Sorry, you need to enable JavaScript to visit this website.

മോഡി വോട്ട് തേടുന്നത് സവർണ ഹിന്ദു രാഷ്ട്ര നിർമിതിക്ക് -വി.എസ് 

കോഴിക്കോട്- അത്യന്തം അപകടകരമായ രാഷ്ട്രീയ സാഹചര്യത്തിലാണ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് വി.എസ് അച്യുതാനന്ദൻ. മാത്തോട്ടത്ത് കോഴിക്കോട് ലോക്‌സഭാ മണ്ഡലം ഇടതു മുന്നണി സ്ഥാനാർഥി എ.പ്രദീപ് കുമാറിന്റെ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. ബി.ജെ.പി സർക്കാർ ഇന്ത്യയെ ശിഥിലമാക്കുന്നത് രണ്ട് രീതിയിലാണ്. രാജ്യത്തിന്റെ മതനിരപേക്ഷത തകർത്ത് വർഗീയ കലാപങ്ങൾക്ക് കോപ്പു കൂട്ടുകയാണ് ഒന്ന്. ഇക്കഴിഞ്ഞ ദിവസം മാഹാരാഷ്ട്രയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി ഹിന്ദുക്കളെ മാത്രം അഭിസംബോധന ചെയ്താണ് പ്രസംഗിച്ചത്. തെരഞ്ഞെടുപ്പ് റാലികളിലെല്ലാം ബി.ജെ.പിക്കാർ ഹിന്ദുക്കൾക്കു വേണ്ടി എന്ന രീതിയിലാണ് സംസാരിക്കുന്നത്. ഹിന്ദുക്കളുടെ ആചാരങ്ങളും സംസ്‌കാരങ്ങളും ആശയങ്ങളും അടിസ്ഥാനമാക്കിയാണ് രാഷ്ട്ര നിർമിതി നടത്തേണ്ടതെന്ന് പ്രഖ്യാപിച്ച ആർ.എസ്.എസിന്റെ ശബ്ദത്തിലാണ് ഇപ്പോൾ നരേന്ദ്ര മോഡി സംസാരിക്കുന്നത്.
ഇന്ത്യൻ ഭരണഘടനയേയും ദേശീയ പതാകയെയും ദേശീയ ഗാനത്തെയും തള്ളിപ്പറഞ്ഞവരാണ് ആർ.എസ്.എസുകാർ. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ചെരിപ്പു നക്കിയ ചരിത്രമേ ഇവർക്കുള്ളൂ. സവർണ ഹിന്ദു രാഷ്ട്രമുണ്ടാക്കാനാണ് മോഡി വീണ്ടും വോട്ടു തേടുന്നത്. മോഡി ഭരണ കാലത്ത് ദളിതരെയും ആദിവാസികളെയും ഇതര മതസ്ഥരെയും തെരുവിൽ തല്ലിച്ചതച്ചതിന്റെ ദൃശ്യങ്ങൾ ഓരോ ഇന്ത്യക്കാരനെയും ഭയപ്പെടുത്തുന്നുണ്ട്. മോഡി ഭരണ കാലത്ത് പശുവിന്റെ പേരിൽ കൊല്ലപ്പെട്ട 24 പേരും മുസ്‌ലിംകളാണ്. ഇത്തരം മൃഗീയതകളോട് പ്രതികരിച്ചതിന്റെ പേരിൽ എഴുത്തുകാരെയും ബുദ്ധിജീവികളെയും അവർ കൊലപ്പെടുത്തുന്നു. ഗോവിന്ദ പൻസാരെ, കൽബുർഗി, ഗൗരി ലങ്കേഷ് അങ്ങനെ നീണ്ട ഒരു നിര തന്നെയുണ്ട്. 
ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അവഗണിക്കുകയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മുച്ചൂടും തകർക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യയെ ശിഥിലമാക്കുന്ന ബി.ജെ.പി സർക്കാരിന്റെ രണ്ടാമത്തെ രീതി.
ന്യൂനപക്ഷങ്ങളെയും ദളിതരെയും മർദിത വിഭാഗത്തെയും എല്ലാം പരിഗണിക്കുന്നത് ഇന്ത്യയിൽ ഇടതുപക്ഷം മാത്രമാണ്. കക്ഷി ഭേദമില്ലാതെ നിസ്വാർഥ പ്രവർത്തനം കാഴ്ചവെക്കുന്ന പ്രദീപ് കുമാറിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും വി.എസ് അഭ്യർഥിച്ചു. എതിർ സ്ഥാനാർഥിയെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

Latest News