കൊച്ചി- പ്രണയം തകര്‍ന്നതിനു പക തീര്‍ക്കാന്‍ കാമുകിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച് പദ്ധതി പാളിയതോടെ അബുദബിയിലേക്ക് മുങ്ങിയ പ്രതിയെ എറണാകുളം പോലീസ് തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്തു. പാലക്കാട് തച്ചമ്പാറ പുവത്തിങ്കല്‍ മനു (24) ആണ് പിടിയിലായത്. മാര്‍ച്ച് 14ന് കൊച്ചി പനമ്പിള്ളി നഗറിലാണ് കാമുകിക്കും കൂടെയുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിക്കും നേരെ പെട്രോള്‍ ഒഴിച്ച് മനു കത്തിക്കാന്‍ ശ്രമിച്ചത്. കൊച്ചിയില്‍ ഏവിയേഷന്‍ കോഴ്‌സിനു പഠിക്കുന്ന ഊട്ടി സ്വദേശിയായ പെണ്‍കുട്ടിയും കൂട്ടുകാരിയുമാണ് ഇയാളുടെ ആക്രമണത്തിനിരയായത്. പഠനത്തോടൊപ്പം നഗരത്തിലെ ഒരു മാളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ വൈകീട്ട് 7.15ഓാടെ സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് പിറകെ ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയ മനു ആളൊഴിഞ്ഞ റോഡില്‍ തടഞ്ഞു നിര്‍ത്തി പെണ്‍കുട്ടികള്‍ക്കു നേരെ പെട്രോള്‍ ഒഴിക്കുകയായിരുന്നു. ഭയന്ന പെണ്‍കുട്ടികള്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് റോഡു മുറിച്ച് കടന്ന് സമീപത്തെ ഒരു കടയിലേക്ക് ഓടിക്കയറുകയായിരുന്നു. പദ്ധതി പാളിയതോടെ മനു മുങ്ങുകയും ചെയ്തു. തിരുവല്ലയില്‍ നടുറോട്ടില്‍ വിദ്യാര്‍ത്ഥിനിടെ മുന്‍ കാമുകന്‍ കുത്തി പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊന്ന സംഭവത്തിനു തൊട്ടു പിന്നാലെയായിരുന്നു ഈ സംഭവം.
അബുദബിയിലായിരുന്ന പ്രതി പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടാണ് കഴിഞ്ഞ മാസം നാട്ടിലെത്തിയത്. കൂട്ടുകാരെ പോലും വിവരമറിയിക്കാതെ അബുദബിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തുകയും ശേഷം കോയമ്പത്തൂരില്‍ പോയി ബൈക്ക് വാടകയ്ക്ക് എടുത്ത് കൊച്ചിയിലെത്തിയാണ് മുന്‍ കാമുകിയെ കൊല്ലാന്‍ ശ്രമിച്ചത്. ഇതിനായി ഇയാള്‍ പെണ്‍കുട്ടിയെ പിന്തുടരുകയും ചെയ്തു. ഒടുവില്‍ പദ്ധതി പാളിയതോടെ തൊട്ടടുത്ത ദിവസം തന്നെ വാടക ബൈക്ക് കോയമ്പത്തൂരില്‍ തിരികെ ഏല്‍പ്പിച്ച് ദുബായിലേക്കു മുങ്ങുകയായിരുന്നു.
യുവാവിനെ കുറിച്ച് വിവരം ലഭിക്കാതെ പോലീസ് ആദ്യം കുഴങ്ങി. മനുവുമായി ബന്ധമുണ്ടായിരുന്നത് പെണ്‍കുട്ടി ആദ്യം വെളിപ്പെടുത്തിയിരുന്നില്ല. വൈകിയാണ് അന്വേഷണം മനുവില്‍ എത്തിയത്. 200 പേരെ ചോദ്യം ചെയ്തും 1200ഓളം പേരുടെ ഫോണ്‍ വിവരങ്ങളും നൂറോളം സിസിടിവ കാമറ ദൃശ്യങ്ങളും പരിശോധിച്ചുമാണ് അന്വേഷണം മനുവില്‍ എത്തിയതെന്ന് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന്‍ പറഞ്ഞു. വര്‍ഷങ്ങളായി പരസ്പരം അറിയുന്നവരാണ് പെണ്‍കുട്ടിയും മനുവും. ഇവരുടെ പ്രണയം ബന്ധുക്കളും അറിയും. എന്നാല്‍ പെണ്‍കുട്ടി കൊച്ചിയിലെത്തിയതോടെ മറ്റു ബന്ധങ്ങളിലേക്കു മാറിയെന്ന സംശയമാണ് മനുവിനെ വധശ്രമത്തിന് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു. ഈ ബന്ധങ്ങളില്‍ നിന്ന് പിന്മാറണമെന്നും വിവാഹത്തിന് തയാറാകണമെന്നും മനു ആവശ്യപ്പെട്ടിരുന്നെങ്കിലും പെണ്‍കുട്ടി തയാറാകാത്തതാണ് മനുവിന്റെ പകയ്ക്കു കാരണം.
ഏറെ പണിപ്പെട്ടാണ് പോലീസ് അബുദബിയില്‍ നിന്നും മനുവിനെ നാട്ടില്‍ തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്തത്. തെളിവുകള്‍ കാണിച്ച് പ്രതിയോട് നാട്ടിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും മനു ആദ്യം തയാറായില്ല. യാത്രയ്ക്ക പണമില്ലെന്ന് അറിയിച്ചപ്പോള്‍ പോലീസ് ടിക്കറ്റിനുള്ള പണവും പ്രതിക്ക് പോലീസ് അയച്ചു കൊടുത്തിരുന്നു. എന്നാല്‍ അവസാന നിമിഷം യാത്ര റദ്ദാക്കി പ്രതി ഒളിച്ചു കളി തുടര്‍ന്നതോടെ കേരള പോലീസ് അബുദബി പോലീസിന്റെ സഹായം തേടുകയയായിരുന്നു. ഇതിന്റെ പേരില്‍ ജോലി നഷ്ടപ്പെടുകയും ചെയതതോടെ സമ്മര്‍ദ്ദത്തിലായി. നാട്ടിലേക്കു കയറുകയാല്ലാതെ മാര്‍ഗമില്ലാതായ പ്രതിക്കു വേണ്ടി വിമാനത്താവളങ്ങളില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും കേരളത്തിലേക്കുള്ള വിമാനങ്ങളില്‍ നിരീക്ഷണമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഒടുവില്‍ ചൊവ്വാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രതിയെ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.