ജിദ്ദ- ദക്ഷിണ ജിദ്ദയിലെ പെട്രോമിന്‍ ഡിസ്ട്രിക്ടില്‍ പുരാതന വീട്ടിലുണ്ടായ അഗ്നിബാധയില്‍ മൂന്നു പേര്‍ മരണപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടു യുവതികളും ഒരു ബാലികയുമാണ് മരിച്ചത്. രണ്ടു സ്ത്രീകള്‍ക്കും രണ്ടു ബാലന്മാര്‍ക്കും പരിക്കേറ്റു. അഗ്നിബാധയുണ്ടായ വീട്ടില്‍ നിന്ന് കരച്ചില്‍ കേട്ട സമീപവാസിയായ വനിതയാണ് സംഭവത്തെ കുറിച്ച് ഇന്നലെ പുലര്‍ച്ചെ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതെന്ന് മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ സഈദ് സര്‍ഹാന്‍ പറഞ്ഞു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ എത്തുമ്പോഴേക്കും വീട്ടിലെ അടിയിലെ നിലയില്‍ നിന്ന് ഒന്നാം നിലയിലേക്ക് തീ പടര്‍ന്നു പിടിക്കുകയും രണ്ടാം നിലയുടെ മേല്‍ക്കൂര നിലംപൊത്തുകയും ചെയ്തിരുന്നു. ഈ സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന രണ്ടു യുവതികളെയും രണ്ടു ബാലന്മാരെയും രക്ഷപ്പെടുത്തുന്നതിന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ക്ക് സാധിച്ചു. പരിക്കേറ്റ ഇവരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് നീക്കി. വീട്ടിലെ തീയണച്ച് നടത്തിയ തിരച്ചിലിലാണ് രണ്ടു യുവതികളുടെയും ബാലികയുടെയും മയ്യിത്തുകള്‍ കണ്ടെത്തിയതെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു.