തിരുവനന്തപുരം- ഹൃദയത്തിന് തകരാറുള്ള കുരുന്നിന്റെ ജീവനുമായി കടന്നു പോയ ആംബുലന്‍സിന് വഴിയൊരുക്കിയ സംഭവത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ ഹിന്ദുരാഷ്ട്ര സേവകനെന്ന് അവകാശപ്പെടുന്ന ബിനില്‍ സോമസുന്ദരത്തിനെതിരെ ഡി.ജി.പിക്ക് പരാതി. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി മംഗലാപുരത്തുനിന്ന് ആംബുലന്‍സില്‍ കുഞ്ഞിനെ കൊച്ചിയിലെത്തിച്ച സംഭവത്തെ വര്‍ഗീയ വിദേഷ പ്രചാരണത്തിന് വിഷയമാക്കിയ ബിനിലിനെതിരെ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയത്. കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചതായി ശ്രീജിത്ത് പറഞ്ഞു.
ആംബുലന്‍സിലുള്ളത് 'ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്'; അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന് നേരെ വര്‍ഗീയ വിഷം ചീറ്റി ഫേസ്ബുക്ക് പോസ്റ്റിട്ട തീവ്രവാദിക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. കര്‍ശന നടപടിയെന്ന് പോലീസ്. വിഷയം ശ്രദ്ധയില്‍പ്പെടുത്തിയ സുഹൃത്തുക്കള്‍ക്ക് നന്ദി- ശ്രീജിത്ത് പെരുമന ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
'കെഎല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായി കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി 'സാനിയ മിത്താഹ്' ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും കാരണം ന്യൂനപക്ഷ (ജിഹാദിയുടെ ) വിത്താണ്!' ഇങ്ങനെയാണ് ബിനില്‍ സോമ സുന്ദരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നത്. ഹിന്ദുരാഷ്ട്രയുടെ സേവകനെന്ന് സ്വയം പരിചയപ്പെടുന്ന ഇയാളുടെ പോസ്റ്റിനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. പോസ്റ്റ് വന്‍ വിവാദമായതോടെ ഡിലീറ്റ് ചെയ്ത ബിനില്‍ എഫ്.ബി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംശയിക്കുന്നതായി പുതിയ പോസ്റ്റിട്ടു. എന്നാല്‍ ശബരിമല വിഷയത്തില്‍ സുപ്രീംകോടതിക്കെതിരേയും സംസ്ഥാന സര്‍ക്കാരിനെതിരേയും നിരവധി പോസ്റ്റുകള്‍ ഇയാളുടെ ഫേസ്ബുക്ക് പേജിലുണ്ട്.