റിയാദ്- കഴിഞ്ഞ വർഷം സൗദിയിൽ 8000 കോടിയോളം റിയാലിന്റെ ഓൺലൈൻ വ്യാപാരം നടന്നതായി കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം വെളിപ്പെടുത്തി. 2025 ൽ ഓൺലൈൻ വ്യാപാരം 12,500 കോടി റിയാലായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രിയുടെ ഉപദേഷ്ടാവ് ഡോ.ഗസ്സാൻ ഖലീഫ പറഞ്ഞു. തപാൽ സേവന, ലോജിസ്റ്റിക് മേഖലാ പുനഃസംഘടനയെ കുറിച്ച് സംഘടിപ്പിച്ച ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദിയിൽ ഓൺലൈൻ വ്യാപാരത്തിന് വലിയ സാധ്യതകളുള്ളതായി കമ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രി എൻജി. അബ്ദുല്ല അൽ സവാഹ പറഞ്ഞു. ലോകത്ത് ഓൺലൈൻ വ്യാപാര മേഖലയിൽ ഏറ്റവും വലിയ വളർച്ച കൈവരിക്കുന്ന പത്തു രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. സൗദിയിൽ തപാൽ സേവന മേഖലയുടെ ശേഷി 500 കോടി റിയാലാണ്. മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ ഇത് 1,000 കോടി റിയാലായി ഉയർത്തുന്നതിനാണ് ശ്രമം. തങ്ങൾക്ക് സംരക്ഷണം ലഭിക്കുന്നതിനും ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപകർ സുസ്ഥിര നിയമം ആഗ്രഹിക്കുന്നതായും എൻജി. അബ്ദുല്ല അൽ സവാഹ പറഞ്ഞു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്ത് പ്രതിവർഷ ഓൺലൈൻ വ്യാപാരം 30 ട്രില്യൺ ഡോളറിലെത്തിയതായി വാണിജ്യ, നിക്ഷേപ മന്ത്രി ഡോ.മാജിദ് അൽ ഖസബി പറഞ്ഞു. സാങ്കേതിക വിദ്യയുടെയും വേഗതയുടെയും അടിസ്ഥാനത്തിൽ ആഗോള വ്യാപാര ശൈലിയിൽ മാറ്റമുണ്ട്. ഓൺലൈൻ വ്യാപാരവുമായി സമരസപ്പെട്ടു പോകുന്നതിൽ സൗദി അറേബ്യ കാലതാമസം വരുത്തി. ഓൺലൈൻ വ്യാപാരത്തിന് രാജ്യം ഒരുക്കങ്ങൾ നടത്തിയിരുന്നില്ല. എന്നാൽ നിലവിൽ ഓൺലൈൻ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേഖലയിൽ വളർച്ചയുണ്ടാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾ ശക്തമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഭൂമിശാസ്ത്രപരമായ സ്ഥാനം അടക്കം ലോജിസ്റ്റിക് സേവന മേഖലയിൽ വലിയ വളർച്ച കൈവരിക്കുന്നതിന് സൗദി അറേബ്യയിലുള്ള അനുകൂല ഘടകങ്ങൾ ഗൾഫ് രാജ്യങ്ങളിൽ ഇല്ല. മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക, ഉപഭോക്തൃ വിപണിയാണ് സൗദി അറേബ്യ. ചെങ്കടലിനോട് ചേർന്ന് കിടക്കുന്നത് മറ്റൊരു പ്രത്യേകതയാണ്. ലോകത്ത് ആകെ നീക്കം ചെയ്യപ്പെടുന്ന കണ്ടെയ്‌നറുകളിൽ 20 ശതമാനവും ആഗോള വ്യാപാരത്തിന്റെ 12 ശതമാനവും ചെങ്കടൽ വഴിയാണ് നടക്കുന്നതെന്നും ഡോ.മാജിദ് അൽഖസബി പറഞ്ഞു.
തപാൽ സേവന, ലോജിസ്റ്റിക് മേഖലയിൽ ലോജിസ്റ്റിക് സോൺ ആയി സൗദി അറേബ്യയെ പരിവർത്തിപ്പിക്കുന്നതിന് ശ്രമങ്ങൾ നടക്കുന്നതായി ഗതാഗത മന്ത്രി ഡോ.നബീൽ അൽ ആമൂദി പറഞ്ഞു. ലോജിസ്റ്റിക് സേവന മേഖലയിൽ സൗദി അറേബ്യയുടെ നിലവാരം ഉയർത്തുന്ന കാര്യം പഠിക്കുന്നതിന് മൂന്നു വർഷം മുമ്പ് ഉന്നതതല കമ്മിറ്റി രൂപീകരിച്ചിരുന്നു. ഗതാഗത മന്ത്രാലയത്തിനു കീഴിലെ എല്ലാ വകുപ്പുകളും കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും സൗദി കസ്റ്റംസും ഈ കമ്മിറ്റിയിൽ ഉൾപ്പെടുന്നു. പശ്ചാത്തല സൗകര്യം, ഡിജിറ്റൽവൽക്കരണം, നിയമ നിർമാണം-ഗവേണൻസ് എന്നീ മൂന്നു കാര്യങ്ങൾക്കാണ് കമ്മിറ്റി ഊന്നൽ നൽകിയതെന്നും ഗതാഗത മന്ത്രി പറഞ്ഞു.