Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഫോട്ടോ എടുക്കുന്നവര്‍ സൂക്ഷിക്കുക; നിയമങ്ങള്‍ ലംഘിച്ചാല്‍ ജയിലും പിഴയും

റിയാദ് - പൊതുസ്ഥലങ്ങളിലും റോഡുകളിലും വെച്ച് രഹസ്യ ക്യാമറകൾ ഉപയോഗിച്ച് മുൻകൂട്ടി അനുമതി വാങ്ങാതെ മറ്റുള്ളവരുടെ ഫോട്ടോകളെടുക്കുകയും വീഡിയോകൾ ചിത്രീകരിക്കുകയും ചെയ്യുന്നവർ സൂക്ഷിക്കുക. ഇത്തരം നിയമ ലംഘനങ്ങൾക്ക് ഇനി മുതൽ അഞ്ചു മാസം തടവും പതിനായിരം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. 


കഴിഞ്ഞ ചൊവ്വാഴ്ച തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച പൊതു അഭിരുചി സംരക്ഷണ നിയമാവലിയിലാണ് രഹസ്യ ക്യാമറകൾ ഉപയോഗിച്ച് മറ്റുള്ളവരെ ചിത്രീകരിക്കുന്നവർക്ക് തടവും പിഴയും വ്യവസ്ഥ ചെയ്യുന്നത്. 


പൊതുസ്ഥലങ്ങളിൽ നടത്തുന്ന പതിനേഴു നിയമ ലംഘനങ്ങളും മസ്ജിദുകളിൽ വെച്ച് നടത്തുന്ന ആറു നിയമ ലംഘനങ്ങളും നിയമാവലി നിർണയിക്കുന്നു. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമുള്ള സീറ്റുകളിൽ ഇരിക്കൽ-സൗകര്യങ്ങൾ ഉപയോഗിക്കൽ, എഴുത്തുകളും ഉപകരണങ്ങളും മറ്റും വഴി പൊതുസ്ഥലങ്ങൾ വികൃതമാക്കൽ, റോഡുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയൽ, വീടുകളിലും സ്ഥാപനങ്ങളിലും ബ്രോഷറുകളും പ്രസിദ്ധീകരണങ്ങളും വിതരണം ചെയ്യൽ-ഭിത്തികളിലും വാതിലുകളിലും  പൊതുസ്ഥലങ്ങളിലും ലൈസൻസില്ലാതെ പരസ്യ പോസ്റ്ററുകൾ പതിക്കൽ, യാത്രക്കാരെയും പൊതുസ്ഥലങ്ങളിലുള്ളവരെയും ശല്യപ്പെടുത്തൽ, നിയമാനുസൃത ന്യായീകരണമില്ലാതെ പൊതുജന സേവന സൗകര്യങ്ങളും റോഡുകളും അടക്കലും കേടുവരുത്തലും, ലൈസൻസില്ലാതെ ഫോൺ നമ്പറുകളും വിലാസങ്ങളും ഇ-അക്കൗണ്ടകളും വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലും പ്രദർശിപ്പിക്കൽ, റോഡുകളിലും പൊതുസ്ഥലങ്ങളിലും വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലും ലൈസൻസില്ലാതെ ആളുകൾക്ക് പ്രയാസമുണ്ടാക്കുന്ന നിലക്ക് ശക്തി കൂടിയ ലൈറ്റുകൾ ഉപയോഗിക്കൽ, മാലിന്യങ്ങളും ഫർണിച്ചറും കേടായ കാറുകളും ഉപേക്ഷിച്ച് പൊതുസ്ഥലങ്ങൾ വികൃതമാക്കൽ, കാറുകളിൽ നിന്ന് സിഗരറ്റ് കുറ്റികളും ഭക്ഷണ അവശിഷ്ടങ്ങളും മാലിന്യങ്ങളും റോഡുകളിലേക്ക് എറിയൽ-കുപ്പത്തൊട്ടികൾക്ക് പുറത്ത് മാലിന്യങ്ങൾ ഉപേക്ഷിക്കൽ, പൊതുസ്ഥലങ്ങളിലെ മരങ്ങൾ മുറിക്കൽ-മരങ്ങൾ കത്തിക്കൽ, പ്രത്യേകം നീക്കിവെച്ചതല്ലാത്ത സ്ഥലങ്ങളിൽ ക്യാമ്പുകൾ സ്ഥാപിക്കൽ-സംഘം ചേരൽ-പരിപാടികൾ സംഘടിപ്പിക്കൽ, അടിവസ്ത്രങ്ങളും മാന്യമല്ലാത്ത വസ്ത്രങ്ങളും ധരിച്ച് പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടൽ, നിരോധിത സ്ഥലങ്ങളിൽ പുകവലിക്കൽ, ജനവാസ കേന്ദ്രങ്ങളിൽ കാലിവളർത്തൽ-കാലികളെ അലഞ്ഞുനടക്കുന്നതിന് റോഡിലേക്ക് വിടൽ, അനുയോജ്യമായ മുൻകരുതലുകൾ സ്വീകരിക്കാതെ റോഡുകളിലൂടെ കാലികളെ നീക്കം ചെയ്യൽ, പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ പ്രാഥമിക കർമങ്ങൾ നിർവഹിക്കൽ എന്നിവ ശിക്ഷ ലഭിക്കുന്ന നിയമ ലംഘനങ്ങളായി പൊതു അഭിരുചി സംരക്ഷണ നിയമാവലി നിർണയിക്കുന്നു. 
മസ്ജിദുകളിൽ യാചകവൃത്തി, സംഭാവന ശേഖരണം, പരസ്യ വിതരണം, മസ്ജിദുകളിലെ ഫർണിച്ചറും മറ്റു വസ്തുക്കളും ടോയ്‌ലറ്റുകളും മറ്റും വികൃതമാക്കൽ, ദുരുപയോഗിക്കൽ എന്നിവ മസ്ജിദുകളിൽ വെച്ച് നടത്തുന്ന നിയമ ലംഘനങ്ങളായി നിയമാവലി എണ്ണുന്നു.
 പതിനെട്ടു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ ചിത്രീകരിക്കൽ-പരസ്യത്തിനായി ചൂഷണം ചെയ്യൽ, അപകീർത്തിയുണ്ടാക്കുന്ന ഫോട്ടോകളും ക്ലിപ്പിംഗുകളും സന്ദേശങ്ങളും പ്രചരിപ്പിക്കൽ, പൊതു അഭിരുചിക്കും മൂല്യങ്ങൾക്കും നിരക്കാത്ത, അപകീർത്തിപരമായ പേരുകൾ ഉപയോഗിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് അഞ്ചു മാസം തടവും പതിനായിരം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. 
മറ്റുള്ളവർക്കു നേരെ ലജ്ജാകരമായ വാചകങ്ങളും വംശീയമായ വാചകങ്ങളും ഉപയോഗിക്കൽ, തെറിവിളിക്കൽ, പരിഹസിക്കൽ, പൊതുസ്ഥലങ്ങളിൽ വാക്കാലോ പ്രവൃത്തിയാലോ സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തൽ, മാനസികമായി പീഡിപ്പിക്കൽ, ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും കുട്ടികളെയും സ്ത്രീകളെയും അപമാനിക്കൽ-പരിഹസിക്കൽ, ഉച്ചത്തിൽ സംഗീതം വെക്കൽ അടക്കം പൊതുസ്ഥലത്ത് ശബ്ദകോലാഹലമുണ്ടാക്കുകയും ശാന്തതക്ക് ഭംഗം വരുത്തുകയും ചെയ്യുന്ന നിലക്ക് ഉപകരണങ്ങൾ ഉപയോഗിക്കൽ, റോഡുകളിലും പൊതുസ്ഥലങ്ങളിലും മുൻകൂട്ടി അനുമതി വാങ്ങാതെ ശബ്ദമുഖരിതമായ പരിപാടികൾ സംഘടിപ്പിക്കൽ, കാറുകളിലും വസ്ത്രങ്ങളിലും പൊതുസ്ഥലങ്ങളിലും സഭ്യതക്ക് നിരക്കാത്ത ഫോട്ടോകൾ പതിക്കൽ, വാചകങ്ങൾ രേഖപ്പെടുത്തൽ, സേവനങ്ങൾ നേടുന്നതിനും വരികളിലും (ക്യൂ) മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കൽ, പൊതുസ്ഥലങ്ങളിൽ ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും അവകാശങ്ങൾ ലംഘിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് മൂന്നു മാസം തടവും മൂവായിരം റിയാൽ വരെ പിഴയുമാണ് നിയമാവലിയിൽ വ്യവസ്ഥ ചെയ്യുന്നത്.
 

Latest News