Sorry, you need to enable JavaScript to visit this website.

സി.പി.എം നിലപാട് ജനാധിപത്യ  പോരാട്ടത്തിൽ കേരളത്തെ പിറകിലാക്കുന്നു

കേരളത്തിലെ പൊതുജീവിതം കലുഷിതമായിരിക്കുകയാണ്. ബി ജെ പി - സി പി എം സംഘട്ടനമാണ് അതിനുള്ള പ്രധാന കാരണം. ദൽഹിയിൽ സീതാറാം യെച്ചൂരിക്കു നേരെയുണ്ടായ കയ്യേറ്റ ശ്രമത്തോടെ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലാണ്. ഇരുപാർട്ടികളുടേയും പ്രവർത്തകരെ മാത്രമാണ് അത് ബാധിക്കുന്നതെങ്കിൽ പോട്ടെ എന്നു വെക്കാം. എന്നാൽ അതല്ലല്ലോ നടക്കുന്നത്. അടിച്ചേൽപിക്കുന്ന ജനവിരുദ്ധ - ജനാധിപത്യ വിരുദ്ധ ഹർത്താലുകളെ കൊണ്ടും അക്രമങ്ങളെ കൊണ്ടും കേരളത്തിലെ സൈ്വര ജീവിതം നഷ്ടപ്പെട്ടിരിക്കുന്നു. ഈ വർഷം ആറു മാസമാകുന്നതിനു മുമ്പ് 60 ൽപരം ഹർത്താലുകൾ നടന്നു കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ ദളിത് - കർഷക സമരങ്ങളെ പിന്തുണച്ച് ഹർത്താലുകൾ നടക്കുമ്പോഴാണ് കേരളത്തിൽ ഈ അസംബന്ധം നടക്കുന്നതെന്നതാണ് വൈരുദ്ധ്യം. 
ഫാസിസം എത്തിക്കഴിഞ്ഞോ ഇല്ലയോ എന്ന ചർച്ച നടക്കട്ടെ. ഒന്നുറപ്പാണ്. രാജ്യത്തിന്റെ പോക്ക് അങ്ങോട്ടാണ്. സംഘപരിവാർ ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണി തന്നെയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിനെതിരെ ജനാധിപത്യ - മതേതര ശക്തികളുടേയും ഫാസിസത്തിനു ഇരകളാകുന്നവരുടേയും വിപുലമായ ഐക്യനിര കെട്ടിപ്പടുക്കുകയാണ് സമകാലിക രാഷ്ട്രീയ ദൗത്യം. ആ ലക്ഷ്യത്തോടെ പ്രവർത്തിക്കാത്തവരെ ഇന്ന് രാഷ്ട്രീയ - സാസ്‌കാരിക പ്രവർത്തകെരന്ന് പറയാനാകില്ല. അത്തരം ദിശയിൽ രാജ്യത്തിന്റെ പല ഭാഗത്തും പോരാട്ടങ്ങൾ ഉയർന്നു വരുന്നുമുണ്ട്. ഇപ്പോൾ പല സംസ്ഥാനങ്ങളിലും സജീവമായ കർഷക - ദളിത് പ്രക്ഷോഭങ്ങൾക്കെല്ലാം അത്തരമൊരു ഉള്ളടക്കമുണ്ട്. പല സംസ്ഥാനങ്ങളിലും 2019 ൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ സംഘപരിവാറിനെതിരെ മഹാസഖ്യമുണ്ടാക്കാനാനുള്ള ശ്രമത്തിലുമാണ്.
എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ, കേരളത്തിലെ അവസ്ഥ അതല്ല. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനവും ഭരണത്തിനു നേതൃത്വം കൊടുക്കുന്നതുമായ സിപിഎമ്മിന് ഇത്തരമൊരു നയമുണ്ടോ എന്നു തന്നെ സംശയം തോന്നുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഒരു ജനാധിപത്യ സംവിധാനത്തിൽ ഒരു പ്രസ്ഥാനത്തേയും അക്രമം കൊണ്ട് നേരിടാനാകില്ല എന്നത് ഏതു കൊച്ചുകുഞ്ഞിനുമറിയാവുന്ന യാഥാർത്ഥ്യമാണ്. 
എന്നാൽ സിപിഎം ശ്രമിക്കുന്നത് അതിനാണ്. ഫാസിസ്റ്റുകളുടെ വളർച്ചയെയാണ് അതു സഹായിക്കുക. തങ്ങൾക്കു മാത്രമേ ഹൈന്ദവ ഫാസിസത്തെ നേരിടാൻ കഴിയൂ എന്നവകാശപ്പെടുകയും മറുവശത്ത് അവരുടെ വളർച്ചയെ സഹായിക്കുകയും ചെയ്യുന്ന സമീപനം. മുകളിൽ സൂചിപ്പിച്ച പോലെ ജനാധിപത്യ - മതേതര ശക്തികളുടേയും ഫാസിസത്തിനു ഇരകളാകുന്നവരുടേയും വിപുലമായ ഐക്യനിര എന്ന ലക്ഷ്യം പാർട്ടിക്കുണ്ടെന്നു കരുതാനാകുന്നില്ല. ഫാസിസത്തിനു ഇരകളാകുന്നവരേയും ശത്രുക്കളായി കാണുന്ന സമീപനമാണ് പലപ്പോഴും കാണുന്നത്. പ്രതേകിച്ച് ദളിത് - മുസ്ലിം വിഭാഗങ്ങളെ. മറുവശത്ത് തങ്ങളെ ആക്രമിച്ചാൽ തിരിച്ചടിക്കും, കൊലക്കു കൊല, അക്രമത്തിനു അക്രമം എന്നാണ് പാർട്ടിക്കാരുടെ നിലപാട്. ജനാധിപത്യ സംവിധാനത്തിൽ അക്രമത്തിന് നിയമ നടപടികളല്ലേ സ്വീകരിക്കേണ്ടത്. പ്രതേകിച്ച് ഭരിക്കുന്ന പാർട്ടി. കഴിഞ്ഞില്ല, കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ കോൺഗ്രസ് - സിപിഎം തെരഞ്ഞെടുപ്പ് സഖ്യം സാധ്യമല്ല എങ്കിലും അഖിലേന്ത്യാ തലത്തിൽ അനിവാര്യമായ അത്തരം സഖ്യത്തെ എതിർക്കുന്നത് കേരളത്തിലെ സിപിഎമ്മാണ്. പാർലിമെന്റിലെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ യെച്ചൂരിയുടെ സാന്നിധ്യം അനിവാര്യമാണെന്നു കോൺഗ്രസ് പോലും മനസ്സിലാക്കുമ്പോൾ അതിനോടും ഇവർ മുഖം തിരിക്കുന്നു. പഴയ ചരിത്രപരമായ വിഡ്ഢിത്തം ആവർത്തിക്കുന്നു. 
ഏറ്റവും വലിയ തമാശ ഇത്തരത്തിൽ സംഘപരിവാറിന്റെ  ജനാധിപത്യ വിരുദ്ധ നടപടികളെ അതേ നാണയത്തിൽ നേരിടുന്നതിനെ പിന്തുണക്കാത്തവരേയും സംഘപരിവാറുകാരായി ആക്ഷേപിക്കുന്നു എന്നതാണ്. തങ്ങളുടെ ഫാസിസ്റ്റ് ശൈലിയുമായി സഹകരിക്കാത്തവരെല്ലാം വർഗീയവാദികൾ. ഈ നയങ്ങളെ വിമർശിച്ചാലോ, സിപിഎമ്മിനോടുള്ള അന്ധമായ വിരോധം, മോഡിയുടെ നേരിട്ടുള്ള ചാരന്മാർ എന്ന രീതിയിലാണ് ആരോപണങ്ങൾ. എങ്ങനെയാണ് ജനാധിപത്യവാദികൾക്ക് ഇതംഗീകരിക്കാനാവുക? കേരളീയ സമൂഹത്തെ സംഘപരിവാർ അനുകൂലികളും സിപിഎം അനുകൂലികളുമായി വിഭജിക്കുകയും മറ്റെല്ലാ ചിന്താധാരകളേയും അപ്രസക്തരാക്കുകയുമാണ് ഇതിന്റെ പിറകിലെ ലക്ഷ്യം.  രാഷ്ട്രീയമെന്ന ധാരണയിൽ ഇവർ വളർത്തുന്നത് അരാഷ്ട്രീയതയാണ്. സംഘപരിവാറിനെ മാത്രമല്ല, വ്യത്യസ്ത നിലപാടുകൾ ഉന്നയിക്കുന്ന ആരേയും ആക്രമിക്കുന്നതിൽ സിപിഎം പിശുക്ക് കാണിക്കാറില്ല. കൂടെയുള്ള സിപിഐയെ പോലും. ചുവപ്പുകോട്ടകളിൽ ആർക്കും പ്രവർത്തന സ്വാതന്ത്ര്യം പോലുമില്ലല്ലോ. പല കലാലയങ്ങളും എസ് എഫ് ഐയുടെ ഫാസിസ്റ്റ് പരിശീലന കളരികളാണ്. 
ജനാധിപത്യത്തെ കൂടുതൽ പരിപക്വമാക്കിയാണ് ഇന്ന് ഫാസിസത്തെ ചെറുക്കേണ്ടതെന്ന പ്രാഥമിക ധാരണ പോലും ഇവർക്കില്ല. സമകാലിക വികസനത്തിന്റെ രക്തസാക്ഷികളായി മാറുന്ന പരിസ്ഥിതി, ദളിതുകളും ആദിവാസികളും മുസ്ലിംകളും സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും തുടങ്ങിയ വൈവിധ്യമാർന്ന സാമൂഹ്യ വിഭാഗങ്ങളോടൊപ്പം നിൽക്കുകയാണ് ജനാധിപത്യവാദികളുടെ കടമ. എന്നാൽ ഈ വിഷയങ്ങളിലെല്ലാം കേരളത്തിലെ സിപിഎം ഏതു പക്ഷത്താണെന്നത് പകൽ പോലെ വ്യക്തമാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ജനകീയ സമരങ്ങളെയെല്ലാം ഏറ്റവും ശക്തമായി എതിർക്കുന്നത് മറ്റാരുമല്ല. പലയിടത്തും കായികമായി പോലും ഇത്തരം സമരങ്ങളെ നേരിടുന്നു. അതെല്ലാം മാറ്റിവെച്ച് സംഘപരിവാറിനെ കായികമായി നേരിടുന്നതിന്റെ പേരിൽ എല്ലാവരും സിപിഎമ്മിനെ പിന്തുണക്കണമെന്ന വാദം ജനാധിപത്യ വിശ്വാസികൾക്ക് അംഗീകരിക്കാനാവുമോ? അതംഗീകരിക്കാത്തവരെല്ലാം അരാഷ്ട്രീയവാദികൾ.!!  രാഷ്ട്രീയം കറുപ്പും വെളുപ്പും മാത്രമല്ല, വിബ്ജിയോർ ആണ്. വലിപ്പമല്ല, ആശയമാണ് മുഖ്യം. വലിപ്പമാണെങ്കിൽ ഇന്ത്യയിൽ സിപിഎമ്മിനും പ്രസക്തിയില്ലല്ലോ. 
വാസ്തവത്തിൽ ഇതു കേവലം പ്രായോഗിക വിഷയമല്ല. ജനാധിപത്യം എന്ന സംവിധാനത്തോടുള്ള നിലപാടിന്റെ പ്രശ്‌നമാണ്. ജനാധിപത്യ സംവിധാനത്തെ സംഘപരിവാറിനെ പോലെ തന്നെ കമ്യൂണിസ്റ്റ് പാർട്ടികളും അംഗീകരിക്കുന്നില്ല എന്നതല്ലേ യാഥാർത്ഥ്യം? ബൂർഷ്വാ ജനാധിപത്യം എന്നാണല്ലോ അവരതിനെ വിശേഷിപ്പിക്കുന്നതു തന്നെ? സത്യത്തിൽ ഇപ്പോഴുമവർ വിഭാവനം ചെയ്യുന്നത് ബിജെപിയെ പോലെ ഏക പാർട്ടി ഭരണമാണ്. ബിജെപി മതത്തിന്റെ പേരിലാണെങ്കിൽ സിപിഎം വർഗത്തിന്റെ പേരിൽ. ആ ലക്ഷ്യത്തിന്റെ ഭാഗമായി അടവുപരമായും തന്ത്രപരമായുമൊക്കെ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുന്നു എന്നു മാത്രം. അതിനാൽ തന്നെ ജനാധിപത്യത്തിൽ അനിവാര്യമായ പ്രതിപക്ഷ ബഹുമാനം തുലോം കുറവാണ്. അതിനാലാണ് തങ്ങൾക്ക് ശക്തിയുള്ളയിടങ്ങളിൽ അവരുടേത് ഫാസിസ്റ്റ് നയമാകുന്നത്. സംഘപരിവാറിന്റേതിനെ മത ഫാസിസമെന്നു വിശേഷിപ്പിക്കാമെങ്കിൽ ഇതിനെ രാഷ്ട്രീയ ഫാസിസമെന്നു വിശേഷിപ്പിക്കാം. മതഫാസിസത്തെ നേരിടേണ്ടത് ഈ രാഷ്ട്രീയ ഫാസിസത്തെ പിന്തുണച്ചല്ല. ഫാസിസത്തിന്റെ വെല്ലുവിളി ഭക്ഷണത്തിലേക്കു പോലും എത്തിയിട്ടും ഈ നിലപാടുകൾ പുനഃപരിശോധിക്കാൻ സിപിഎം തയ്യാറാകാത്തത് ജനാധിപത്യ പോരാട്ടത്തിൽ കേരളത്തെ ഏറെ പിറകിലാക്കുമെന്നതിൽ സംശയമില്ല. 

 

Latest News