മലപ്പുറം- ഇടതുപക്ഷ പാർട്ടികളെ ഒരുമിപ്പിക്കുന്നതിലെ സി.പി.എമ്മിന്റെ പരാജയമാണ് ദേശീയ തലത്തിൽ ഇടതു കൂട്ടായ്മ ഇല്ലാതാക്കിയതെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ. മലപ്പുറം പ്രസ്‌ക്ലബിൽ മീറ്റ് ദി ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു കൂട്ടായ്മ രൂപപ്പെടാത്തതിനാലാണ് വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കേണ്ടി വരുന്നത്. കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭ പരിപാടികൾ നടത്തുമ്പോൾ ഇടതുപക്ഷ ഐക്യം രൂപപ്പെടുമെങ്കിലും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സി.പി.എം സീറ്റിനായി വിലപേശൽ നടത്തും. ഇതിനു പകരം ഇടതുപക്ഷ പാർട്ടികൾ ഒരുമിച്ചു മുന്നേറിയാൽ ശക്തമായ സ്വാധീനമുണ്ടാക്കാൻ കഴിയും. കേരളത്തിൽ ഇടതുപക്ഷം കമ്യൂണിസ്റ്റ് മുന്നണിയായി മാറി. ചെറുതാണെങ്കിലും കൂടുതൽ ഇടതുപക്ഷ പാർട്ടികളുള്ളത് യു.ഡി.എഫിലാണ്. സംസ്ഥാന സർക്കാർ പരാജയമാണ്. രാജ്യത്ത് ആദ്യമായി മസാല ബോണ്ടിറക്കി വായ്പയെടുക്കുന്നത് കേരളത്തിലെ ഇടതുപക്ഷ സർക്കാരാണ്. ഇതൊരു ഇടതുപക്ഷ സർക്കാരിനു ചേർന്നതല്ല. മസാല ബോണ്ട് മറ്റൊരു ലാവ്ലിൻ അഴിമതിയാണ്. ഇതിൽ അന്വേഷണം നടത്തണം. സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഇതു വരുത്തിവയ്ക്കുക. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന സാഹചര്യത്തിൽ ഫാസിസത്തിനെതിരെയുള്ള പോരാട്ടമെന്ന നിലയ്ക്ക് സ്ഥാനാർഥിയെ പിൻവലിച്ച് പിന്തുണ നൽകുകയാണ് ഇടതുപക്ഷം ചെയ്യേണ്ടിയിരുന്നത്. ഭരണഘടനയെ അട്ടിമറിക്കുന്ന പ്രവൃത്തികളാണ് ബി.ജെ.പിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്നതെന്നും ഇതിനെതിരായ ഐക്യം രൂപപ്പെടുത്താൻ കോൺഗ്രസിനേ കഴിയൂവെന്നും ദേവരാജൻ പറഞ്ഞു.