Sorry, you need to enable JavaScript to visit this website.

നോമ്പിന്റെ മൂല്യവത്തായ സന്ദേശം 

ചേറ്റുവയിലെ വല്യുപ്പ (ഉമ്മയുടെ ഉപ്പ) ആർ.വി. കുഞ്ഞിമൊയ്തുവിന്റെ ജീവതമാണ് എന്റെ കുട്ടിക്കാലത്തെ നോമ്പിന്റെ ഓർമകളിൽ ഓടിയെത്തുക. സാത്വികനും സൗമ്യനും തികഞ്ഞ മതവിശ്വാസിയുമായ വല്യുപ്പ അഞ്ച് നേരം നമസ്‌കരിക്കുന്നതു പോലെ തന്നെ അഞ്ച് നേരവും കുളിക്കുകയും ചെയ്യും. ചേറ്റുവ ജുമാ മസ്ജിദ് കമ്മിറ്റിയുടെ പ്രധാനിയായിരുന്ന അദ്ദേഹത്തെ തികഞ്ഞ ആദരവോടെയും ബഹുമാനത്തോടെയുമാണ് നാട്ടുകാരും കുടുംബങ്ങളും കണ്ടിരുന്നത്. നിർഭയനായിരുന്നു അദ്ദേഹം. പേടിച്ചോടുന്നവരുടെ കൂട് എവിടെയാണ് എന്ന് ചേദിച്ച് കുട്ടിയായ എന്റെ പിറകെ അദ്ദേഹം വരും.
പതിവിൽ നിന്ന് വ്യത്യസ്തമാണ് വല്യുപ്പയുടെ നോമ്പുകാലം. റമദാനിൽ മാത്രമല്ല, അതു കഴിഞ്ഞുളള ആറ് നോമ്പ്, ആഴ്ചയിൽ എല്ലാ വ്യാഴാഴ്ചയും അദ്ദേഹം വ്രതമെടുക്കും. വീട്ടിൽ നിന്ന് ഉച്ചത്തിൽ ബാങ്ക് വിളിക്കുന്ന ശീലമുണ്ടായിരുന്നു അദ്ദേഹത്തിന്. ആയതിനാൽ വീട്ടിൽ ഭക്തി നിർഭരമായ അന്തരീക്ഷമായിരിക്കും. കുട്ടികളായ എന്നെ റമദാനിൽ നോമ്പ് എടുപ്പിച്ച് ശീലിപ്പിക്കുമായിരുന്നു വല്യുപ്പ. 105 വയസ്സു വരെ ജീവിച്ച വല്യുപ്പ ഖുർആൻ ഓതിയിരുന്നത് കണ്ണടയില്ലാതെയായിരുന്നു. നോമ്പുകാലത്ത് അയൽ വീടുകളിലും ബന്ധുവീടുകളിലും കിടപ്പിലായ രോഗികളെ സന്ദർശിക്കുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു.
നോമ്പ് എടുക്കുന്നതിന് മുമ്പായുളള അത്താഴത്തിന് വല്യുപ്പക്ക് ചക്കരപ്പാലും നോമ്പുതുറന്നു കഴിഞ്ഞാൽ ചക്കരപ്പുകയിലയും നിർബന്ധമായിരുന്നു. തരിക്കഞ്ഞി, തേങ്ങ ചേർത്ത പത്തിരി -ഇതൊക്കെയായിരുന്നു പഥ്യം. നോമ്പ് ആയാൽ മുടി കളയും. എന്റെയൊക്കെ മുടി വളരുന്നത് ശ്രദ്ധിക്കും. ഇങ്ങനെ വ്യത്യസ്തനായി ജീവിച്ച വല്യുപ്പയെയാണ് ഓരോ നോമ്പുകാലത്തും ഓർമയിലെത്തുക.നോമ്പ് കഴിഞ്ഞെത്തുന്ന ചെറിയ പെരുന്നാളാണ് പ്രധാനം. വാസന സോപ്പ് തേച്ച് കുളിച്ച് പുത്തനുടുപ്പിട്ട് പളളിയിലേക്ക്. അതു കഴിഞ്ഞ് ഭക്ഷണം. റമദാനിൽ ഒരു മാസമായി നിലച്ച ഉച്ചഭക്ഷണം വീണ്ടും സജീവമാകുന്ന ആദ്യ ദിനം കൂടിയാണ് ചെറിയ പെരുന്നാൾ ദിനം. പെരുന്നാൾ ദിനത്തിൽ വല്യുപ്പയെ കാണാൻ നിരവധി പേരെത്തും. സമീപത്തെ അമുസ്ലിം സ്ത്രീകൾ വരെ ഇക്കൂട്ടത്തിലുണ്ടാകും. വല്യുപ്പ പാട്ടിനെ സ്‌നേഹിച്ചിരുന്നു. വല്യുമ്മയോ ഉമ്മയോ പാടിയാൽ അത് കേട്ടിരിക്കും. ഞാൻ സംവിധാനം ചെയ്ത പരദേശി എന്ന ചലച്ചിത്രത്തിൽ തട്ടം പിടിച്ചു വലിക്കല്ലെ..മൈലാഞ്ചി ചെടിയേ...എന്ന ഗാനം മ്യൂസിക്കില്ലാതെ ചെയ്തത് ചെറുപ്പത്തിലെ ആ കാഴ്ച കണ്ടെതുകൊണ്ടാണ്. എന്റെ അമ്മാവൻ എന്റെ പേരിൽ തന്നെ അറിയപ്പെട്ട പി.ടി. കുഞ്ഞിമുഹമ്മദ് വീരപുരുഷൻ മുഹമ്മദ് അബ്്ദുറഹിമാൻ സാഹിബിന്റെ സുഹൃത്തായിരുന്നു. ജീവിതത്തിൽ സത്യസന്ധത വെച്ചുപുലർത്തിയ അമ്മാവന്റെ ജീവിതവും പവിത്രമായിരുന്നു.

എല്ലാ മതങ്ങളിലും നോമ്പുണ്ട്. എന്നാൽ അവയിൽ നിന്നൊക്കെ വ്യത്യസ്തമാണ് റമദാൻ മാസത്തിലെ നോമ്പ്. ഇല്ലാത്തവന്റെ വിശപ്പിന്റെ വേദന അറിയാനായി മുസ്ലിംകൾ എടുത്തുവരുന്ന നോമ്പിന് ഇന്ന് ദേശീയ മുഖം കൈവന്നിട്ടുണ്ട്. കാരണം ഇന്ന് നോമ്പ് പൂർണമായും എടുക്കാൻ മറ്റു മതസ്ഥരും തയ്യാറാവുന്നു. എന്റെ അസിസ്റ്റൻഡ് ഡയറക്ടറായ സുനിൽ ബാലകൃഷ്ണൻ നോമ്പെടുക്കുന്നയാളാണ്. അങ്ങനെ നിരവധി പേർ നോമ്പെടുക്കുന്നതായി വാർത്താ മാധ്യമങ്ങളിൽ നിന്ന് മനസ്സിലാക്കാനാകുന്നു. ഒരു പ്രത്യേക മത വിഭാഗത്തിന്റെ വിശ്വാസ അനുഷ്ഠാനമെന്നതിലപ്പുറം മൂല്യവത്തായ സന്ദേശം ഇതിൽ അടങ്ങിയിട്ടുണ്ടെന്ന ബോധം ഇക്കാലത്തുണ്ടായിട്ടുണ്ട്. ആ ഒരു വീക്ഷണത്തിൽ നോമ്പിന്റെ പവിത്രത കാത്തു സൂക്ഷിക്കാൻ നമുക്കും കഴിയണം. വിവിധ ജാതി മത വിശ്വാസികൾ ജീവിക്കുന്ന രാജ്യത്ത്് പ്രയാസമൊന്നുമില്ലാതെ നോമ്പനുഷ്ഠിക്കാനും ജീവിക്കാനും നമുക്കാവുന്നത്് പൂർവ്വികർ കാണിച്ചു തന്ന പാതയിലൂടെ സഞ്ചരിക്കുന്നതിനാലാണ്.
   
   

Latest News