റിയാദ്- സമഗ്ര സാമ്പത്തിക പദ്ധതിയായ 'വിഷൻ 2030' ന്റെ അടയാളമെന്ന രൂപത്തിൽ സൗദി അറേബ്യ പരിചയപ്പെടുത്തുന്ന നിയോം നഗരിയുടെ നിർമാണ പ്രവർത്തനങ്ങൾ മാസങ്ങൾക്കകം ആരംഭിക്കും. രാജ്യാന്തര ടൂറിസ്റ്റ് നഗരമായതിനാൽ അതീവ ശ്രദ്ധയും അത്യധ്വാനവും ആവശ്യമായ പദ്ധതിയാണിതെന്ന് നിയോം സിറ്റി സി.ഇ.ഒ നദ്മി അൽനസ്ർ പറഞ്ഞു.
മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ഫൗണ്ടേഷന്റെ (മിസ്‌ക്) സഹകരണത്തോടെയാണ് പദ്ധതി പൂർത്തിയാക്കുക. ഏതാനും മാസങ്ങൾക്കകം തന്നെ വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിൽ സ്വപ്‌ന നഗരിയുടെ നിർമാണം ആരംഭിക്കും. മിസ്‌ക് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സംരംഭം എന്ന നിലയിൽ സ്വപ്‌ന നഗരിയുടെ ഭാഗഭാക്കാക്കുന്നതിന് നിരവധി സ്വദേശികൾ മുന്നോട്ടുവരുന്നതായി നിയോം സിറ്റി മേധാവി പറഞ്ഞു.
ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതിനാൽ മിസ്‌ക് ഫൗണ്ടേഷനുമായുള്ള നിയോമിന്റെ സഹകരണം നഗര നിർമിതിയോടെ അവസാനിക്കുന്നില്ല; മാത്രമല്ല, സ്വദേശികളെ അമ്പരപ്പിക്കുന്ന രീതിയിൽ വരും ദിവസങ്ങളിൽ വമ്പൻ പദ്ധതികളുമായി ഇരുവിഭാഗവും ദീർഘകാലാടിസ്ഥാനത്തിൽ സഹകരിക്കുമെന്നും നദ്മി അൽനസ്ർ പറഞ്ഞു. സ്വപ്‌ന പദ്ധതിയുടെ നേട്ടങ്ങളിൽ തങ്ങൾക്ക് പൂർണ സംതൃപ്തിയുണ്ടെന്നും ഏറ്റവും ഉചിതമായ സമയത്താണ് ഈ പദ്ധതി നടപ്പാക്കുന്നത്. പുറമെനിന്നുള്ള നിർദേശങ്ങൾക്ക് കാതോർക്കുന്നില്ലെങ്കിലും അനിതര സാധാരണവും ക്രിയാത്മകവുമായ നിർദേശങ്ങളെ തങ്ങൾ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം, ഡ്രീം നിയോം എന്ന പേരിൽ സംഘടിപ്പിച്ച മത്സരത്തിൽ സ്വദേശി യുവതീയുവാക്കൾ അടങ്ങുന്ന മൂന്ന് ടീമുകൾ വിജയിച്ചതായി നിയോം മേധാവി പറഞ്ഞു. ഒന്നാം സ്ഥാനക്കാർക്ക് രണ്ടര ലക്ഷം റിയാലും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം ഒരു ലക്ഷം റിയാലും അരലക്ഷം റിയാലും സമ്മാനം വിതരണം ചെയ്തു. വരുംകാല നഗരങ്ങൾ ഊർജ പുനരുപയോഗം, നാവിക ഗതാഗതം, ഭിന്നശേഷിക്കാർക്കുള്ള സേവനം എന്നീ മേഖലകളിൽ നേരിടുന്ന വെല്ലുവിളികൾക്ക് പോംവഴി നിർദേശിക്കുക എന്നതായിരുന്നു മത്സരം. കൂടാതെ ഇവരുടെ പ്രൊജക്ടുകൾ നിയോം സിറ്റി പദ്ധതിയിൽ പ്രയോജനപ്പെടുത്തുമെന്നും നദ്മി അൽനസ്ർ അറിയിച്ചു.