Sorry, you need to enable JavaScript to visit this website.

ഡോ. ഡി ബാബു പോൾ അന്തരിച്ചു

തിരുവനന്തപുരം- പ്രമുഖ ഭരണനിപുണനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ഡി. ബാബു പോൾ അന്തരിച്ചു. 78 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ ഹൃദ്രോഗത്തെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രിയാണ് മരണം സംഭവിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമുതൽ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയായിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം ബാബു പോൾ തദ്ദേശ സ്വയം ഭരണവകുപ്പ് ഓംബുഡ്‌സ്മാനായും പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ അന്ന ബാബു പോൾ. മക്കൾ: മറിയം ജോസഫ്, ചെറിയാൻ സി പോൾ. മരുമക്കൾ: സതീഷ് ജോസഫ്, ദീപ. മുൻ വ്യോമയാന സെക്രട്ടറിയും യു.പി.എസ്.സി അംഗവമായിരുന്ന കെ. റോയ് പോൾ സഹോദരനാണ്. 
പഠനത്തിൽ മികവു പുലർത്തിയ വിദ്യാർഥിയുമായിരുന്നു ബാബു പോൾ. എ.എസ്.എസ്.എൽ.സിയിൽ മൂന്നാം റാങ്കും എം.എക്ക് ഒന്നാം റാങ്കും കരസ്ഥമാക്കി. ഐ.എ.എസിന് മൂന്നാം റാങ്ക് ലഭിച്ചു. സിവിൽ എൻജിനീയറിംഗിൽ ബിരുദം നേടിയ ബാബു പോൾ പ്രതിരോധ ശാസ്ത്രത്തിലും വേദശാസ്ത്രത്തിലും മലയാള സാഹിത്യത്തിലും ഉപരിപഠനം നടത്തി. കേരള സർവ്വകലാശാല വൈസ് ചാൻസലർ, കെ.എസ്.ആർ.ടി.സി എം.ഡി എന്നീ പദവികളും വഹിച്ചു. 21 -ാം വയസിൽ സർക്കാർ സർവീസിൽ പ്രവേശിച്ച ബാബു പോൾ 59-ാം വയസിൽ സ്വയം വിരമിക്കൽ നടത്തിയാണ് ഓംബുഡ്‌സ്മാൻ സ്ഥാനം സ്വീകരിച്ചത്. വേദശബ്ദ രത്‌നാകരമെന്ന ബൈബിൾ നിഘണ്ടു ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. സംസ്‌കാരം പിന്നീട് നടത്തും.
 

Latest News