റിയാദ്- സമഗ്രമായ പരിഷ്‌കാരങ്ങളിലൂടെ സൗദി അറേബ്യയെ പന്ത്രണ്ടാം നൂറ്റാണ്ടില്‍നിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് എത്തിക്കുകയാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചെയ്തതെന്ന് കിംഗ്ഡം ഹോള്‍ഡിംഗ് ഗ്രൂപ്പ് ചെയര്‍മാനും വ്യവസായ പ്രമുഖനുമായ അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ പറഞ്ഞു. റിയാദ് കിംഗ്ഡം ടവറില്‍ ഏറ്റവും ആഡംബരപൂര്‍ണമായ സിനിമാ തിയേറ്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നേതൃത്വം നല്‍കുന്ന വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി സൗദിയില്‍ സിനിമാ മേഖലയിലെ ചലനങ്ങള്‍ ഏറെ പ്രധാനമാണെന്ന് ത്വലാല്‍ രാജകുമാരന്‍ പറഞ്ഞു.
വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി, ഫുട്ബോള്‍ സ്റ്റേഡിയങ്ങളിലേക്ക് വനിതകള്‍ക്കുള്ള പ്രവേശനം, സിനിമാ തിയേറ്ററുകള്‍ തുറക്കല്‍, തിയേറ്ററുകളിലേക്ക് വനിതകള്‍ക്ക് പ്രവേശനം നല്‍കല്‍ എന്നിവയെല്ലാം രാജ്യത്ത് വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു.
സാമൂഹിക തലത്തിലെ ഈ വിപ്ലവം സൗദി അറേബ്യയെ സ്വാഭാവിക സ്ഥിതിയിലേക്ക് തിരിച്ചെത്തിച്ചു. വിനോദത്തിന് വിദേശങ്ങളിലേക്ക് യാത്ര പോകേണ്ട ആവശ്യവും ആഗ്രഹവും സൗദി പൗരന്‍മാര്‍ക്ക് ഇല്ലാതായിരിക്കുന്നു. രാജ്യത്ത് ഇപ്പോള്‍ ദൃശ്യമായ തുറന്ന നയത്തിന്റെ ഫലമാണ് മേഖലയിലെ ഏറ്റവും ആഡംബരപൂര്‍ണമായ തിയേറ്ററിന്റെ ഉദ്ഘാടനം.
സൗദിയില്‍ സിനിമാ വ്യവസായ മേഖലയുടെ പുരോഗതി മുന്നില്‍ കണ്ടുള്ള ഒരുക്കങ്ങളും സിനിമാ വ്യവസായ മേഖലക്കും നടീനടന്മാര്‍ക്കും നല്‍കുന്ന പിന്തുണകളും മൊത്തം ആഭ്യന്തരോല്‍പാദനം ഉയര്‍ത്തുന്നതിന് സഹായകമാകുമെന്നും ത്വലാല്‍ രാജകുമാരന്‍ പറഞ്ഞു.