കൊച്ചി- വീണതു വിദ്യയാക്കിയ എറണാകുളത്തെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഫേസ്ബുക്കില്‍ മുട്ടന്‍ പണികിട്ടി. മണ്ഡലം മാറി പ്രചാരണം നടത്തിയും പെട്രോള്‍ വില വര്‍ധിപ്പിച്ച് മോഡി സര്‍ക്കാര്‍ കക്കൂസ് ഉണ്ടാക്കുന്നുവെന്നു പറഞ്ഞും സമൂഹ മാധ്യമങ്ങളിലെ ട്രോളന്‍മാര്‍ക്ക് ലക്ഷണമൊത്ത ഇരയായി മാറുകയും നിരന്തരം ട്രോള്‍ ചെയ്യപ്പെടുകയും ചെയ്യുന്ന കേന്ദ്ര മന്ത്രി കണ്ണന്താനം ഫേസ്ബുക്കില്‍ ഇന്നു പ്രഖ്യാപിച്ച ട്രോള്‍ ചലഞ്ചാണ് തിരിച്ചടിച്ചത്. 'എന്തായാലും എന്നെ ട്രോളുന്ന വീരന്മാര്‍ക്ക് ഒരു കൊച്ചു ചലഞ്ച് - കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകള്‍ ഉണ്ടാക്കി ഇവിടെ കമന്റ് ചെയ്യൂ. നല്ല ട്രോളര്‍മാര്‍ക്ക് എന്നോടൊപ്പം ഒരു സെല്‍ഫി എടുക്കാം, ഈ പേജില്‍ ഇടാം (തെരഞ്ഞെടുപ്പായതിനാല്‍ മറ്റു വാഗ്ദാനങ്ങളോ സമ്മാനങ്ങളോ ഇപ്പോള്‍ സാധ്യമല്ല). അപ്പൊ ശരി, തുടങ്ങുവല്ലേ?' എന്ന് കണ്ണന്താനം പോസ്റ്റിട്ടതെ ഉള്ളൂ. കമന്റ് ബോക്‌സില്‍ ട്രോളുകള്‍ നിറഞ്ഞു. 1500ലേറെ പേരാണ് ട്രോളിയത്. ഇവ ചിരിയടക്കാനാകാതെ വായിക്കാനാവില്ല. കണ്ണന്താനത്തിന്റെ പോസ്റ്റിനു താഴെ നിന്നും തിരഞ്ഞെടുത്ത ഏതാനും ചിലത് ഇവിടെ വായിക്കാം...
f