കൊച്ചി- നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ആഡംബര ബ്യൂട്ടിപാർലറിനു നേരെ വെടിയുതിർത്ത സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ രവി പൂജാരിയുമായി അടുത്ത ബന്ധമുള്ള കാസർകോട് സ്വദേശി മോനായിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കഴിഞ്ഞ ദിവസം കേസിൽ അറസ്റ്റിലായ ബിലാൽ, വിപിൻ, ഇവർക്ക് തോക്കും വാഹനങ്ങളും എത്തിച്ചു നൽകിയ കലൂർ പോണക്കര സ്വദേശി അൽത്താഫ് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ക്രൈംബ്രാഞ്ചിന് ഈ വിവരം ലഭിച്ചിരിക്കുന്നത്.
ക്വട്ടേഷൻ സംഘാംഗങ്ങൾക്കിടയിൽ ഇയാൾ മോനായി എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നൽ ഇയാളുടെ യാഥാർഥ പേര് മറ്റെന്തോ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. ഇയാളാണ് രവി പൂജാരിക്കു വേണ്ടി ബിലാലിനും വിപിനും ക്വട്ടേഷൻ നൽകിയത്. 50 ലക്ഷം രൂപയായിരുന്നു വാഗ്ദാനം. ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിനുള്ളിൽ പ്രവേശിച്ച് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കണമെന്നും നിർദേശം നൽകിയിരുന്നു. മോനായിയുടെ നിർദേശ പ്രകാരം കലൂർ പോണക്കര സ്വദേശിയായ അൽത്താഫ് ആണ് ഇവർക്ക് മൂന്നു തോക്കുകളും ബൈക്കും ഏർപ്പാടാക്കി നൽകിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ബിലാലും വിപിനും ബൈക്കിൽ കടവന്ത്രയിലെ ബ്യൂട്ടിപാർലറിനു മുന്നിലെത്തിയെങ്കിലും അകത്തു കടക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഇവർ പുറത്തു നിന്നു വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടു. പറഞ്ഞതുപോലെ കാര്യങ്ങൾ ചെയ്യാൻ പറ്റാതിരുന്നതിനാൽ ഇവർക്ക് 45,000 രൂപ മാത്രമെ ലഭിച്ചുള്ളൂവെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്. മോനായി രവി പൂജാരിയുമായി അടുത്ത ബന്ധമുള്ളയാളാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇയാൾ വിദേശത്താണെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. കൊല്ലം സ്വദേശി ഡോക്ടർ എന്നറിയപ്പെടുന്ന വ്യക്തിയെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇയാളും വിദേശത്തേക്ക് കടന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.