തിരുവനന്തപുരം- ലോക്‌സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താൻ എ.ഐ.സി.സി നിരീക്ഷകനെ നിയോഗിച്ചു. നാഗ്പൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി നാനാ പട്ടോളിനെയാണ് നിയോഗിച്ചത്. പ്രചാരണത്തിൽ നേതാക്കൾ സജീവമല്ലെന്ന് ചൂണ്ടിക്കാട്ടി ശശി തരൂർ എ.ഐ.സി.സിക്ക് പരാതി നൽകിയെന്ന് വാർത്തയുണ്ടായിരുന്നു. തുടർന്നാണ് നിരീക്ഷകനെ നിയോഗിച്ചത്.
അതേസമയം, പരാതി നൽകിയെന്ന വാർത്ത തെറ്റാണെന്നും യു.ഡി.എഫിന്റെ പ്രചാരണത്തിൽ സമ്പൂർണ്ണ തൃപ്തിയാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് ശശി തരൂർ തന്നെ ജയിക്കുമെന്നും കുമ്മനം ജയിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാർട്ടി ഘടകങ്ങൾ സജീവമായി പങ്കെടുക്കുന്നില്ലെന്ന് താൻ ഹൈക്കമാന്റിന് പരാതി നൽകിയിട്ടില്ലെന്ന് ഡോ.ശശി തരൂർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ കല്ലുകടിയുണ്ടെന്ന മട്ടിലുള്ള പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് തരൂർ വ്യക്തമാക്കി. മൂന്നാം വട്ടം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തന്റെ ഏറ്റവും മികച്ച പ്രചാരണമാണ് ഇത്തവണ നടക്കുന്നതെന്ന് തരൂർ പറഞ്ഞു. എണ്ണയിട്ട യന്ത്രംപോലെ യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകർ പ്രചാരണ ജോലികളിൽ നിറഞ്ഞു നിൽക്കുന്നതു കാണുമ്പോൾ അഭിമാനവും ആഹ്ലാദവും തോന്നുന്നതായി തരൂർ പ്രസ്താവനയിൽ പറഞ്ഞു. പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടാണ്. ഇതുവരെയുള്ള എല്ലാ പ്രചാരണ പ്രവർത്തനങ്ങളിലും താൻ പൂർണ സംതൃപ്തനാണെന്നും തരൂർ പറഞ്ഞു. മുൻ മത്സരങ്ങളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ ഒരുപാട് കുപ്രചാരണം നടക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു. വ്യക്തിഹത്യയും അടിസ്ഥാനരഹിതമായ ആരോപണങ്ങളും 30 വർഷം മുമ്പെഴുതിയ നോവലിലെ കഥാപാത്രത്തിന്റെ സംഭാഷണങ്ങളും മറ്റുമാണ് ഇത്തവണ മറ്റു സ്ഥാനാർഥികൾ തനിക്കെതിരേ പ്രചരിപ്പിക്കുന്നത്. അതോടൊപ്പമാണ് യു.ഡി.എഫിലും കോൺഗ്രസിലും അസ്വാരസ്യമുണ്ടെന്നു പ്രചരിപ്പിക്കുന്നത്. അങ്ങനെയൊരു കാര്യം ഇതുവരെ ശ്രദ്ധയിൽപ്പെടുകയോ, ആരുടെയങ്കിലും അടുത്ത് പരാതിപ്പെടുകയോ ചെയ്തിട്ടില്ലെന്നു തരൂർ പറഞ്ഞു.
പ്രചാരണ രംഗത്ത് താൻ തുടക്കം മുതൽ മേൽക്കൈ നേടിയതു കൊണ്ടായിരിക്കാം ഇത്തരം പ്രചാരണം. അവയെയെല്ലാം തള്ളിക്കളഞ്ഞ് നേതാക്കളും പ്രവർത്തകരും വലിയ ആവേശത്തോടെയാണ് പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കുന്നത്. കഴിഞ്ഞ രണ്ടു തവണ ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷം ഇത്തവണ ഉണ്ടാകുമെന്നും തരൂർ പറഞ്ഞു.