റിയാദ് - വിവിധ പ്രവിശ്യകളിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ സംഘങ്ങൾ നടത്തിയ റെയ്ഡുകളിൽ ഉപയോഗശൂന്യമായ 70 ലക്ഷത്തിലേറെ ഉൽപന്നങ്ങൾ പിടിച്ചെടുത്തു. വിശുദ്ധ റമദാനിൽ വിപണികളിൽ ഇറക്കുന്നതിന് സൂക്ഷിച്ച ഉൽപന്നങ്ങളാണ് മൂന്നു മാസത്തിനിടെ വാണിജ്യ, നിക്ഷേപ മന്ത്രാലയം പിടിച്ചെടുത്തത്. മക്കയിലെ ഫഌറ്റിൽ നിന്ന് 17 ലക്ഷം മിസ്‌വാക്കുകൾ മന്ത്രാലയ അധികൃതർ പിടിച്ചെടുത്തു. മക്കയിലെ തന്നെ മറ്റൊരു ഫഌറ്റിൽ വിദേശികൾ സൂക്ഷിച്ച 46 ലക്ഷം പേക്കറ്റ് വ്യാജ കീടനാശിനികളും പിടിച്ചെടുത്തു. വ്യാജ മെഡിക്കൽ അവകാശവാദങ്ങൾ രേഖപ്പെടുത്തിയ 20,000 പേക്കറ്റ് ഉൽപന്നങ്ങളും അര ലക്ഷം പേക്കറ്റ് വ്യാജ ഉൽപന്നങ്ങളും മക്കയിൽ നിന്ന് പിടിച്ചെടുത്തു.
ജിദ്ദയിൽ നിന്ന് 7,353 ജോടി വ്യാജ പാദരക്ഷകളും 35,000 പേക്കറ്റ് വ്യാജ കോസ്‌മെറ്റിക്‌സ് ഉൽപന്നങ്ങളും അബഹയിൽ നിന്ന് പഴയ 617 ടയറുകളും ഖമീസ് മുശൈത്തിൽ രണ്ടു ഗോഡൗണുകളിൽ നിന്ന് കാലാവധി തീർന്ന 20,000 പേക്കറ്റ് ഭക്ഷ്യവസ്തുക്കളും ഖമീസിലെ മറ്റൊരു ഗോഡൗണിൽ നിന്ന് കാലാവധി തീർന്ന 35,000 പേക്കറ്റ് സൗന്ദര്യവർധക വസ്തുക്കളും മദീനയിൽ നിന്ന് പുനഃചംക്രമണം ചെയ്ത 84,000 ടിന്നുകളും അൽഖസീമിൽ നിന്ന് ഉപയോഗ കാലാവധി തെറ്റായി രേഖപ്പെടുത്തിയ 3,024 പേക്കറ്റ് ഉൽപന്നങ്ങളും സെയിൽസ്മാന്റെ വാഹനത്തിൽ നിന്ന് ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത 7,942 വൈദ്യുതി ഉൽപന്നങ്ങളും അൽജൗഫിലെ ഗോഡണിൽ നിന്ന് കേടായ 22,000 പേക്കറ്റ് ഭക്ഷ്യവസ്തുക്കളും നജ്‌റാനിൽ സെയിൽസ്മാന്റെ ലോറിയിൽ നിന്ന് 821 വ്യാജ ഉൽപന്നങ്ങളും ഉത്തര അതിർത്തി പ്രവിശ്യയിലെ അറാറിൽ താമസ കെട്ടിടത്തിൽ നിന്ന് ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത 786 ഹീറ്ററുകളും റിയാദിൽ പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള ശുചീകരണ പദാർഥങ്ങൾ സൂക്ഷിച്ച ഗോഡൗണിൽ നിന്ന് 3,92,000 പേക്കറ്റ് ഉൽപന്നങ്ങളും തബൂക്കിൽ ലൈസൻസില്ലാത്ത ഗോഡൗണിൽ നിന്ന് 22,000 പേക്കറ്റ് വ്യാജ ശുചീകരണ വസ്തുക്കളും വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ മൂന്നു മാസത്തിനിടെ പിടിച്ചെടുത്തു.
അതേസമയം, സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി കഴിഞ്ഞ വർഷം രാജ്യമൊട്ടുക്കും നടത്തിയ റെയ്ഡുകളിൽ 12,15,916 മെഡിക്കൽ ഉൽപന്നങ്ങൾ പിടിച്ചെടുത്തു. മെഡിക്കൽ ഉൽപന്നങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ അതോറിറ്റി കഴിഞ്ഞ വർഷം 3,437 ഫീൽഡ് പരിശോധനകളാണ് നടത്തിയത്. 16,013 വ്യാജ ഉൽപന്നങ്ങൾ, അതോറിറ്റി വ്യവസ്ഥകൾക്ക് വിരുദ്ധമായ 72,619 ഉൽപന്നങ്ങൾ, പ്രാദേശിക വിപണിയിൽ വിപണനം നടത്തുന്നതിന് ലൈസൻസ് ലഭിക്കാത്ത 3,57,951 ഉൽപന്നങ്ങൾ, സംഭരണ വ്യവസ്ഥകൾ ലംഘിച്ച 3,599 ഉൽപന്നങ്ങൾ, ഗുണമേന്മയിൽ സംശയമുള്ള 1,673 ഉൽപന്നങ്ങൾ, വിൽപനക്ക് പ്രദർശിപ്പിച്ച 16 സെക്കന്റ്ഹാന്റ് (ഉപയോഗിച്ച) ഉപകരണങ്ങൾ, ഉപയോഗ രീതി അറബിയിൽ വിശദീകരിക്കാത്ത ഗാർഹിക ഉപയോഗത്തിനുള്ള 2,827 മെഡിക്കൽ ഉൽപന്നങ്ങൾ, അതോറിറ്റി വ്യവസ്ഥകൾ പാലിക്കാതെ സൂക്ഷിച്ചുവെച്ച 6,61,788 ഉൽപന്നങ്ങൾ, അതോറിറ്റിയിൽ നിന്ന് ലൈസൻസ് ലഭിക്കാത്ത 30,045 ഉൽപന്നങ്ങൾ എന്നിവയാണ് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി കഴിഞ്ഞ വർഷം പിടിച്ചെടുത്തത്.