ജിദ്ദ- ഇന്ത്യ,സൗദി സൗഹൃദത്തില്‍ പുതിയ അധ്യായം രചിച്ച് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ ഇന്ത്യാ-സൗദി സംഗമം നടന്നു. ജിദ്ദ ഇന്ത്യന്‍ കോണ്‍സലേറ്റും ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവും (ജി.ജി.ഐ) സംയുക്തമായി 'മുസ്‌രിസ് ടു മക്ക' എന്ന പേരില്‍ നടത്തിയ സംഗമം ഇന്ത്യാ -സൗദി സൗഹൃദ പാരമ്പര്യത്തിന്റെ ചരിത്ര സ്മരണകളുടേതു കൂടിയായി.
കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്ന ഇന്തോ-അറബ് സംഗമത്തില്‍ ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവിന്റെ ലോഗോ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് പ്രകാശനം ചെയ്യുന്നു.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഉപജീവനം തേടി അറേബ്യന്‍ മണ്ണിലെത്തി കഠിനാധ്വാനത്തിലൂടെ ജീവിത വിജയത്തിന്റെ വീരഗാഥകള്‍ തീര്‍ത്ത മലൈബാരികളടക്കമുള്ള ഇന്ത്യന്‍ വംശജരായ ഒട്ടേറെ സൗദി പ്രമുഖര്‍ സംഗമത്തില്‍ പങ്കെടുത്തു.
ഇതോടനുബന്ധിച്ചു നടന്ന മുഖാമുഖത്തില്‍ പങ്കെടുത്ത് ഇന്ത്യന്‍ വംശജരായ സ്വദേശികള്‍ തങ്ങള്‍ പിന്നിട്ട ജീവിത വഴിത്താരകളെക്കുറിച്ച് മലയാളത്തിലും ഉറുദുവിലും ഹിന്ദിയിലും തെലുങ്കിലും മണിപ്പൂരിയിലും സംസാരിച്ചത് കാണികളില്‍ കൗതുകവും ആശ്ചര്യവും ജനിപ്പിച്ചു.
കുരുന്നു കലാകാരികള്‍ അവതരിപ്പിച്ച ഒപ്പന, ദഫ് മുട്ട്, സൂഫി ഡാന്‍സ്, കോല്‍ക്കളി തുടങ്ങിയ കലാവിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ വംശജരായ സൗദി പ്രമുഖകര്‍ക്ക് ഗ്രഹാതുരത്വത്തിന്റെ ഓര്‍മകള്‍ സമ്മാനിച്ചു.
കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് മഖ്യാതിഥിയായിരുന്നു. സൗദി-ഇന്ത്യ ബന്ധം കൂടുതല്‍ കൂടുതല്‍ ശക്തമാക്കുന്നതിന് ആവശ്യമായ എല്ലാ ഉദ്യമങ്ങള്‍ക്കും കോണ്‍സുലേറ്റിന്റെ അകമഴിഞ്ഞ സഹായം ഉണ്ടാവുമെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു.
ജി.ജി.ഐയുടെ ലോഗോ പ്രകാശനം കോണ്‍സല്‍ ജനറല്‍ നിര്‍വഹിച്ചു. വിശിഷ്ടാഥിതികളായ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഖാലിദ് അല്‍മഈന, പ്രശസ്ത അറബ് കവി ഡോ. ശിഹാബ് ഗാനിം, ശൈഖ് അബ്ദുല്ല നഹ്ദി എന്നിവര്‍ക്ക് കോണ്‍സല്‍ ജനറല്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. മലൈബാരികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വംശജരായ ഇരുപതിലേറെ സൗദി പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു.
കോണ്‍സല്‍മാരായ മുഹമ്മദ് അലീം, സാഹില്‍ ശര്‍മ,അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡന്റ് മുഹമ്മദ് ആലുങ്ങല്‍, ഇഖ് റഅ് ചാനല്‍ മീഡിയ സെന്റര്‍ ഡയരക്ടര്‍ നിസാല്‍ അല്‍ അലി തുടങ്ങിയവര്‍ സംബന്ധിച്ചു. ജി.ജി.ഐ പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരിതേരി അധ്യക്ഷത വഹിച്ചു. ജി.ജി.ഐ ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ സ്വാഗതവും പ്രോഗ്രാം ചീഫ് കോഓര്‍ഡിനേറ്റര്‍ മുസ്തഫ വക്കാലൂര്‍ നന്ദിയും പറഞ്ഞു.
അഹ്മദ് അതാഉല്ല ഫാറൂഖി, ഡോ.അബ്ദുല്‍ റഹീം മുഹമ്മദ് മൗലാന, തലാല്‍ മലൈബാരി, അബ്ദുല്ല മലൈബാരി, മുസ്തഫ ബകര്‍ മലൈബാരി, മുഹമ്മദ് സഈദ് മൊസാകോ, അബ്ദുറഹിമാന്‍ യൂസുഫ്, അബ്ദുസ്സലാം ഗൗസ് അലി തുടങ്ങിയവര്‍ ആദരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും.