ഗോപി സുന്ദറുമായുള്ള അടുപ്പമാണ് സച്ചിനെ ആലാപനരംഗത്ത് കൂടുതൽ ഉയരങ്ങളിലേയ്ക്ക് നയിച്ചത്. സുഹൃത്തായ മിഥുൻ ജയരാജാണ് ഗോപിസുന്ദറിനെ പരിചയപ്പെടുത്തിയത്. ആ അടുപ്പമാണ് കായംകുളം കൊച്ചുണ്ണിയിലെ 'നാടു വാഴുക... നഗരം വാഴുക...' എന്ന ഗാനം ആലപിക്കാനുള്ള അവസരമൊരുക്കിയത്. ഈ പാട്ടിന്റെ കോറസ് ലീഡ് ചെയ്തിരിക്കുന്നതും സച്ചിനാണ്. ഗോപി സുന്ദറിന്റെ മുപ്പതോളം പാട്ടുകൾക്ക് കോറസ് ചെയ്യാനും സച്ചിന് അവസരം ലഭിച്ചു.
'ചേട്ടാ... ഞാനും വരാം...' ചാനലുകളിൽ എപ്പോഴും കേൾക്കുന്ന ഈ പരസ്യഗാനം പാടിയത് ആരാണെന്നറിയുമോ? തനതായ ശബ്ദത്തിലൂടെ ആസ്വാദകരുടെ മനം നിറയ്ക്കുന്ന സച്ചിൻ രാജ് എന്ന യുവഗായകന്റേതാണ് ഈ ശബ്ദം. ബെർജർ പെയിന്റിന്റെ ഈ പരസ്യഗാനം ചിട്ടപ്പെടുത്തിയ ഗോപി സുന്ദർ കണ്ടെത്തിയതാണ് ഈ എറണാകുളത്തുകാരനെ. ആ കണ്ടെത്തൽ വൃഥാവിലായില്ല. ഏറെ ഹിറ്റായി മാറുകയായിരുന്നു ഈ ജിങ്കിൾ.
മാത്രമല്ല, കാളിദാസ് ജയറാം നായകനായ അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന ചിത്രത്തിലെ നാടൻപാട്ടിന്റെ ഈണത്തിലുള്ള ഗാനവും ആലപിച്ചത് സച്ചിനായിരുന്നു. ''ഈന്തോല നിന്ന് തുടിക്കുന്നു... പനയോല പൊട്ടിച്ചിരിക്കുന്നു... നേരം വെളുക്കുമ്പോൾ കല്യാണം...'' ഗോപി സുന്ദർ തന്നെ ചിട്ടപ്പെടുത്തിയ ഈ ഗാനവും സച്ചിന്റെ സ്വരത്തിലൂടെ പുറത്തുവന്നപ്പോൾ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.
കുട്ടിക്കാലംതൊട്ടേ പാട്ടിന്റെ ലോകത്തായിരുന്നു സഞ്ചാരം. ഒരു പാട്ടുവീട്ടിലായിരുന്നു ജനിച്ചത്. ഇടപ്പള്ളിക്കടുത്ത് പോണേക്കരയിലെ സാകേതത്തിൽ എപ്പോഴും സംഗീതത്തിന്റെ അലയടികൾ കേൾക്കാം. കാക്കനാട് മാർ അതനേഷ്യസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ സംഗീതാധ്യാപകനായിരുന്ന ബി.രാജഗോപാലമേനോനാണ് അച്ഛൻ. ബി.എസ്.എൻ.എല്ലിൽ അക്കൗണ്ട്‌സ് ഓഫീസറായ അമ്മ സുധയും നന്നായി പാടും. കഥകളിനടനും അഭിനേതാവുമെല്ലാമായിരുന്ന കലാമണ്ഡലം കേശവൻ മുത്തഛനുമാണ്.
പാട്ടുവഴിയിൽ അച്ഛൻ തന്നെയായിരുന്നു ഗുരു. നാലു വയസ്സിൽ തുടങ്ങിയ സംഗീതപഠനം.
ക്ലാസിക്കൽ സംഗീതവും ലളിതഗാനവുമെല്ലാം പഠിപ്പിച്ചത് അച്ഛനാണ്. സ്‌കൂൾ കലാമത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്. അച്ഛൻ ചിട്ടപ്പെടുത്തി സംഗീതം നൽകിയ ഗാനങ്ങളായിരുന്നു ഏറെയും പാടിയിരുന്നത്.
2014 മുതൽ കവർസോങ്ങുകൾ ചിട്ടപ്പെടുത്തി തുടങ്ങിയിരുന്ന സച്ചിനെ റെക്കാർഡിംഗ് രംഗത്തേയ്ക്ക് പരിചയപ്പെടുത്തിയത് സംഗീത സംവിധായകനായ രഞ്ജിത് മേലേപ്പാട്ട് ആയിരുന്നു. പനമ്പള്ളി നഗറിലെ മൈ സ്റ്റുഡിയോയിൽവച്ച് ഒട്ടേറെ സിനിമകൾക്ക് ബാക്ക് ഗ്രൗണ്ട് ശബ്ദം നൽകിയിട്ടുണ്ട്. ടേക്ക് ഓഫ്, വിമാനം, ഇ. മ. യൗ, കാർബൺ, ക്യാപ്റ്റൻ... തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ അക്കൂട്ടത്തിലുണ്ട്. സച്ചിന്റെ വേറിട്ട ശബ്ദം അംഗീകരിക്കപ്പെടുകയായിരുന്നു.
ശങ്കർ മഹാദേവൻ പാടിയ ഒരു ഗാനത്തിന്റെ കവർ വേർഷൻ കണ്ടാണ് മോഹൻ സിത്താരയുടെ മകൻ വിഷ്ണു മോഹൻ സിത്താര സച്ചിനെ തന്റെ പുതിയ ചിത്രത്തിലേയ്ക്ക് ക്ഷണിക്കുന്നത്. മമ്മൂട്ടി നായകനായ ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിലെ ''പ്രണയമാണിത്... പ്രണയമാണിത്...'' എന്ന ഗാനം ആലപിക്കാൻ അവസരം ലഭിക്കുന്നതങ്ങിനെയാണ്. പിന്നണി ഗാനരംഗത്തേയ്ക്കുള്ള ചുവടുവയ്പായിരുന്നു അത്.
തുടർന്ന് വിഷ്ണു മോഹൻ സിത്താരയുടെ അടുത്ത ചിത്രമായ ഒറ്റയ്‌ക്കൊരു കാമുകനിലും പാടി. ''ആത്മാവിൽ ഒന്നു തൊട്ടു...'' എന്നു തുടങ്ങുന്ന ഗാനം ജ്യോത്സ്‌നയ്‌ക്കൊപ്പമുള്ള ഡ്യുയറ്റായിരുന്നു.
ഗോപി സുന്ദറുമായുള്ള അടുപ്പമാണ് സച്ചിനെ ആലാപനരംഗത്ത് കൂടുതൽ ഉയരങ്ങളിലേയ്ക്ക് നയിച്ചത്. സുഹൃത്തായ മിഥുൻ ജയരാജാണ് ഗോപിസുന്ദറിനെ പരിചയപ്പെടുത്തിയത്. ആ അടുപ്പമാണ് കായംകുളം കൊച്ചുണ്ണിയിലെ 'നാടു വാഴുക... നഗരം വാഴുക...' എന്ന ഗാനം ആലപിക്കാനുള്ള അവസരമൊരുക്കിയത്. ഈ പാട്ടിന്റെ കോറസ് ലീഡ് ചെയ്തിരിക്കുന്നതും സച്ചിനാണ്. ഗോപി സുന്ദറിന്റെ മുപ്പതോളം പാട്ടുകൾക്ക് കോറസ് ചെയ്യാനും സച്ചിന് അവസരം ലഭിച്ചു.
ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിൽ കലാഭവൻ മണിയുടെ നാലു പാട്ടുകൾ ചേർത്ത് ഷാൻ റഹ്മാൻ ഒരുക്കിയ മാഷ്അപ്പും പാടിയത് സച്ചിനാണ്. ദീപക് ദേവ്, വിശാൽ ഭരദ്വാജ്, ജയ് പി.ജോയ് തുടങ്ങിയവരുടെയും പാട്ടുകൾ പാടാനുള്ള ഭാഗ്യവും സച്ചിനു ലഭിച്ചു. പ്രശാന്ത് പിള്ള ഒരുക്കിയ സഖാവ് എന്ന ചിത്രത്തിലെ ''നെഞ്ചിൽ...'' എന്നു തുടങ്ങുന്ന ഗാനവും അതുൽ ആനന്ദ് സംഗീതം നൽകിയ കല, വിപ്ലവം, പ്രണയം എന്ന ചിത്രത്തിലെ ''തിരകൾ...'' എന്ന ഗാനത്തിനും ശബ്ദം നൽകാൻ ഈ ഗായകന് കഴിഞ്ഞു. കൂടാതെ അർജന്റീന ഫാൻസ് കാട്ടൂർകടവ് എന്ന ചിത്രത്തിൽ ലയണൽ മെസ്സിയുടെ ട്രിബ്യൂട്ട് ഗാനവും പാടിയത് സച്ചിനായിരുന്നു.
ഒട്ടേറെ സിനിമകളിൽ പിന്നണി പാടിയിട്ടുണ്ടെങ്കിലും സംഗീതസംവിധാനമാണ് സച്ചിന്റെ സ്വപ്‌നം.
വീട്ടിൽ തന്നെ സ്വന്തമായി ഒരു സ്റ്റുഡിയോയും ഒരുക്കിയിട്ടുണ്ട്. ഒട്ടേറെ ഹ്രസ്വചിത്രങ്ങൾക്കുവേണ്ടി സംഗീതമൊരുക്കിയ സച്ചിൻ അനലോഗ് സിഗ്നൽ എന്ന മ്യൂസിക് ബാന്റും രൂപപ്പെടുത്തിയിട്ടുണ്ട്. സച്ചിനോടൊപ്പം മറ്റു രണ്ടുപേരും ഈ ട്രൂപ്പിലുണ്ട്. സ്വന്തമായി വരികളെഴുതി സംഗീതം നൽകി പാടുക എന്നതാണ് സച്ചിന്റെ രീതി. വീർതുളി എന്ന തമിഴ് സംഗീത ആൽബവും, കളിത്തോഴി എന്ന മലയാളം സംഗീത ആൽബവും ഒരുക്കിയത് അനലോഗ് സിഗ്നൽ എന്ന ബാന്റിലൂടെയാണ്.
സംഗീതത്തിലെ സംശയ നിവാരണത്തിനായി സച്ചിൻ എപ്പോഴും ആശ്രയിക്കുന്നത് അച്ഛനെയാണ്. നാലര പതിറ്റാണ്ടായി സംഗീതം അഭ്യസിപ്പിച്ചുവരുന്ന ഗുരുവാണ് അദ്ദേഹം. സിനിമാലോകത്തുതന്നെയുള്ള മീരാനന്ദനും നാദിർഷായുമെല്ലാം സംഗീതം അഭ്യസിച്ചത് ഇദ്ദേഹത്തിൽനിന്നാണ്. ഇപ്പോഴും ഇരുനൂറോളം വിദ്യാത്ഥികൾ അദ്ദേഹത്തിൽനിന്നും സംഗീതം അഭ്യസിച്ചുവരുന്നുണ്ട്. വീട് ഒരു സംഗീത വിദ്യാലയമാണെന്ന് സച്ചിൻ പറയുന്നു.
സച്ചിൻ പാടിയ പാട്ടുകളുമായി മൂന്നു ചിത്രങ്ങൾ കൂടി പുറത്തിറങ്ങാനുണ്ട്. മലയാളത്തിൽ രണ്ടു ചിത്രങ്ങളും തെലുങ്കിൽ ഒരു ചിത്രവും അക്കൂട്ടത്തിലുണ്ട്. അവയുടെ അവസാനവട്ട മിനുക്കുപണിയിലാണിപ്പോൾ.
സംഗീതമാണ് ഇഷ്ടവിഷയമെങ്കിലും കമ്പ്യൂട്ടർ സയൻസിലാണ് സച്ചിൻ ബിരുദമെടുത്തത്. കലയെ ഏറെ സ്‌നേഹിക്കുന്ന ആ മനസ്സിൽ ചിത്രകലയ്ക്കുകൂടി സ്ഥാനമുണ്ടെന്നറിഞ്ഞപ്പോൾ ബിരുദാനന്തര പഠനം ആ വഴിയിലേയ്ക്കു തിരിഞ്ഞു. പഠനം പൂർത്തിയായപ്പോൾ രൂപകല്പനയിലേയ്ക്കു മാറി. ഇൻഫോ പാർക്കിൽ യു.എസ്.ടി ഗ്ലോബൽ എന്ന കമ്പനിയിൽ സീനിയർ യു.എക്‌സ് ഡിസൈനറാണിപ്പോൾ.
പാട്ടുജീവിതത്തിന് താങ്ങും തണലുമായി നിൽക്കുന്നത് അച്ഛനും അമ്മയും ഭാര്യയുമാണെന്ന് സച്ചിൻ പറയുന്നു. നർത്തകിയായ നിസ്തുലയാണ് ഭാര്യ. മലപ്പുറം ജില്ലയിലെ തിരൂരാണ് സ്വദേശം. മകൾ: ദേവാൻഷി എസ്. മേനോൻ.