കുവൈത്ത് സിറ്റി - സൽവ ഏരിയയിൽ കുവൈത്തി ശൈഖിനെയും സുഹൃത്തിനെയും ഇന്തോനേഷ്യൻ വേലക്കാരിയെയും കൊലപ്പെടുത്തുകയും ഇന്ത്യക്കാരനെ വധിക്കുന്നതിന് ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടു ഇറാനികൾക്ക് കുവൈത്ത് കോടതി വധശിക്ഷ വിധിച്ചു. രണ്ടാം പ്രതി ശൈഖിന്റെ വീട്ടിലെ വേലക്കാരനായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്ത പ്രതികൾ കൃത്യം നടപ്പാക്കുന്നതിനു വേണ്ടി തോക്കും പ്ലാസ്റ്റിക് കയറുകളും മാസ്‌കിംഗ് ടേപ്പും ഒരുക്കി വെച്ചു.
ശൈഖിന്റെ താമസസ്ഥലത്തെത്തിയ ഒന്നാം പ്രതിക്ക് രണ്ടാം പ്രതിയാണ് വാതിൽ തുറന്നുകൊടുത്തത്. താമസസ്ഥലത്ത് കയറിയ ഉടൻ ശൈഖിനെ ഒന്നാം പ്രതി വെടിവെച്ചു കൊലപ്പെടുത്തി. ഇതിനിടെ രണ്ടാം പ്രതി ശൈഖിന്റെ സുഹൃത്തിനെയും വേലക്കാരിയെയും കെട്ടിയിടുകയും മാസ്‌കിംഗ് ടേപ്പ് ഉപയോഗിച്ച് ഇരുവരുടെയും വായകൾ മൂടിക്കെട്ടുകയും ചെയ്തിരുന്നു. ശൈഖിനെ കൊലപ്പെടുത്തിയ ഒന്നാം പ്രതി മറ്റു രണ്ടു പേർക്കു നേരെയും പിന്നീട് നിറയൊഴിച്ചു.
വീട്ടിലെ മറ്റൊരു വേലക്കാരനായ ഇന്ത്യക്കാരനെയും സംഘം കൊലപ്പെടുത്തുന്നതിന് ശ്രമിച്ചിരുന്നു. പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് രണ്ടാം പ്രതി ഇന്ത്യക്കാരനെ കെട്ടിയിടുകയും ഒന്നാം പ്രതി ഇന്ത്യക്കാരനു നേരെ നിറയൊഴിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയും ചെയ്തിരുന്നു. എന്നാൽ ഭാഗ്യം കൊണ്ട് ജീവൻ വെടിയാതിരുന്ന ഇന്ത്യക്കാരൻ ചികിത്സയിലൂടെ രക്ഷപ്പെടുകയായിരുന്നു. കൊലപാതകങ്ങൾ നടത്തിയ പ്രതികൾ താമസസ്ഥലത്തു നിന്ന് പണവും മൊബൈൽ ഫോണുകളും ശൈഖിന്റെ തോക്കുകളും കവർന്ന് രക്ഷപ്പെട്ടെങ്കിലും വൈകാതെ സുരക്ഷാ വകുപ്പുകളുടെ പിടിയിലാവുകയായിരുന്നു.