അബുദാബി- കുടുംബത്തിലെ നാല് പേരടക്കം ആറ് പാക്കിസ്ഥാനികള്‍ അല്‍ ഐനില്‍ വില്ലക്ക് തീപ്പിടിച്ച് മരിച്ചു. തീപ്പിടിച്ച വിവരം പോലീസിനെ അറിയിക്കുന്നതില്‍ വന്ന വീഴ്ച ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.
പോലീസിനെ അറിയിക്കുന്നതിന് പകരം സ്വന്തമായി തീയണക്കാന്‍ രണ്ടു പാക്കിസ്ഥാനികള്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ തീ ആളിപ്പടരുകയായിരുന്നു.
ഒമര്‍ ഫാറൂഖ് (23), സഹോദരന്‍ ഖുര്‍റം (27), പിതാവ് ഫാറൂഖ്, ബന്ധു ഹൈദര്‍ എന്നിവരും കുടുംബ സുഹൃത്തുക്കളായ ഖയാല്‍ അഫ്ദല്‍, ഈദ് നവാസ് എന്നിവരുമാണ് മരിച്ചത്.
ദുബായില്‍നിന്ന് കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ മുഹമ്മദ് റഹീം എന്നയാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ബാത്‌റൂമിന്റെ അലൂമിനിയം മേല്‍ക്കൂര ഇടിച്ചുതുറന്നാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഇയാള്‍ പറഞ്ഞു. തീ ആളിപ്പടര്‍ന്നതു കാരണം മറ്റുള്ളവരെ രക്ഷിക്കാന്‍ തനിക്കായില്ലെന്ന് ഇയാള്‍ പറഞ്ഞു.
അയല്‍ക്കാര്‍ സിവില്‍ ഡിഫന്‍സിനെ വിളിച്ചുവരുത്തുമ്പോഴേക്കും സമയം വൈകിയിരുന്നു. എല്ലാവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആറു പേര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.