കോഴിക്കോട്- മുതിർന്ന പത്രപ്രവർത്തകനും മലയാളം ന്യൂസ് കോളമിസ്റ്റും ചന്ദ്രിക പത്രാധിപ സമിതി മുൻ അംഗവുമായ കെ.പി.കുഞ്ഞിമൂസ (78) നിര്യാതനായി. കോഴിക്കോട് പന്നിയങ്കര വി.കെ.കൃഷ്ണമേനോൻ റോഡിലെ മൈത്രിയിലായിരുന്നു അന്ത്യം. തലശ്ശേരി സ്വദേശിയായ കുഞ്ഞിമൂസ ദീർഘകാലമായി കോഴിക്കോട്ടാണ് താമസം.
വിരമിക്കുമ്പോൾ 'ചന്ദ്രിക' ആഴ്ചപ്പതിപ്പിന്റെ ചുമതല വഹിക്കുകയായിരുന്നു. 1966ൽ ചന്ദ്രിക പത്രാധിപ സമിതിയിൽ ചേർന്ന കെ.പി. ദിനപ്രതത്തിൽ പല തസ്തികകളിലും ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ഇടക്കാലത്ത് ലീഗ് ടൈംസ് ന്യൂസ് എഡിറ്ററായി.
മുസ്‌ലിം ലീഗിന്റെ വിദ്യാർഥി പ്രസ്ഥാനമായ എം.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.പി വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ എഴുതിത്തുടങ്ങിയിരുന്നു. തൃശൂരിൽ ഫാദർ വടക്കൻ നടത്തിയ തൊഴിലാളി, കണ്ണൂരിൽ നിന്ന് പി.വി.കെ.നെടുങ്ങാടി പ്രസിദ്ധീകരിച്ച സുദർശനം എന്നിവയുടെയും ലേഖകനായി. പഠന കാലത്തു തന്നെ തലശ്ശേരിയിൽ ചന്ദ്രികയുടെ ലേഖകനായും പ്രവർത്തിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സഹപാഠിയാണ്. 1969 ൽ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിൽ ഇൻഫർമേഷൻ ഓഫീസറായി സെലക്ഷൻ ലഭിച്ചുവെങ്കിലും ചന്ദ്രികയിൽ തുടരുകയായിരുന്നു. 1956 ൽ തലശ്ശേരി ടൗൺ എം.എസ്.എഫ് പ്രസിഡണ്ടായി പൊതുരംഗത്തെത്തി. 1959 ൽ വിമോചന സമര കാലത്ത് ജില്ലാ പ്രസിഡണ്ടും 67ൽ സംസ്ഥാന പ്രസിഡണ്ടുമായി. എം.എസ്.എഫ് സംസ്ഥാന ഉപദേശക സമിതി ചെയർമാനായും പ്രവർത്തിച്ചു.
1957 മുതൽ കണ്ണൂർ ജില്ലാ ലീഗ് കൗൺസിലറായിരുന്ന കെ.പി. കോഴിക്കോട് ജില്ലാ ലീഗ് കൗൺസിലറുമായി. ആവനാഴി എന്ന പേരിൽ ഒരു വാരിക സ്വന്തമായി നടത്തിയിരുന്നു. ഈന്തപ്പഴത്തിന്റെ നാട്ടിലൂടെ, കല്ലായിപ്പുഴ മുതൽ ബ്രഹ്മപുത്ര വരെ, വഴികാട്ടികൾ, മധുരിക്കും ഓർമകൾ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവായ കുഞ്ഞിമൂസ യാത്രാ വിവരണ സാഹിത്യ ശാഖയിൽ വലിയ സംഭാവന നൽകി. മലയാളത്തിൽ പ്രസിദ്ധീകരിച്ച നിരവധി മനോഹരമായ സുവനീറുകൾക്ക് പിന്നിൽ കുഞ്ഞിമൂസയുടെ കരങ്ങളുണ്ടായിരുന്നു. കണ്ണൂർ എം.ഇ.എസ് വിദ്യാർഥി വിഭാഗത്തിന്റെ ഭാരവാഹിയായിരുന്നു. സൗദി അറേബ്യ, കുവൈത്ത്, മസ്‌കത്ത്, ഖത്തർ, ബഹ്‌റൈൻ, യു.എ.ഇ തുടങ്ങി
യ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്, മിഡിൽ ഈസ്റ്റ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ, ഖത്തർ മിഫ, കുവൈത്ത് കെ.എം.സി.സി, സലാല കെ.എം.സി.സി, ഷാർജ ഇന്ത്യൻ അസോസിയേഷൻ തുടങ്ങിയവയുടെ പുരസ്‌കാരങ്ങൾ തേടിയെത്തി. കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ്, പത്രപ്രവർത്തക യൂനിയൻ സ്‌റ്റേറ്റ് ക്രഡൻഷ്യൽ കമ്മിറ്റി ചെയർമാൻ, പ്രസ് അക്കാദമി എക്‌സിക്യൂട്ടീവ് അംഗം, അക്രഡിറ്റേഷൻ കമ്മിറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.
കുവൈത്ത് കെ.എം.സി.സി, സലാല കെ.എം.സി.സി, ഷാർജ കോഴിക്കോട് ജില്ലാ കെ.എം.സി.സി എന്നിവയുടെ കോ-ഓഡിനേറ്ററായും പ്രവർത്തിച്ചു. മൈത്രി ബുക്‌സിന്റെ ആഭിമുഖ്യത്തിൽ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
കെ.പി കുഞ്ഞിമൂസയുടെ മയ്യിത്ത് നമസ്‌കാരം ഇന്ന് ളുഹ്‌റിനു ശേഷം പന്നിയങ്കര ജുമുഅത്ത് പള്ളിയിൽ. ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ.
ഭാര്യ: വി.എം.ഫൗസിയ. മക്കൾ: വി.എം ഷെമി (അധ്യാപിക, മലബാർ സെൻട്രൽ സ്‌കൂൾ, പന്നിയങ്കര), വി.എം ഷെജി, ഷെസ്‌ന. മരുമക്കൾ: പി.എം ഫിറോസ്, നൗഫൽ (ദുബായ്), ഷഹ്‌സാദ് (ദുബായ്).