Sorry, you need to enable JavaScript to visit this website.

പട ജയിച്ച് പാക്കിസ്ഥാൻ

പാക് ജയം 77 പന്തും എട്ട് വിക്കറ്റും ശേഷിക്കെ
ഇംഗ്ലണ്ടിന് കാത്തിരിപ്പ് തന്നെ വിധി

കാർഡിഫ് - ഐ.സി.സി ടൂർണമെന്റുകളുടെ ചരിത്രത്തിൽ രണ്ടാം തവണ ഇന്ത്യ-പാക്കിസ്ഥാൻ ഫൈനലിന് കളമൊരുങ്ങുകയാണോ? അജയ്യരായി വന്ന ആതിഥേയരായ ഇംഗ്ലണ്ടിനെ അമ്പേ നിലംപരിശാക്കി പ്രവചനാതീതമായ പാക്കിസ്ഥാൻ ടീം ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലുറപ്പാക്കി. ബംഗ്ലാദേശുമായി ഇന്ന് ഇന്ത്യ സെമി കളിക്കുകയാണ്. 2007 ലെ ട്വന്റി20 ലോകകപ്പിലാണ് ആദ്യമായി ഇന്ത്യ-പാക്കിസ്ഥാൻ ഫൈനൽ അരങ്ങേറിയത്. ഐ.സി.സി ഏകദിന ടൂർണമെന്റിൽ കിരീടം നേടാനുള്ള ഇംഗ്ലണ്ടിന്റെ സുദീർഘമായ കാത്തിരിപ്പ് ഇത്തവണയും ഫലവത്തായില്ല. 
കഴിഞ്ഞ ലോകകപ്പിനു ശേഷം സ്ഥിരമായി മുന്നൂറിനു മേൽ സ്‌കോർ ചെയ്തിരുന്ന ഇംഗ്ലണ്ടിനെ ഒന്നാന്തരം ബൗളിംഗും ഫീൽഡിംഗും വഴി 49.5 ഓവറിൽ 211 ന് ഓളൗട്ടാക്കിയാണ് പാക്കിസ്ഥാൻ വിജയത്തിലേക്കു ചുവടുവെച്ചത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ശ്രീലങ്കക്കെതിരെ വിറച്ചുവിറച്ച് ലക്ഷ്യം മറികടന്ന ബാറ്റിംഗ് നിരക്ക് ഇത്തവണ പിഴച്ചില്ല. വെറും 37.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ അവർ അനായാസം ലക്ഷ്യം മറികടന്നു. ഓപണർ ജോണി ബെയര്‍‌സ്റ്റോയെയും (57 പന്തിൽ 43) അപകടകാരികളായ ക്യാപ്റ്റൻ ഓയിൻ മോർഗൻ (53 പന്തിൽ 33), ബെൻ സ്റ്റോക്‌സ് എന്നിവരെയും (64 പന്തിൽ 34) പുറത്താക്കിയ പെയ്‌സ്ബൗളർ ഹസൻഅലിയാണ് (10-0-35-3) പാക്കിസ്ഥാന്റെ ഹീറോ. 
ഹസൻഅലിയും ജുനൈദ് ഖാനും (8.5-0-42-2) റുമ്മാൻ റഈസും (9-0-44-2) ഒന്നാന്തരം റിവേഴ്‌സ് സ്വിംഗ് കണ്ടെത്തിയതോടെ ഇന്നിംഗ്‌സിൽ ഒരു സിക്‌സർ പോലും പായിക്കാൻ ഇംഗ്ലണ്ട് ബാറ്റിംഗ് നിരക്കു സാധിച്ചില്ല. സ്പിന്നർമാരായ ഇമാദ് വസീം (5-0-16-0), ശാദബ് ഖാൻ (9-0-40-1) മുഹമ്മദ് ഹഫീസ് (8-0-33-0) എന്നിവർ ബാറ്റിംഗ് നിരക്ക് സ്വാതന്ത്ര്യം അനുവദിച്ചതേയില്ല. 10 വിക്കറ്റ് കൊയ്ത ഹസൻഅലിയാണ് ടൂർണമെന്റിലെ വിക്കറ്റ്‌കൊയ്ത്തിൽ ഒന്നാമൻ. പരിക്കേറ്റ മുഹമ്മദ് ആമിറിന് പിന്മാറേണ്ടി വന്നതൊന്നും പാക്കിസ്ഥാനെ ബാധിച്ചില്ല. 
തുടക്കത്തിൽ വിക്കറ്റെടുത്താലേ ഇംഗ്ലണ്ടിന് തിരിച്ചുവരാൻ സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാൽ അസ്ഹർഅലിയും (100 പന്തിൽ 76) ഫഖർ സമാനും (58 പന്തിൽ 57) ഓപണിംഗ് വിക്കറ്റിൽ 21 ഓവറിൽ 118 റൺസിന്റെ അടിത്തറയിട്ടു. ബാബർ അസമും (45 പന്തിൽ 38 നോട്ടൗട്ട്) ഹഫീസും (21 പന്തിൽ 31 നോട്ടൗട്ട്) കൂടുതൽ നഷ്ടമില്ലാതെ വിജയം പൂർത്തിയാക്കി. 3.1 ഓവറിൽ 38 റൺസ് വിട്ടുകൊടുത്ത സ്റ്റോക്‌സിനെ ബൗണ്ടറിക്കു പറത്തി ഹഫീസാണ് വിജയ റൺസ് കണ്ടെത്തിയത്. 
പതിനേഴാം ഓവറിൽ ഒന്നിന് 80 ലെത്തിയ ശേഷമാണ് ഇംഗ്ലണ്ട് മുടന്തിയത്. 64 പന്ത് നേരിട്ട സ്റ്റോക്‌സിന് ഒരു ബൗണ്ടറി പോലും കണ്ടെത്താനായില്ല. ഇംഗ്ലണ്ട് ആകെ അടിച്ചത് 15 ബൗണ്ടറിയാണ്. അവസാന പതിനൊന്നോവറിൽ ഒന്നും. 
ജെയ്‌സൻ റോയിക്കു പകരം ബെയര്‍‌സ്റ്റോയുമായാണ് ഇംഗ്ലണ്ട് തുടങ്ങിയത്. രണ്ടാമത്തെ പന്തിൽ തന്നെ ബെയര്‍‌സ്റ്റോ പുറത്താവേണ്ടതായിരുന്നു. എന്നാൽ അമ്പയറുടെ തീരുമാനം നോട്ടൗട്ടായതിനാൽ ഡി.ആർ.എസിൽ ഓപണർ രക്ഷപ്പെട്ടു. പിന്നീട് ബെയര്‍‌സ്റ്റോക്ക് രണ്ടു ജീവൻ കിട്ടി. ഒമ്പതിലുള്ളപ്പോൾ അലക്‌സ് ഹെയ്ൽസിനെ (13) എൽ.ബിയായതായി അമ്പയർ വിധിച്ചെങ്കിലും ഡി.ആർ.എസിലൂടെ ബാറ്റ്‌സ്മാൻ അനുകൂല വിധി നേടി. 19 ലുള്ളപ്പോൾ മോർഗനെയും ഡി.ആർ.എസ് രക്ഷിച്ചു. എന്നാൽ പന്ത് റിവേഴ്‌സ് സ്വിംഗ് ചെയ്യാൻ തുടങ്ങിയതോടെ ഇംഗ്ലണ്ട് പരുങ്ങി. 
 

Latest News