ചങ്ങനാശേരി- തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി പെരുന്നയിൽ എൻ.എസ്.എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി പെരുന്നയിൽ എത്തിയത്. അനുഗ്രഹം വാങ്ങാൻ എത്തിയതാണെന്നും കൂടുതൽ ഒന്നും പറയാനില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
2015-ൽ നെയ്യാറ്റിൻകരയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസം പെരുന്നയിൽ എത്തിയ സുരേഷ് ഗോപിയെ കാണാൻ സുകുമാരൻ നായർ തയ്യാറാകാതിരുന്നത് വിവാദത്തിന് കാരണമായിരുന്നു. പിറന്നാൾ ദിനത്തിൽ മന്നം സമാധിയിൽ പുഷ്പാർച്ച നടത്തിയ ശേഷം എൻ.എസ്.എസ് ബജറ്റ് സമ്മേളനം നടക്കുന്ന ഹാളിലേക്ക് എത്തിയ സുരേഷ് ഗോപിയെ സുകുമാരൻ നായർ ഇറക്കിവിടുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം എത്തിയ സുരേഷ് ഗോപിയോട് തന്റെ ഷോ ഇവിടെ വേണ്ടെന്നായിരുന്നു സുകുമാരൻ നായർ പറഞ്ഞത്. ഇതിന് ശേഷം കടുത്ത വിമർശനമാണ് സുരേഷ് ഗോപി എൻ.എസ്.എസിനെതിരെ ഉന്നയിച്ചിരുന്നത്. എന്നാൽ, ഇന്ന് രാവിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ സുകുമാരൻ നായർ സ്വീകരിച്ചു.