Sorry, you need to enable JavaScript to visit this website.

രണ്ടു പതിറ്റാണ്ട് പിന്നിട്ട് മലയാളം ന്യൂസ്

സൗദി റിസർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പിന്റെ കീഴിൽ പ്രവാസി മലയാളികൾക്കായി 1999 ഏപ്രിൽ 16 ന് ഔപചാരികമായി ആരംഭം കുറിച്ച, ഇന്ത്യക്ക് വെളിയിൽനിന്ന് ആദ്യമായി അച്ചടിച്ച് വിതരണം ചെയ്യുന്ന സമ്പൂർണ മലയാള ദിനപത്രമായ മലയാളം ന്യൂസ് ഇന്ന് വിജയകരമായ ഇരുപതാമത്തെ വർഷത്തിലെത്തി നിൽക്കുന്നു- അൽഹംദുലില്ലാഹ്. ചൈതന്യപൂർണമായ രണ്ടു പതിറ്റാണ്ടുകളായി സൗദി അറേബ്യയിലേയും ഗൾഫിലേയും ലക്ഷക്കണക്കിന് വായനക്കാരെ അവർ പിറന്ന നാടിന്റേയും വീടിന്റേയും അന്തരീക്ഷവുമായി, സംസ്‌കൃതിയുമായി കൂട്ടിയിണക്കുന്ന കണ്ണിയായി പ്രവർത്തിച്ചു പോരുന്ന മലയാളം ന്യൂസ്, എല്ലാ അർഥത്തിലും പ്രവാസികളുടെ ദർപ്പണമാണെന്ന് പറയാതെ വയ്യ. പ്രവാസികളുടെ വായന, എഴുത്ത്, സാമൂഹിക ബോധം, ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ തുടങ്ങി മറ്റ് സാംസ്‌കാരിക സ്വത്വം എന്നിവയിലൊക്കെ നിർണായക സ്വാധീനം ചെലുത്തുന്ന മലയാളം ന്യൂസ്, ക്ലേശങ്ങളനുഭവിക്കുന്ന നിരവധി പ്രവാസികൾക്ക് നിയമസഹായം നൽകുന്നതിനും ബന്ധപ്പെട്ട അധികൃതരിൽ അവരുടെ പ്രശ്‌നങ്ങളെത്തിക്കുന്നതിനും വഹിച്ചു പോരുന്ന പങ്ക് സുവിദിതമാണ്. നിലപാടുകളിലെ നിഷ്പക്ഷതയാണ് പത്രത്തിന്റെ മുഖമുദ്ര. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റേയും നേതൃത്വത്തിൽ സൗദി അറേബ്യ അതിശീഘ്രം പുരോഗതിയിലേക്ക് കുതിക്കുമ്പോൾ ഇന്ത്യൻ പ്രവാസികളുടെ വിഭവശേഷിയും പ്രശംസനീയമാണ്. ഒപ്പം ഇന്തോ-സൗദി സുഹൃദ്ബന്ധം ഏറെ മെച്ചപ്പെട്ട സമകാലിക സാഹചര്യത്തിലുമാണ് മലയാളം ന്യൂസ് ഇരുപതാം വാർഷികമാഘോഷിക്കുന്നത്. ഞങ്ങളുടെ ഓൺലൈൻ/ വെബ് എഡിഷന് ലോകമെമ്പാടുമുള്ള വായനക്കാരിൽനിന്ന് ലഭിക്കുന്ന വമ്പിച്ച സ്വീകാര്യതയും ഇവിടെ എടുത്ത് പറയേണ്ടതുണ്ട്. വായനക്കാരുടെ നിർലോഭമായ കരുത്തിലാണ് മലയാളം ന്യൂസ് മുന്നോട്ട് പോകുന്നത്- തുടർന്നും ഞങ്ങളോട് സഹകരിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.


 

Latest News