റിയാദ് - നിയമ ലംഘനങ്ങൾക്ക് രാജ്യത്തെ ടെലികോം കമ്പനികൾക്ക് കമ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനു കീഴിലെ പ്രത്യേക കമ്മിറ്റി 3.8 കോടിയിലേറെ റിയാൽ പിഴ ചുമത്തി. കമ്മിറ്റി തീരുമാനങ്ങൾ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയും അപ്പീൽ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയും ശരിവെച്ചു. സൗദി ടെലികോം കമ്പനിക്ക് 90 ലക്ഷത്തിലേറെ റിയാലാണ് പിഴ ചുമത്തിയത്. ക്രെഡിറ്റ് പരിധി നയം നടപ്പാക്കുന്നത് നിർത്തിവെക്കണമെന്ന തീരുമാനം പാലിക്കാത്തതും ഉപയോക്താക്കളുടെ പരാതികളുമായി ബന്ധപ്പെട്ട് കമ്മീഷൻ നൽകിയ നിർദേശങ്ങൾ നടപ്പാക്കാത്തതും ടെലികോം നിയമം ലംഘിച്ച് പ്രീപെയ്ഡ് മൊബൈൽ ഫോൺ കണക്ഷനുകൾ അനുവദിച്ചതും കമ്മീഷനിൽ നിന്നുള്ള ലൈസൻസില്ലാതെ ഫ്രീക്വൻസികൾ ഉപയോഗിച്ചതുമാണ് എസ്.ടി.സിക്ക് പിഴ ചുമത്തുന്നതിന് കാരണം.
മൊബൈലി കമ്പനിക്ക് 1.7 കോടിയിലേറെ റിയാൽ പിഴ ചുമത്തി. ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കാതിരിക്കൽ, കമ്മീഷൻ ആവശ്യപ്പെട്ട വിവരങ്ങൾ നിശ്ചിത സമയത്തിനകം കൈമാറാതിരിക്കൽ, ടെലികോം നിയമം ലംഘിച്ച് പ്രീപെയ്ഡ് മൊബൈൽ ഫോൺ കണക്ഷനുകൾ അനുവദിക്കൽ എന്നീ നിയമ ലംഘനങ്ങളാണ് മൊബൈലി നടത്തിയത്.
സെയ്ൻ കമ്പനിക്ക് 1.1 കോടിയിലേറെ റിയാൽ പിഴ ചുമത്തി. കമ്മീഷൻ അനുമതി കൂടാതെ ഓഫറുകൾ പ്രഖ്യാപിക്കൽ, ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കാതിരിക്കൽ, കമ്മീഷൻ ആവശ്യപ്പെട്ട വിവരങ്ങൾ നിശ്ചിത സമയത്തിനകം കൈമാറാതിരിക്കൽ, ടെലികോം നിയമം ലംഘിച്ച് പ്രീപെയ്ഡ് മൊബൈൽ ഫോൺ കണക്ഷനുകൾ അനുവദിക്കൽ എന്നീ നിയമ ലംഘനങ്ങൾ സെയ്ൻ കമ്പനിയുടെ ഭാഗത്ത് കണ്ടെത്തി.