Sorry, you need to enable JavaScript to visit this website.

രാജ്യത്തേക്ക് മടങ്ങാനാവാതെ സുഡാനി തീര്‍ഥാടകര്‍; സൗകര്യമൊരുക്കി സൗദി രാജാവ്‌

റിയാദ് - സൈനിക അട്ടിമറിയെ തുടർന്ന് രാജ്യത്തെ വിമാനത്താവളങ്ങളും അതിർത്തികളും അടച്ചതു മൂലം സ്വദേശത്തേക്ക് മടങ്ങുന്നതിന് കഴിയാതെ കുടുങ്ങിയ മുഴുവൻ സുഡാനി തീർഥാടകർക്കും താമസസൗകര്യം അടക്കം ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശിച്ചു. മടക്കയാത്ര സാധ്യമാകുന്നതുവരെ സുഡാനി തീർഥാടകർക്ക് ആതിഥേയത്വം നൽകണമെന്ന് മുഴുവൻ ഉംറ സർവീസ് കമ്പനികളോടും സ്ഥാപനങ്ങളോടും ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതൻ ആവശ്യപ്പെട്ടു. വിമാന കമ്പനി ഓഫീസുകളുമായും തുറമുഖങ്ങളുമായും ബന്ധപ്പെട്ട് സുഡാനി തീർഥാടകർക്ക് മടക്കയാത്രക്ക് പുതിയ ബുക്കിംഗ് ഏർപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കണം. 


മടക്കയാത്ര സാധ്യമാകുന്നതു വരെ മുഴുവൻ സുഡാനി തീർഥാടകർക്കും എല്ലാവിധ സേവനങ്ങളും നൽകുന്നത് തുടരണമെന്ന് ഉംറ സർവീസ് കമ്പനികളോടും സ്ഥാപനങ്ങളോടും ഹജ്, ഉംറ മന്ത്രാലയം പുറത്തിറക്കിയ സർക്കുലർ ആവശ്യപ്പെട്ടു. സുഡാൻ വ്യോമമേഖല അടച്ചതിനാൽ സുഡാനിലേക്കുള്ള വിമാന സർവീസുകൾ സൗദിയയും ഫ്‌ളൈനാസും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഖാർത്തൂമിലേക്കും പോർട്ട്‌സുഡാനിലേക്കുമാണ് സൗദിയ സർവീസുകൾ നടത്തുന്നത്. സർവീസുകൾ റദ്ദാക്കിയതു മൂലം ബുക്കിംഗ് മാറ്റുന്നതിനും പുതിയ ടിക്കറ്റുകൾ ഇഷ്യു ചെയ്യുന്നതിനുമുള്ള ഫീസുകളിൽ നിന്ന് കൺഫേം ചെയ്ത മുഴുവൻ ടിക്കറ്റുകളെയും ഒഴിവാക്കിയിട്ടുണ്ടെന്ന് സൗദിയ അറിയിച്ചു. 


സുഡാൻ പ്രസിഡന്റ് ഉമർ അൽബശീറിനെ വ്യാഴാഴ്ച അട്ടിമറിയിലൂടെ സൈന്യം പുറത്താക്കിയിരുന്നു. മൂന്നു മാസത്തേക്ക് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രിസഭയും പാർലമെന്റും സംസ്ഥാന ഗവർണർമാരെയും സംസ്ഥാന നിയമ നിർമാണസഭകളെയും പിരിച്ചുവിട്ടതായും ഭരണഘടന മരവിപ്പിച്ചതായും ഫസ്റ്റ് വൈസ് പ്രസിഡന്റും പ്രതിരോധ മന്ത്രിയുമായ അവദ് ഇബ്ൻ ഔഫ് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ഇടക്കാല സൈനിക കൗൺസിൽ സ്ഥാപിച്ചിട്ടുണ്ട്. രണ്ടു വർഷം രാജ്യഭരണം നടത്തുക കൗൺസിൽ ആയിരിക്കും. ഇടക്കാല ഭരണ കാലം അവസാനിച്ച ശേഷം രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്നും അവദ് ഇബ്ൻ ഔഫ് പറഞ്ഞു. അടുത്തിടെ പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിനെ തുടർന്ന് പാക് വ്യോമമേഖല അടച്ചതിനാൽ മടക്കയാത്ര മുടങ്ങി കുടുങ്ങിയ പാക് തീർഥാടകർക്കും സൗദിയിലെ താമസം തുടരുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തിരുന്നു. 

Latest News