തിരുവനന്തപുരം- കേരളത്തില്‍ ഞായറാഴ്ച വരെ ചൂട് കൂടുമെന്നും സൂര്യാതപ സാധ്യത വര്‍ധിക്കുമെന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ്. ചൂട് ശരാശരിയില്‍ നിന്നു നാല് ഡിഗ്രി വരെ വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. താപസൂചിക പ്രകാരം ഇന്നും നാളെയും അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രത 50 ഡിഗ്രിക്കു മുകളിലെത്തും.
ചൂട് 40 ഡിഗ്രിക്കു താഴെയാണെങ്കിലും ഹ്യുമിഡിറ്റി (അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ്) കൂടുതലായതും വായൂപ്രവാഹത്തിലെ മാറ്റങ്ങളുമാണു താപസൂചിക ഉയരാനുള്ള കാരണം. ഇന്നലെ പാലക്കാട്ടാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് 39.6. തിരുവനന്തപുരത്തും (36.8) ആലപ്പുഴയിലും (37.4) ശരാശരിയില്‍ നിന്ന് 4 ഡിഗ്രി ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി.