കൊച്ചി- ഭാര്യ രശ്മിയെ കൊലപ്പെടുത്തിയെന്ന കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ബിജു രാധാകൃഷ്ണനേയും സ്ത്രീധന പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ബിജുവിന്റെ അമ്മ രാജമ്മാളിനെയും ഹൈക്കോടതി വെറുതെ വിട്ടു. ഹൈക്കോടതിയില്‍ സ്വന്തമായി വാദിച്ചാണ് ബിജു രാധാകൃഷ്ണന്‍ ശിക്ഷയില്‍നിന്ന് ഒഴിവായത്.
ഇരുവരും കുറ്റക്കാരാണെന്നു കണ്ടെത്തിയ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രതികള്‍ കുറ്റക്കാരാണെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും രാജമ്മാളിന് സ്ത്രീധന പീഡനക്കേസില്‍ മൂന്നു വര്‍ഷം തടവും 50000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്.
കൊലപാതകം, സ്ത്രീപീഡനം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ബിജു രാധാകൃഷ്ണനെ ശിക്ഷിച്ചിരുന്നത്. രാജമ്മാള്‍ക്കെതിരെ സ്ത്രീധന പീഡനം, കൊലപാതകത്തിന് കൂട്ടുനില്‍ക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.