തിരൂരങ്ങാടി- മതം മാറിയതിന്റെ പേരിൽ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസലിന്റെ സഹോദരിക്കും മക്കൾക്കും ആർ.എസ്.എസിന്റെ വധഭീഷണി. ഫൈസൽ കൊലക്കേസിലെ പ്രതി വിനോദിന്റെ മക്കളാണ് ഇവർ. ഇതേത്തുടർന്നു ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഇസ്‌ലാം മതം സ്വീകരിച്ചതിനു രണ്ടു വർഷം മുമ്പ് കൊടിഞ്ഞിയിൽ കൊലക്കത്തിക്ക് ഇരയായ ഫൈസലിന്റെ കുടുംബത്തിനെതിരെ കൊലവിളിയുമായി ആർ.എസ്.എസ് വീണ്ടും രംഗത്തെത്തിയതായാണ് ഇവരുടെ പരാതി. ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചാണ് സഹോദരിയും മകനും തിരൂരങ്ങാടി സി.ഐക്ക് മുമ്പാകെ പരാതി നൽകിയത്. ഫൈസലിന്റെ മരണത്തോടെ ഇസ്‌ലാം മതം സ്വീകരിച്ച ഇളയ സഹോദരിയുടെ മക്കളെയാണ് കഴിഞ്ഞ ദിവസം ആർ.എസ്.എസ് പ്രവർത്തകനായ കൊടിഞ്ഞി ഫാറൂഖ് നഗർ പൊന്നാട്ടിൽ ബൈജു വധിക്കുമെന്നും എല്ലാത്തിനെയും നുള്ളിക്കളയുമെന്നും ഭീഷണി മുഴക്കിയതെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി മസ്ജിദിൽ നമസ്‌കാരം കഴിഞ്ഞു തിരിച്ച് വരുമ്പോഴായിരുന്നു ഭീഷണി. നേരത്തെ ഫൈസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളെ തിരൂരങ്ങാടി പോലീസ് ചോദ്യം ചെയ്തിരുന്നു. കൊലവിളിയുമായി കുട്ടികളുടെ നേരെ വന്നതിൽ ബന്ധുക്കളും മറ്റും ഭയപ്പാടിലാണ്. ഫൈസലിന്റെ കൊലപാതകത്തിനു ശേഷം ഇവരുടെ ബന്ധുക്കളെല്ലാം ഇസ്‌ലാം മതം സ്വീകരിക്കുകയായിരുന്നു. ഇപ്പോൾ കൊടിഞ്ഞിയിലെ വാടക വീട്ടിലാണ് മാതാപിതാക്കളും സഹോദരിമാരും ഇവരുടെ മക്കളും താമസിക്കുന്നത്. ഫൈസലിന്റെ ഭാര്യയും കുട്ടികളും മഹല്ല് കമ്മിറ്റി പണിതു നൽകിയ വീട്ടിലാണ് താമസം. ഫൈസൽ കൊലപാതക കേസിലുള്ള പ്രതി വിനോദിന്റെ മക്കളെയാണ് ഇസ്‌ലാം മതം സ്വീകരിച്ചു ജീവിക്കുന്നതിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്നത്. തങ്ങളുടെ ജീവൻ അപായത്തിലാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ഇവർ പരാതി നൽകിയത്.