കൊച്ചി- നടി ലീന മരിയ പോളിന്റെ എറണാകുളം കടവന്ത്രയിലെ ബ്യൂട്ടിപാര്‍ലറിനു നേരെ വെടിവെച്ച കേസില്‍ ഒരാളെ കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കേസില്‍ അറസ്റ്റിലായ രണ്ടു പ്രതികള്‍ക്ക് കാസര്‍കോട് സ്വദേശിയുടെ നിര്‍ദേശാനുസരണം വാഹനവും മറ്റും എത്തിച്ച കലൂര്‍ പോണേക്കര സ്വദേശി അല്‍ത്താഫിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്ത ആലുവ കോമ്പാറ സ്വദേശി ബിലാല്‍(25),എറണാകുളം കൊച്ചു കടവന്ത്ര സ്വദേശി വിപിന്‍(30) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ബ്യൂട്ടി പാര്‍ലറിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ നാലു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. സംഭവത്തിനു പിന്നില്‍ രവി പൂജാരിയാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. സംഭവത്തിന് ഒരു മാസം മുമ്പ് രവി പൂജാര നടി ലീന മരിയ പോളിനെ ഫോണില്‍ വിളിച്ച് 25 കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. പണം നല്‍കിയില്ലെങ്കില്‍ തന്റെ ആളുകള്‍ സ്ഥാപനവും താമസിക്കുന്ന സ്ഥലവും വെടിവെച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി.
രവി പൂജാരയുമായി അടുപ്പമുള്ള കാസര്‍കോട് സ്വദേശിയാണ് ബിലാലിനും വിപിനും ക്വട്ടേഷന്‍ നല്‍കിയത്. 50 ലക്ഷം രൂപയാണ് ഇവര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. നടിയുടെ കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിനുള്ളില്‍ കയറി വെടിയുതിര്‍ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യണമെന്നുമായിരുന്നു നിര്‍ദേശം. തോക്കുകളും സഞ്ചരിക്കാനുള്ള മോട്ടോര്‍ ബൈക്കും എറണാകുളത്ത് എത്തിച്ചു. ഡിസംബര്‍ 15 ന് ഉച്ചകഴിഞ്ഞ് കളമശേരി ഭാഗത്ത്‌നിന്ന് ബൈക്കില്‍ പുറപ്പെട്ട് കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിനു മുന്‍ വശമെത്തിയെങ്കിലും അകത്ത് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പുറത്തുനിന്ന് വെടിയുതിര്‍ത്ത ശേഷം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് കാസര്‍കോടെത്തി അവിടെ ഒളിവില്‍ കഴിഞ്ഞു. 50 ലക്ഷം രൂപയായിരുന്നു വാഗ്ദാനമെങ്കിലും ഇരുവര്‍ക്കും 45,000 രൂപ മാത്രമെ ലഭിച്ചുള്ളുവെന്ന് പോലീസ് പറഞ്ഞു. തോക്കുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
രവി പൂജാരക്കു വേണ്ടി ക്വട്ടേഷന്‍ നല്‍കിയ കാസര്‍കോട് സ്വദേശിയേയും കൊല്ലത്തുള്ള ഒരു ഡോക്ടറുയെും കണ്ടെത്തേണ്ടതുണ്ട്. അറസ്റ്റിലായവര്‍ തന്നെയാണ് വെടിയുതിര്‍ത്തതെന്ന് സ്ഥിരീകരിച്ചതായി ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത് പറഞ്ഞു. സംഭവത്തിനു പിന്നില്‍ രവി പൂജാരയാണെന്ന് വ്യക്തമാക്കി നേരത്തെ തന്നെ കുറ്റ പത്രം നല്‍കിയിരുന്നു.