'കള്ളനും പോലീസും' കളിക്കാൻ കണ്ട സമയമാണോ ഇതെന്ന് ആരെങ്കിലും ചോദിച്ചാൽ എന്തു പറയും അസ്സേ? തെരഞ്ഞെടുപ്പ് വീട്ടുവാതിൽക്കൽ വന്നു നിൽക്കുമ്പോഴാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡുകൾ! നാട്ടുകാരെ 'പൊട്ട'ന്മാരാക്കുന്ന ഈ പരിപാടി തുടങ്ങിയത് അടിയന്തരാവസ്ഥക്കാലത്താണെന്നു വിരോധികൾ പറയും. അതങ്ങനെയാണ്; പനമ്പഴം വീണു മുയൽചത്താലും, കഴിഞ്ഞ എഴുപതു കൊല്ലമായി കുറ്റം കോൺഗ്രസിനായിരുന്നു. ആ കുത്തക ഒന്നുമാറ്റി തങ്ങളുടെ തലയിൽ ഏറ്റിവയ്ക്കാനുള്ള ബദ്ധപ്പാടിലാണ് ഇന്നത്തെ കേന്ദ്ര സർക്കാർ. അല്ലെങ്കിൽ പിന്നെ മധ്യപ്രദേശ് മുഖ്യൻ കമൽനാഥിന്റെ അടുപ്പക്കാരുടെ വീടുകളിൽ കയറി ഇപ്പോൾതന്നെ വേണമായിരുന്നോ റെയ്ഡ്? വെളുപ്പിന് മൂന്നുമണിക്ക് കുട്ടികൾ ഉണർന്നു ടോയ്‌ലെറ്റിൽ പോയിട്ടു കിടക്കയിലേക്കു മടങ്ങുമ്പോഴായിരിക്കും വാതിലിൽ മുട്ട്! ആദായ നികുതി വകുപ്പാണ്. പിന്നെ രണ്ടു മൂന്നു ദിവസം അഹോരാത്രം റെയ്ഡാണ്. മുമ്പൊക്കെ ഏതെങ്കിലും ഒരു അയൽവാസിയോ പരിചയക്കാരനോ നാട്ടുകാരനോ മന്ത്രിയോ എമ്മെല്ലേയോ ആയാൽ അതൊരു അഭിമാനമായിരുന്നു നാട്ടാർക്ക്. ചിലർ ബന്ധുത്വം പറഞ്ഞു ഞെളിഞ്ഞു നടക്കും. മറ്റു ചിലർ ബന്ധുത്വം സ്ഥാപിക്കാൻ പല കുറുക്കുവഴികളും തേടും.
ഹണിട്രാപ്പും സരിതാ നായരും ലൈൻ വരെ ഇതിൽപെടുന്നു. പക്ഷേ, ഇന്നോ? ഭോപ്പാലിൽ കമൽനാഥിന്റെ അയലത്തുകാർ പോലും വിറയലോടു വിറയലാണ്. 'കമൽനാഥ്' എന്ന പേരിൽ ഒരു ബന്ധു തങ്ങൾക്കില്ലെന്നു പറഞ്ഞു തലയൂരാൻ ഖദർവാലകൾ പോലും മടിക്കുന്നില്ല. ഇത്രയേറെ ആത്മാർഥ ഇതിനുമുമ്പ് ആദായ നികുതി വകുപ്പുകാരിൽ ആരും കണ്ടിട്ടില്ല. 'രാജാവിനെക്കാൾ വലിയ രാജഭക്തി' കാട്ടുന്നതിലെ രഹസ്യമെന്തെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ അന്വേഷണം തുടങ്ങി. സാമ്പിൾ സർവേക്കാരും ഇലക്ഷൻ പ്രവചനക്കാരായ ജ്യോത്സ്യന്മാരും കൂടി മോഡിജിയെ എടുത്തു പൊക്കി കാട്ടുന്നതിന്റെ തിരക്കഥയിൽ എഴുതിച്ചേർത്തതാണ് ഇപ്പോഴത്തെ ഈ 'ഹൈസ്പീഡ് റെയ്‌ഡെന്നാണ്' പുതുപുത്തൻ വാർത്ത!
**** **** ****
നെൽ കർഷകനും റബർ കർഷകനും ആത്മഹത്യ ചെയ്താൽ അതു മനസ്സിലാക്കാം. കടം, നിരാശ, നിരാലംബത തുടങ്ങി കാരണങ്ങൾ അനവധി. ജോലി സമ്മർദം കൊണ്ടു പോലീസുകാരനും ആത്മഹത്യ ചെയ്തിട്ടുണ്ട് ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ. ഭാര്യയുടെ 'സ്വഭാവ മഹിമ' നിമിത്തം നാട്ടിലോ വീട്ടിലോ കഴിയാൻ വയ്യാതെയായ പട്ടാളക്കാരൻ ജോലി സ്ഥലത്തു ചെന്നാണ് ജീവനൊടുക്കിയത്. ആത്മഹത്യകളുടെ രംഗത്തേക്ക് ഇനി കടന്നുവരാനുള്ള ഒരു ഹതഭാഗ്യ/ ഭാഗ്യൻ 'തൊഴിലുറപ്പു പദ്ധതി'യെ വിശ്വസിച്ചു പണിക്കുപോയ കക്ഷിയാണ്. 1511 കോടി രൂപ കേന്ദ്ര സർക്കാരിൽനിന്നു കിട്ടണം. എങ്കിൽ കുടിശ്ശിക ലഭിക്കും. അടുപ്പിൽ പാത്രത്തിൽ വെള്ളം വച്ചുകാത്തിരുപ്പാണ് പലരും. വൈകിയാൽ നഷ്ടപരിഹാരമായി ദിവസം പ്രതി 0.05% വീതം കിട്ടുമത്രേ! എന്നാൽ കേന്ദ്രത്തിൽനിന്നും പണം വൈകിയാൽ നഷ്ടപരിഹാരത്തിന് അവകാശമില്ലത്രേ! എത്ര സുന്ദരമായ പദ്ധതി! പുതിയ പ്രകടന പത്രികയായി 'സങ്കൽപ് പത്ര'യിൽ ഇതിന് പുതിയ പേര് വല്ലതും നൽകിയിട്ടുണ്ടോ ആവോ!
**** **** ****
'പണ്ടേ ദുർബല, പോരാഞ്ഞിട്ട് ഗർഭിണിയും' എന്നൊരു ചൊല്ലുണ്ട്. ബി.ജെ.പിയുടെ അപരനാമമായ എൻ.ഡി.എയുടെ കേരളത്തിലെ അവസ്ഥ ഇപ്പറഞ്ഞതിനെക്കാൾ പരിതാപകരമാണെന്ന വിവരം വോട്ടില്ലാത്തവർക്കു പോലുമറിയാം. കൂനിന്മേൽ കുരു'വെന്നതുപോലെ, ദാ, പി.സി. ജോർജും വന്നു പെട്ടിരിക്കുന്നു! മലമ്പനി, ഡിഫ്തീരിയ, എച്ച് വൺ, എൻ വൺ തക്കാളിപ്പനി, കുരങ്ങുപനി, കരിമ്പനി എന്നിവ പോലെ തന്നെ അപകടകാരിയാണ് 'ജനപക്ഷപാർട്ടി' എന്നൊരു ധാരണ ഇതിനകം കേരളീയർക്കു ലഭിച്ചു കഴിഞ്ഞു. ഇതിനു പ്രതിരോധ വാക്‌സിൻ ഇതു വരെ കണ്ടുപിടിച്ചിട്ടില്ല. അല്ലെങ്കിൽ തന്നെ, സ്വമേധയാ വന്നെത്തി പിടികൂടി പിന്തുണ പ്രഖ്യാപിച്ചാൽ വേണ്ടെന്നു പറയാൻ തക്ക കഠിനഹൃദയരാണോ ബി.ജെ.പി നേതൃത്വം? പാലായിലെ കുഞ്ഞുമാണി സാറിന്റെ ജഡസംസ്‌കാരം കഴിഞ്ഞാൽ ആ നിമിഷം 'ജനപക്ഷ'ത്തെ എൻ.ഡി.എയിൽ ചേർക്കുന്ന ചടങ്ങ് ആരംഭിക്കും. മുഖ്യകാർമികൻ ശ്രീധരൻപിള്ളയദ്ദേഹമായിരിക്കും നേതൃത്വം നൽകുക.
പത്തനംതിട്ടയിൽ സുരേന്ദ്രൻ, തിരുവനന്തപുരത്ത് കുമ്മനം, തൃശൂരിൽ സുരേഷ്‌ഗോപി തുടങ്ങിയവർ ഇതിനകം തന്നെ വിജയിച്ചതായി പ്രഖ്യാപിച്ചു കഴിഞ്ഞു. ജനപക്ഷം സെക്യൂലർ പാർട്ടിയുടെ സംസ്ഥാന ജനറൽ ബോഡിയോഗം രണ്ട് ഓട്ടോറിക്ഷകളിലായി ഒന്നിച്ചിരുന്ന് തീരുമാനിച്ചതനുസരിച്ച് പത്രസമ്മേളനവും നടത്തി. 'മോഡീ പ്രാർഥന'യോടെയാണ് പത്രസമ്മേളനം ആരംഭിച്ചത്.
**** **** ****
ഏറ്റവുമധികം ആകാംക്ഷയുണ്ടാക്കുന്ന പ്രശ്‌നം കേരളത്തിലെ അന്തരീക്ഷ മർദമാണ്. 23 വരെ ഇടയ്ക്കിടെ രണ്ടോ മൂന്നോ അധിക ഡിഗ്രി ചൂടുണ്ടാകും എന്നു കാലാവസ്ഥാ വകുപ്പ് തുറന്നു പറയുന്നുമില്ല. പൊതുജനത്തിന് ശ്വാസംമുട്ടലും ചൊറിച്ചിലും മൂക്കീന്നും കണ്ണിൽനിന്നും നീരൊഴുക്കുമുണ്ടാക്കുന്ന ചൂടിനു കാരണം വെറും അന്തരീക്ഷ മർദം മാത്രമല്ല. തികഞ്ഞ ആശയക്കുഴപ്പം മനസ്സിൽ ഉരുക്കിവിടുന്ന ചൂടുകൂടിയുണ്ട്. കേരളത്തിൽ കോൺഗ്രസിനും ബി.ജെ.പിക്കും ഒരേ സ്വരം എന്നു കോടിയേരി സഖാവ് പ്രസ്താവിച്ചു കേൾക്കുമ്പോൾ ഊഷ്മാവ് ഉത്കണ്ഠ നിമിത്തം വർധിക്കുന്നു.
അടുത്ത നിമിഷം ഇതേ കേരളത്തിൽ തന്നെ കോൺഗ്രസും സി.പി.എമ്മും തമ്മിൽ ധാരണയെന്ന് കോയമ്പത്തൂരിൽനിന്ന് ബൈനോക്കുലർ വച്ചു സൂക്ഷ്മമായി നോക്കിയശേഷം നരേന്ദ്രമോഡിജി പ്രസ്താവിക്കുന്നു. രക്തസമ്മർദം കൂടാൻ ഇനി മറ്റുവല്ലതും വേണോ? തൃശൂർ പ്രദേശം പൊതുവേ താപനില കുറഞ്ഞിരുന്നുവെങ്കിൽ, സുരേഷ് ഗോപി വായതുറന്നതോടെ അന്തരീക്ഷം തലകീഴായി. സിനിമയിലെ പതിവനുസരിച്ച് സ്ഥാനാർഥി എന്ന കഥാപാത്രം ലേശം പെരുമാറ്റച്ചട്ടം ലംഘിച്ചുപോയി! സിനിമ കാണാത്ത വനിതയൊന്നുമല്ലല്ലോ സ്ഥലം കലക്ടർ അനുപമ ഐ.എ.എസ്! അവർ നമ്മുടെ നായക നടന്റെ വികാരം മനസ്സിലാക്കിയില്ല. കഴിഞ്ഞ കുറേക്കാലമായി ഒരുപടം പോലും നടിക്കാൻ ലഭിക്കാതെ വിശന്നു വലയുന്ന ആ കലാകാരൻ ചില കഥാഭാഗങ്ങൾ അയവിറക്കിപ്പോയി എന്നു കരുതാമായിരുന്നു. ഏതായാലും കൈവിട്ട കളിയായി. ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച വക്കീൽ കൂടിയായ കവി പി.എസ്. വെൺമണിയുടെ ഉപദേശപ്രകാരം ഒരു ഇടക്കാല/ പ്രാഥമിക മറുപടി മാത്രമാണ് സുരേഷ് ഗോപിജി കലക്ടറുടെ നോട്ടീസിനു നൽകിയത്. ശേഷം മുഖദാവിൽ നൽകുമെന്നാണ് ഹീറോയുടെ പ്രസ്താവന. പണ്ടു പെരുന്നയിൽ സുകുമാരൻ നായർ പോപ്പിനെ ചെന്നുകണ്ട അനുഭവം മറക്കാൻ കഴിയാത്തതിനാൽ കലക്ടറെ ചെന്നു കാണുന്ന കാര്യമോർക്കുമ്പോൾ ഒരു അങ്കലാപ്പ്. ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണയ്ക്ക് കുറേകൂടി കരുണയുണ്ട്. അദ്ദേഹം ഹീറോ വെന്തുരുകുമ്പോൾ താപനില കൂടുവാനായി വീണ വായിച്ചില്ല. പകരം ഫയൽ തനിക്കു വിടേണ്ട കാര്യമില്ലെന്നു പറഞ്ഞ് പണ്ടു പിലാത്തോസ് ബാക്കിവെച്ചിട്ടുപായ വെള്ളത്തിൽ കൈ കഴുകി. ഈ മലയാളികൾക്കാണ് ഹൃദയമില്ലാത്തത്. വനിതാ കലക്ടർക്ക് സംഗതി കണ്ടില്ലെന്നു നടിക്കാമായിരുന്നു. ഇതിനു പുറകേ നടന്ന സമയത്ത് ഏതെങ്കിലും സുരേഷ് ഗോപിപ്പടം വീട്ടിലിരുന്നു കണ്ട് സുഖമായി മയങ്ങാമായിരുന്നു.
**** **** ****
'ഒരു നിശ്ചയവുമില്ലയൊന്നിനും, വരുമോരോ.'എന്നു മഹാകവി പാടിയതു പോലെയാണു കാര്യങ്ങൾ. മാണി സാറിന്റെ മരണം ആരും പ്രതീക്ഷിച്ചതല്ല. ചുരുങ്ങിയ പക്ഷം ഒന്നൊന്നര മാസം മുഖ്യമന്ത്രി കസേരയിൽ ഇരുന്നിട്ടേ പോകുവെന്നാണ് കരുതിയത്. അതിനുള്ള ആത്മധൈര്യം നയതന്ത്രവും കൈയിലുണ്ടായിരുന്നു. ഇനി ആറുമാസത്തിനകം പാലായിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. ബാക്കി രണ്ടു വർഷത്തേക്കു ജനപ്രതിനിധി വേണം. പക്ഷേ, 'ഉപ്പോളം പോരില്ല ഉപ്പിലിട്ടത്' എന്നു പറഞ്ഞതുപോലെ മാണിച്ചായനോളം ആരും പോരില്ല. അതുകൊണ്ടുതന്നെ, 'കയ്യാലപ്പുറത്തെ തേങ്ങ'യാകാനാണ് പാലാ മണ്ഡലത്തിന്റെ വിധിയെന്നു ന്യായമായും സംശയിക്കാം. മഞ്ചേശ്വരം മണ്ഡലം, ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ടു നാളുകൾ ഏറെയായി. രണ്ടാം സ്ഥാനത്തെത്തിയ കെ. സുരേന്ദ്രൻ ഹരജി പിൻവലിക്കുകയും ചെയ്തു. ചുളുവിൽ എമ്മെല്ലേയാകാമായിരുന്നു; എന്തു ചെയ്യാം കൈവിട്ടു കളഞ്ഞു. മൊത്തം ഒമ്പത് എമ്മെല്ലേമാർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ഇവരിൽ ജയിക്കുന്നവരുടെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. ഖജനാവിലെ പണം തേവരുടെ പണമല്ല, ജനത്തിന്റേതാണ്. അവരാരും ആവശ്യപ്പെട്ടിട്ടല്ല ഈ 'സ്ഥാനാർഥി'കൾ മത്സരിക്കുന്നത്. നല്ല ജനാധിപത്യം!