നം കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയാണ്. നിരവധി കര്‍ഷകരാണ് അവഗണനയെ തുടര്‍ന്ന് ആത്മഹത്യചെയ്യുന്നത്. മോഡി വ്യക്തിപരമായി ചെയ്ത അഴിമതിയാണ് മൂന്നാമത്തെ പ്രശ്‌നം. 30,000 കോടി രൂപയാണ് ഇന്ത്യക്കാരില്‍ നിന്ന് കൊള്ളയടിച്ച് അനില്‍ അംബാനിക്ക് മോഡി നല്‍കിയിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചാബിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമായി ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ നല്‍കിയിട്ടുള്ളത്. പിന്നെ എങ്ങനെയാണ് കോണ്‍ഗ്രസ് ദേശവിരുദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പറയാന്‍ സാധിക്കുക. രാജ്യത്തെ വിഭജിക്കുക എന്നതാണ് ഏറ്റവും വലിയ ദേശവിരുദ്ധത.
27000 യുവാക്കള്‍ക്കാണ് ഓരോ മണിക്കൂറിലും രാജ്യത്ത് തൊഴില്‍ നഷ്ടപ്പെടുന്നത്. ഇത് ദേശദ്രോഹമാണ്. കാര്‍ഷികമേഖലയെ നശിപ്പിക്കുന്നത് കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണമാകുന്നു. ഇത് ദേശദ്രോഹമാണ്. രാജ്യത്തിന്റെ 30000 കോടി അനില്‍ അംബാനിക്ക് നല്‍കിയത് ദേശദ്രോഹമാണ്. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കാന്‍ അനുവദിക്കുന്നതെന്ന് നരേന്ദ്രമോഡി വ്യക്തമാക്കണം. ഇതൊക്കെ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകുമെന്നും രാഹുല്‍ പറഞ്ഞു.
വടക്കന്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെപ്പറ്റിയുള്ള ചോദ്യത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി അക്രമത്തില്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു മറുപടി. ദൗര്‍ബല്യത്തില്‍ നിന്നാണ് എല്ലാത്തരത്തിലുമുള്ള അക്രമങ്ങളും ഉണ്ടാകുന്നത്. കോണ്‍ഗ്രസ് കരുത്തിലാണ് വിശ്വസിക്കുന്നത്. ആളുകളെ കൊല്ലുന്നതിനെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല, ഇവിടെ നടക്കുന്ന അത്തരം കാര്യങ്ങളെ അംഗീകരിക്കുന്നില്ലരാഹുല്‍ വ്യക്തമാക്കി.
നിങ്ങളെന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കാത്ത്. കേരളത്തിലെയും ഒഡീഷയിലെയും ഡല്‍ഹിയിലെയും ഉള്‍പ്പെടെയുള്ള പ്രാദേശിക, ദേശീയ മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു.